തൊടുപുഴ: ലോട്ടറി ടിക്കറ്റെടുത്ത് മണിക്കൂറുകൾക്കുള്ളിൽ ചുമട്ടു തൊഴിലാളിയെ തേടി ഒരു കോടി രൂപയുടെ ഭാഗ്യമെത്തി. എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറിയുടെ ഒന്നാം സമ്മാനമായ ഒരു കോടി രൂപയാണ് ചുമട്ടുതൊഴിലാളിയായ ശാസ്താംപാറ പുത്തൻപുരയിൽ പി.ജി. സുകുവിനെ തേടിയെത്തത്.
ഇന്നലെ ഉച്ചകഴിഞ്ഞ് 2.30ന് ജ്യോതി സൂപ്പർ ബസാറിലുള്ള പി.ബി. ബിനുവിന്റെ കൈയിൽ നിന്ന് പത്തോളം ലോട്ടറികളാണ് സുകു എടുത്തത്. വീട്ടിൽച്ചെന്ന് ലോട്ടറി വച്ചതിനുശേഷം പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് സമീപം താമസിക്കുന്ന ലോട്ടറി വിൽപനക്കാരന്റയടുത്ത് ഫലം നോക്കിയത്.
തന്റെ കൈയിലെ ടിക്കറ്റിനാണോയെന്ന് സംശയം തോന്നി വീട്ടിൽ പോയി ടിക്കറ്റ് പരിശോധിച്ചു. അപ്പോഴാണ് ഒന്നാം സമ്മാനം തനിക്കാണെന്ന് അറിയുന്നത്. സുകുവെടുത്ത എസ്.ഇ 738005 നമ്പറിലുള്ള ടിക്കറ്റിനാണ് ഒരു കോടി രൂപ അടിച്ചത്. ഇതേ സീരീസിലുള്ള എസ്.എ, എസ്.ബി, എസ്.സി, എസ്.ഡി ടിക്കറ്റുകൾക്ക് പതിനായിരം രൂപ വീതം സമാശ്വാസ സമ്മാനവും ലഭിച്ചു.
എട്ടു വർഷമായി തൊടുപുഴ സി.ഐ.ടി.യുവിന്റെ ചുമട്ടുതൊഴിലാളിയാണ്. ഒന്നര സെന്റ് മാത്രമുള്ള സുകുവിന് വീട് പണി പൂർത്തീകരിക്കാനായിരുന്നില്ല. കുട്ടികളുടെ തുടർ പഠനത്തിന് പണം കണ്ടെത്താൻ സാധിക്കാതെയിരുന്നപ്പോഴാണ് ഭാഗ്യം സ്ത്രീശക്തിയുടെ രൂപത്തിൽ കൈവന്നത്. പി.ബി. ബിന്ദുവാണ് ഭാര്യ. മക്കൾ: അനഘ (പൈനാവ് എൻജിനിയറിംഗ് വിദ്യാർത്ഥിനി), അമൽ (പൂമാല സ്കൂൾ പ്ലസ്ടു വിദ്യാർത്ഥി).