Thursday July 18th, 2019 - 5:26:pm
topbanner
topbanner

തളിപ്പറമ്പ്; ലോട്ടറി തട്ടിപ്പ്; പിടിയിലായവര്‍ക്ക് കണ്ണൂരിലെ ലോട്ടറി സ്ഥാപനവുമായി ബന്ധം

NewsDesk
തളിപ്പറമ്പ്; ലോട്ടറി തട്ടിപ്പ്; പിടിയിലായവര്‍ക്ക് കണ്ണൂരിലെ ലോട്ടറി സ്ഥാപനവുമായി ബന്ധം

തളിപ്പറമ്പ്: ഒറ്റ നമ്പര്‍ ലോട്ടറി തട്ടിപ്പുമായി ബന്ധപ്പെട്ട് തളിപ്പറമ്പില്‍ ഇന്നലെ പിടിയിലായവര്‍ക്ക് ഇപ്പോള്‍ സജീവമല്ലാത്ത കണ്ണൂരിലെ പ്രമുഖ ലോട്ടറി സ്ഥാപനവുമായി ബന്ധമുള്ളതായി തെളിവുകള്‍ ലഭിച്ചു.

ഈ ഏജന്‍സിയാണ് ഒറ്റനമ്പര്‍-ഓണ്‍ലൈന്‍ സമാന്തര ലോട്ടറിയുടെ നടത്തിപ്പുകാരെന്ന് വ്യക്തമാക്കുന്ന തെളിവുകളാണ് പോലീസിന് ലഭിച്ചിരിക്കുന്നത്. സമാന്തരലോട്ടറിയിലൂടെ സര്‍ക്കാരിന് കോടികളുടെ നഷ്ടമുണ്ടാക്കുന്ന അന്തര്‍സംസ്ഥാന ലോട്ടറിമാഫിയ സംഘത്തിലെ നാലുപേരാണ് തളിപ്പറമ്പില്‍ അറസ്റ്റിലായത്.

നേരത്തെ പിടിയിലായ തറമ്മല്‍ ലക്ഷ്മണന്റെ ഫോണ്‍കോളുകള്‍ പരിശോധിച്ചപ്പോഴാണ് സമാന്തര ലോട്ടറിയുടെ വ്യാപ്തി പോലീസിന് വ്യക്തമായത്. തുടര്‍ന്ന് തളിപ്പറമ്പ് ഡിവൈഎസ്പി കെ വി വേണുഗോപാലിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് മുന്നംഗസംഘം കുടുങ്ങിയത്. കേസിലെ പ്രധാന കണ്ണികളായ മൂന്നുപേര്‍ ഒളിവിലാണ്.

തളിപ്പറമ്പ് പൂക്കോത്തുതെരുവിലെ പി.സുനില്‍ (42), പട്ടുവം മുള്ളൂലിലെ  കുന്നോല്‍ കെ.പവിത്രന്‍ (52), കടമ്പേരിയിലെ വടക്കീല്‍ വി. വേണുഗോപാലന്‍(50) എന്നിവരെയാണ് ഡിവൈഎസ്പിയുടെ ക്രൈം സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്.  

മറ്റു പ്രതികളായ കൃഷ്ണന്‍, നസീര്‍, മജ്ഞുനാഥ് എന്നിവര്‍ അറസ്റ്റില്‍നിന്ന് രക്ഷപ്പെട്ട് ഒളിവില്‍ കഴിയുന്നത്. ഡിവൈഎസ്പിക്ക് ലഭിച്ച രഹസ്യവിവരത്തെതുടര്‍ന്ന് ഒറ്റനമ്പര്‍ ലോട്ടറിതട്ടിപ്പുമായി ബന്ധപ്പെട്ട് ശനിയാഴ്ചയാണ് കൂവേരിയിലെ ലക്ഷ്മണനെ പൊലിസ് പിടികൂടിയത്.

ഇപ്പോള്‍ റിമാന്‍ഡിലുള്ള ലക്ഷ്മണന്റെ ഫോണ്‍ പരിശോധിച്ചപ്പോള്‍ ഒരേ നമ്പറുകളില്‍നിന്ന് പതിവായി നിരവധി കോളുകള്‍ വരുന്നതായി തെളിഞ്ഞു. തുടര്‍പരിശോധനയില്‍ ഇവരെല്ലാം ലോട്ടറി നടത്തിപ്പുകാരും ഇടപാടുകാരുമാണെന്ന് വ്യക്തമായി. പൊലിസുകാര്‍ ഇടപാടുകാരെന്ന വ്യജേന നടത്തിയ അന്വേഷണത്തില്‍ അവസാന മൂന്നക്കനമ്പറുകള്‍ എഴുതി നല്‍കുന്ന ലോട്ടറി തട്ടിപ്പാണിതെന്ന് കണ്ടെത്തി. തുടര്‍ന്നാണ് ശേഷിച്ച മൂന്നുപേരെയും അറസ്റ്റ് ചെയ്തത്. തളിപ്പറമ്പ് ടൗണിലെ മുഴുവന്‍ ലോട്ടറി സ്ഥാപനങ്ങളിലും ഡിവൈഎസ്പിയുടെ ക്രൈംസ്‌ക്വാഡ് ഇന്നലെ റെയ്ഡ് നടത്തിയിരുന്നു.

സംസ്ഥാനത്തെതന്നെ പ്രമുഖസ്ഥാപനമാണ് സമാന്തലോട്ടറി നടത്തിപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതെന്നാണ് പിടിയിലായവരില്‍നിന്ന് സൂചന ലഭിച്ചിട്ടുള്ളത്. 5000 രൂപയാണ് സമ്മാനം നല്‍കുന്നത്. ടിക്കറ്റിന് പകരം കേരള ലോട്ടറി ടിക്കറ്റിലെ അവസാന മൂന്ന് നമ്പര്‍ എഴുതി നല്‍കുന്ന ലോട്ടറിയൊന്നിന് പത്തുരൂപയാണ് വില.

ഇത്തരത്തില്‍ പ്രതിദിനം 5000 മുതല്‍ 10000 രൂപയ്ക്കുവരെ ലോട്ടറി വാങ്ങുന്നവരുണ്ടെന്ന് പ്രതികള്‍ വെളിപ്പെടുത്തി. വലിയ ഇടപാടുകാര്‍ക്ക് ഇഷ്ടനമ്പറുകള്‍ തെരഞ്ഞെടുക്കാന്‍ അവസരമുണ്ട്. ലോട്ടറി നടത്തിപ്പുകാര്‍ സ്വയം പ്രഖ്യാപിക്കുന്നതും സര്‍ക്കാര്‍ നറുക്കെടുത്തതുമായ ലോട്ടറിനമ്പറുകള്‍ക്കാണ് സമ്മാനം നല്‍കുന്നത്.

സമ്മാനതുക ഉടന്‍ നല്‍കുന്നതിലൂടെയാണ് ഇടപാടുകാരുടെ വിശ്വാസമാര്‍ജ്ജിച്ചത്. ഇത്തരം ഇടപാടിലൂടെ പിടിയിലായ ഏജന്റുമാര്‍ ദിവസവും കുറഞ്ഞത് 50000 രൂപ സമ്പാദിക്കുമ്പോള്‍ അതിലൂടെ സര്‍ക്കാരിന് കോടികളുടെ വരുമാന- നികുതി നഷ്ടമുണ്ടാകുന്നതായി പോലിസ് വ്യക്തമാക്കി. എല്ലാ ഇടപാടുകളും പൂക്കോത്ത് തെരുവിലെ സുനിലിന്റെ വീട്ടിലാണ് നടത്തിയിരുന്നത്.

പുറത്താണെങ്കില്‍ എളുപ്പത്തില്‍ പിടിക്കപ്പെടുമെന്നതിനാലാണ് ഇടപാടുകളെല്ലാം സുനിലിന്റെ വീട്ടിലേക്ക് മാറ്റിയത്. വര്‍ഷങ്ങളായി സമാന്തര ലോട്ടറിരംഗത്ത് പ്രവര്‍ത്തിക്കുന്ന സുനില്‍ ഇതുവഴി ലക്ഷങ്ങളുടെ ആസ്തി ഉണ്ടാക്കിയതായി പോലീസ് പറയുന്നു. ലോട്ടറി റിസള്‍ട്ട് നല്‍കുന്നതിനായി പ്രത്യേക മൊബൈല്‍ ആപ്പ് പോലും തട്ടിപ്പ്സംഘം നിര്‍മ്മിച്ചതായി തെളിഞ്ഞിട്ടുണ്ട്. ഡിവൈഎസ്പിയുടെ ക്രൈംസ്‌ക്വാഡ് അംഗങ്ങളായ കെ.വി.രമേശന്‍, സുരേഷ് കക്കറ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ വലയിലാക്കിയത്.

Read more topics: lottery, arrest, kannur, taliparamba
English summary
lottery fraud arrested in kannur taliparamba
topbanner

More News from this section

Subscribe by Email