Saturday September 22nd, 2018 - 2:49:pm
topbanner

കേന്ദ്ര സർക്കാർ സ്വച്ഛ് സർവേക്ഷൻ സർവേ: സംസ്ഥാനത്ത് മലപ്പുറം ജില്ലയിലെ കോട്ടയ്ക്കൽ മൂന്നാമത്

Aswani
കേന്ദ്ര സർക്കാർ സ്വച്ഛ് സർവേക്ഷൻ സർവേ: സംസ്ഥാനത്ത് മലപ്പുറം ജില്ലയിലെ കോട്ടയ്ക്കൽ മൂന്നാമത്

മലപ്പുറം: ഏറ്റവും വൃത്തിയുള്ള നഗരങ്ങളെ തിരഞ്ഞെടുക്കുന്നതിനായി കേന്ദ്ര സർക്കാർ നടത്തിയ സ്വച്ഛ് സർവേക്ഷൻ സർവ്വേയിൽ സംസ്ഥാനത്ത് കോട്ടയ്ക്കലിന് മൂന്നാം സ്ഥാനം. സംസ്ഥാനത്തെ 85 നഗരങ്ങൾക്കിടയിൽ നിന്നാണ് കോട്ടയ്ക്കൽ ഇൗ നേട്ടം കരസ്ഥമാക്കിയത്. സംസ്ഥാനതലത്തിൽ മൂവാറ്റുപുഴയ്ക്കാണ് ഒന്നാം സ്ഥാനം. മാവേലിക്കരയ്ക്ക് രണ്ടാം സ്ഥാനവും ലഭിച്ചു.

ജനസംഖ്യയുടെ അടിസ്ഥാനത്തിൽ പ്രത്യേകം തരം തിരിച്ചായിരുന്നു സർവ്വേ. ഒരു ലക്ഷത്തിൽ താഴെ ജനസംഖ്യയുള്ള നഗരങ്ങളുടെ കൂട്ടത്തിലാണ് കോട്ടയ്ക്കൽ ഉൾപ്പെട്ടത്. കാർവി എന്ന സ്വകാര്യ ഏജൻസിയാണ് കേന്ദ്രസർക്കാറിനായി ഇൗ സർവ്വേ നടത്തിയത്. സേവന നിലവാരം, നേരിട്ടുള്ള നിരീക്ഷണം, പൊതുജനങ്ങളുടെ ഫീഡ് ബാക്ക് എന്നീ മൂന്നു ഘട്ടങ്ങളായി ആകെ 4000 സ്കോർ കണക്കാക്കിയാണ് സർവ്വേ നടത്തിയത്. ഇതിൽ 1570 സ്കോർ നേടിയാണ് കോട്ടയ്ക്കൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയത്. കേരളം, തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ്, തെലുങ്കാന സംസ്ഥാനങ്ങൾ അടങ്ങിയ സൗത്ത് സോണിൽ കോട്ടയ്ക്കലിന് 365 മത്തെ സ്ഥാനവുമുണ്ട്. 1113 നഗരങ്ങളാണ് സൗത്ത് സോണിൽ നിന്നും സർവ്വേക്കായി ഉൾപ്പെടുത്തിയിരുന്നത്.

സർവ്വേയുടെ ഭാഗമായി നഗരസഭ നടപ്പാക്കിയ മാലിന്യസംസ്കരണ പദ്ധതികുളുടെ ചിത്രങ്ങൾ ഒാൺലൈനായി അപ് ലോഡ് ചെയ്തു. തുടർന്ന് കഴിഞ്ഞ ഫെബ്രുവരിയിൽ ഉദ്യാഗസ്ഥർ പരിശോധനയ്ക്ക് എത്തി. നഗരസഭ നടപ്പാക്കിയ പദ്ധതികളുടെ വിശദാംശങ്ങൾ സർവ്വേ സംഘം ശേഖരിച്ചു. മാലിന്യസംസ്കരണ സംവിധാനം, വീടുകൾ, സ്ഥാപനങ്ങൾ, റോഡ്, മാർക്കറ്റ്, ശുചിമുറി എന്നിവയുടെ വൃത്തി, ഉറവിട മാലിന്യ സംസ്കരണം, മലിന ജലം പുറത്തേക്ക് ഒഴുകാൻ അനുവദിക്കാതിരിക്കൽ, ബോധവത്കരണ പരിപാടികൾ തുടങ്ങിയവയാണ് മാനദണ്ഡങ്ങളായി പരിഗണിച്ചത്. നഗരസഭയുടെ മാതൃകാപരമായ പ്രവർത്തനങ്ങൾ മൂലമാണ് ഇൗ നേട്ടങ്ങൾ കരസ്ഥമാക്കാൻ സാധിച്ചതെന്ന് കോട്ടയ്ക്കൽ നഗരസഭാദ്ധ്യക്ഷൻ കെ.കെ നാസർ പറഞ്ഞു. ഇതിന് പിന്നിൽ പ്രവർത്തിച്ച ഉദ്യോസ്ഥരെയും ജീവനക്കാരെയും ജനപ്രതിനിധികളെയും അദ്ദേഹം അഭിനന്ദിച്ചു.

മലപ്പുറം ജില്ലയിൽ നിന്നും കോട്ടയ്ക്കലിനെ കൂടാതെ പെരിന്തൽമണ്ണ, മലപ്പുറം, തിരൂർ, മഞ്ചേരി, നിലമ്പൂർ, കൊണ്ടോട്ടി, വളാഞ്ചേരി, താനൂർ, തിരൂരങ്ങാടി, പരപ്പനങ്ങാടി, പൊന്നാനി എന്നീ നഗരങ്ങളിലും സർവ്വേ നടത്തിയിരുന്നു. പെരിന്തൽണ്ണ, മലപ്പുറം നഗരങ്ങൾ യഥാക്രമം ജില്ലയിൽ നിന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. സംസ്ഥാനതലത്തിൽ പെരിന്തൽമണ്ണ 17ാഓ സ്ഥാനത്തും മലപ്പുറം 29ാം സ്ഥാനത്തുമാണ്. സംസ്ഥാനങ്ങളുടെ കൂട്ടത്തിൽ കേരളത്തിന് 19 ആമത്തെ സ്ഥാനമാണ് സർവ്വേയിൽ ലഭിച്ചത്.

 

English summary
Central government Swachh Survekshan Survey:Kottakkal is the third in Malappuram district in the state
topbanner

More News from this section

Subscribe by Email