Wednesday September 19th, 2018 - 9:09:am
topbanner
Breaking News

കൈപ്പാട് അരിക്ക് പിന്നാലെ കുറ്റിയാട്ടൂര്‍ മാമ്പഴവും ഭൗമസൂചിക പദവിയിലേക്ക്

Neethu
കൈപ്പാട് അരിക്ക് പിന്നാലെ കുറ്റിയാട്ടൂര്‍ മാമ്പഴവും ഭൗമസൂചിക പദവിയിലേക്ക്

കണ്ണൂർ: കൈപ്പാട് അരിക്ക് പിന്നാലെ കുറ്റിയാട്ടൂര്‍ മാമ്പഴവും ഭൗമസൂചിക പദവിയിലേക്ക്. കണ്ണൂര്‍ ജില്ലയില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന, പൂര്‍ണ്ണമായും ജൈവരീതിയില്‍ വിളയുന്ന പോഷകസമൃദ്ധമായ ഈ മാമ്പഴത്തിന് ഭൗമസൂചിക പദവി ലഭിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കൃഷിവകുപ്പ് രൂപം നല്‍കി. ഇതിനുവേണ്ടിയുള്ള അപെക്‌സ്‌ബോഡി രൂപീകരിച്ച് സര്‍ക്കാര്‍ ഉത്തരവായി.

കഴിഞ്ഞ ദിവസം മയ്യിലില്‍ കൃഷി വകുപ്പുമന്ത്രി വി.എസ്.സുനില്‍കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കാര്‍ഷിക സര്‍വകലാശാലയിലെ ബൗദ്ധിക സ്വത്തവകാശ സെല്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ.സി.ആര്‍.എല്‍സി, കണ്ണൂര്‍ കൃഷിവിജ്ഞാനകേന്ദ്രം മേധാവി ഡോ.പി.ജയരാജ്, ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ കെ.ഓമന, കുറ്റിയാട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എന്‍.പത്മനാഭന്‍, കുഞ്ഞിമംഗലം പഞ്ചായത്ത് പ്രസിഡന്റ് എം.കുഞ്ഞിരാമന്‍, കുറ്റിയാട്ടൂര്‍ മാങ്ങ കര്‍ഷക ഉല്‍പ്പാദന കമ്പനി അംഗങ്ങള്‍, കര്‍ഷകര്‍, കൃഷി ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഇത് സംബന്ധിച്ച് ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്തു.

കുറ്റിയാട്ടൂര്‍ മാമ്പഴത്തിന് ഭൗമസൂചിക പദവി നേടിയെടുക്കുന്നത് സംബന്ധിച്ച് 2015 മുതല്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങളേയും ഗവേഷണങ്ങളേയും ഈ മാമ്പഴം സംരക്ഷിക്കേണ്ടതിനേയും കുറിച്ച് ഡോ.സി.ആര്‍.എല്‍സി വിശദീകരിച്ചു. ജില്ലയില്‍ കുഞ്ഞിമംഗലം, കുറ്റിയാട്ടൂര്‍, മയ്യില്‍, ചെറുതാഴം, കുഞ്ഞിമംഗലം പഞ്ചായത്തുകളിലാണ് ഈ മാവുകള്‍ ഏറെയും കൃഷിചെയ്തിരിക്കുന്നത്. സമാനസ്വഭാവവും ഗുണങ്ങളുമുള്ള മാമ്പഴങ്ങളുള്ള പ്രദേശങ്ങളേക്കൂടി ഉള്‍പ്പെടുത്തിയാണ് ഭൗമസൂചികപദവി നല്‍കുക. ഇതിനായുള്ള തുടര്‍പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസ്, ജില്ലാ കൃഷി വിജ്ഞാനകേന്ദ്രം എന്നീ സ്ഥാപനങ്ങളെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

വടക്കന്‍ കേരളത്തിലെ ഏഴോം പ്രദേശത്ത് കൃഷി ചെയ്യുന്ന സവിശേഷ നെല്ലിനമായ കൈപ്പാട് അരിക്ക് ഭൗമസൂചിക പദവി ഇതിനകം ലഭിച്ചിട്ടുണ്ട്. മലബാര്‍ കൈപ്പാട് ഫാര്‍മേഴ്സ് സൊസൈറ്റിയാണ് 2011 സപ്തംബര്‍ എട്ടിന് ഇതിനുള്ള അപേക്ഷ നല്‍കിയിരുന്നത്. തെക്കന്‍ കേരളത്തിലെ പൊക്കാളി നെല്ലിനവുമായി സാമ്യമുള്ള നെല്ലാണിത്. 2014 ജനുവരിയിലാണ് കൈപ്പാട് അരിക്ക് ഭൗമസൂചിക പദവി നല്‍കിക്കൊണ്ടുള്ള പ്രഖ്യാപനം ഉണ്ടായത്. രാസവളങ്ങള്‍ ഒട്ടും ചേര്‍ക്കാതെയാണ് ഈ നെല്‍കൃഷി നടത്തുന്നത്. ഒരു പ്രദേശത്തിന്റെ സവിശേഷമായ അടയാളങ്ങള്‍ പേറുന്ന ഉത്പന്നങ്ങള്‍ക്കാണ് ഭൗമസൂചിക പദവി നല്‍കുന്നത്. പദവി ലഭിച്ചാല്‍ ഉത്പാദകരുടെ സമ്മതമില്ലാതെ ഇതേ പേരില്‍ ഈ ഉത്പന്നം മറ്റിടങ്ങളില്‍ ഉത്പാദിപ്പിക്കാനാവില്ല. കേരളത്തില്‍ ആദ്യമായി ഈ പട്ടികയില്‍ ചേര്‍ക്കപ്പെട്ടത് ആറന്മുള കണ്ണാടിയാണ്. വയനാടന്‍ ഗന്ധകശാല-ജീരകശാല നെല്ലിനങ്ങള്‍, ഗുരുവായൂരിലെ കാഴ്ച്ചക്കുലയായ ചെങ്ങാലിക്കോടന്‍ നേന്ത്രക്കായ എന്നിവ നേരത്തെ ഈ പട്ടികയില്‍ ഇടം നേടിയിരുന്നു.

 

Read more topics: kannur, kuttiyatur mango, landmark,
English summary
landmark of kuttiyatur mango
topbanner

More News from this section

Subscribe by Email