Saturday November 17th, 2018 - 7:00:am
topbanner

അതിഥികൾക്കായി രുചിമേളമൊരുക്കി ആലപ്പുഴ ശ്രീ കൾ

suvitha
അതിഥികൾക്കായി രുചിമേളമൊരുക്കി ആലപ്പുഴ ശ്രീ കൾ

ആലപ്പുഴ: കുടുംബശ്രീ സംസ്ഥാനതല വാർഷികം രണ്ടു ദിവസം പിന്നിടുമ്പോൾ ആഘോഷ പരിപാടികൾക്കൊപ്പം ശ്രദ്ധേയമാകുന്നത് ജില്ലയിലെ കുടുംബശ്രീ കൂട്ടായ്മയുടെ കൈപ്പുണ്യം. പത്തൊമ്പതാമത് വാർഷിക പരിപാടിയോടനുബന്ധിച്ച് രണ്ടു ദിവസങ്ങളിലായി സംഘടിപ്പിച്ച സി.ഡി.എസ് സംഗമത്തിലാണ് ജില്ലയിലെ കുടുംബശ്രീ വനിതകൾ രുചികരമായ ഭക്ഷണമൊരുക്കി അതിഥികളെ വരവേറ്റത്.

ജില്ലാ സംസ്ഥാന അധികൃതരും സി.ഡി.എസ് പ്രതിനിധികളും ഉൾപ്പെടുന്ന രണ്ടായിരത്തിലേറെ പേർക്ക് ജില്ലയിലെ കുടുംബശ്രീ വനിതകൾ പരാതികൾ ഉയരാതെ ഭക്ഷണം വിളമ്പി കൈയ്യടി നേടി. ജില്ലയിലെ കഫേ കുടുംബശ്രീ യൂണിറ്റിലെ പത്തോളം വനിതകളാണ് പാചകക്കാരികൾ. ഇവർക്ക് സഹായത്തിനായി പുറത്തു നിന്ന് രണ്ടുപേരുമുണ്ട്. രാവിലെ അപ്പം, ഇടിയപ്പം, പാലപ്പം മുട്ടക്കറി, വെജിറ്റബിൾ കറി, ഉച്ചയ്ക്ക് അവിയൽ, തോരൻ, പുളിശേരി, സാമ്പാർ, അച്ചാർ, ചിക്കൻ, ഫിഷ് കറി, ഫിഷ് ഫ്രൈ, ബീഫ് ഫ്രൈ എന്നിവ ഉൾപ്പെടെ വിഭവസമൃദ്ധമായ സദ്യ.

പായസവുമുണ്ട്. രാത്രിയിൽ ചപ്പാത്തി, ചിക്കൻ കറി, കഞ്ഞി, പയർ, ചമ്മന്തി, പപ്പടം, അച്ചാർ. കൂടാതെ രാവിലെയും വൈകിട്ടും ചായയും ലഘുഭക്ഷണവുമുണ്ട്. പാചകപ്പുരയിലും ഭക്ഷണശാലയിലും പൂർണമായും ഗ്രീൻ പ്രോട്ടോകോൾ പ്രകാരമാണ് പ്രവർത്തനം. സംഘക്കൃഷി ഗ്രൂപ്പുകൾ ജെവക്കൃഷി രീതിയിൽ ഉത്പാദിപ്പിച്ച കാർഷിക ഉത്പന്നങ്ങൾ സൗജന്യമായി സമാഹരിച്ചാണ് ഭക്ഷണം ഉണ്ടാക്കുന്നത്. ജില്ലയിലെ മാരാരിക്കുളത്തെ കുടുംബശ്രീ വനിതകളുടെ നേതൃത്വത്തിൽ ഊണു വിളമ്പുന്നതിനായി 9000 വാഴയില എത്തിച്ചു.

കൂടാതെ അയ്യായിരത്തിലധികം തേങ്ങ, അരി, പലവ്യഞ്ജനങ്ങൾ എന്നിവ ജില്ലയിലെ സി.ഡി.എസ് പ്രവർത്തകർ സമാഹരിച്ചു നൽകി. ഇറച്ചിയും മീനും മാത്രമാണ് പുറത്തു നിന്നും വാങ്ങുന്നത്. കലോത്സവ പരിപാടികൾ നടക്കുന്ന തിരുവമ്പാടി ഹയർസെക്കൻഡറി സ്‌കൂളിലും 24 മുതൽ ഉത്പന്ന വിപണന മേള സംഘടിപ്പിക്കുന്ന ടൗൺഹാളിലും ഭക്ഷണം എത്തിക്കുന്നതിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായി കഴിഞ്ഞു. നഗരസഭയുടെ പിന്തുണയോടെ മാലിന്യം നീക്കം ചെയ്യാനും പ്രത്യേക ടീമിനെ നിയോഗിച്ചിട്ടുണ്ട്.

വാർഷികവുമായി ബന്ധപ്പെട്ട ഫുഡ് കമ്മിറ്റിയുടെ അധ്യക്ഷനും മത്സ്യ ബോർഡ് ചെയർമാനുമായ പി.പി. ചിത്തരഞ്ജൻ, ജില്ലാ മിഷൻ അസി.കോ-ഓർഡിനേറ്റർ പി. സുനിൽ, സംസ്ഥാന മിഷൻ പ്രോഗ്രാം മാനേജർ ജിജി ആർ.എസ് എന്നിവരുടെ നേതൃത്വത്തിൽ ജില്ലയിലെ എം.ഇ.സിമാർ, കാസ് ടീം, വിവിധ പരിശീലന ടീം അംഗങ്ങൾ ഉൾപ്പെടെ നൂറ്റി നാൽപതോളം പേരാണ് ഭക്ഷണ വിതരണ കമ്മിറ്റിയുടെ പിന്നിൽ പ്രവർത്തിക്കുന്നത്.

Read more topics: alappuzha, Women, kudumbasree
English summary
Alappuzha kudumbasree womens gave a good food
topbanner

More News from this section

Subscribe by Email