Sunday June 16th, 2019 - 2:22:am
topbanner
topbanner

കെ.എസ്.ആര്‍.ടി.സി അട്ടപ്പാടിയിലേക്ക് കോയമ്പത്തൂര്‍ വഴി; ഗുരുവായൂരിലേക്ക് ഓടില്ല

NewsDesk
കെ.എസ്.ആര്‍.ടി.സി അട്ടപ്പാടിയിലേക്ക്  കോയമ്പത്തൂര്‍ വഴി; ഗുരുവായൂരിലേക്ക് ഓടില്ല

പാലക്കാട്: പ്രളയംമൂലം തടസപ്പെട്ട കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസുകള്‍ പുനരാരംഭിച്ചു തുടങ്ങി. മണ്ണാര്‍ക്കാട് ചുരം റോഡ് തകര്‍ന്നതോടെ ഒറ്റപ്പെട്ടുപോയ അട്ടപ്പാടി മേഖലയിലേക്ക് കോയമ്പത്തൂര്‍ വഴി പ്രത്യേക ബസ് സര്‍വീസ് ആരംഭിച്ചു. ജില്ലാ കലക്ടര്‍ ഡി. ബാലമുരളിയുടെ നിര്‍ദേശപ്രകാരമാണ് പാലക്കാട് നിന്നും കോയമ്പത്തൂര്‍ വഴി അട്ടപ്പാടിയിലേക്ക് സര്‍വീസ് തുടങ്ങിയത്. അതേസമയം പട്ടാമ്പി പാലത്തിലൂടെയുളള ഗതാഗതത്തില്‍ തീരുമാനമാവാത്തതിനാല്‍ ഗുരുവായൂരിലേയ്ക്ക് സര്‍വീസ് ആരംഭിച്ചിട്ടില്ലെന്നു ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ ടി.എ. ഉബൈദ് അറിയിച്ചു.

മണ്ണാര്‍ക്കാട് ചുരം വഴിയുള്ള ഗതാഗതം പുനഃസ്ഥാപിക്കാന്‍ ഇനിയും ദിവസങ്ങളെടുക്കും. ഈ സാഹചര്യത്തിലാണ് കോയമ്പത്തൂര്‍ വഴി അട്ടപ്പാടിയിലേക്ക് സര്‍വീസ് നടത്താനുള്ള തീരുമാനം. അട്ടപ്പാടി മേഖലയിലെ ആനക്കട്ടി, അഗളി വഴി മുക്കാലി വരെ ബസുകള്‍ ഓടുന്നുണ്ട്. ദിവസവും മൂന്ന് ബസുകളാണ് ആനക്കട്ടി ഭാഗത്തേയ്ക്ക് ഓടുന്നത്. പ്രദേശത്തേയ്ക്ക് ഇന്ന് രണ്ടു ബസുകള്‍ കൂടി സര്‍വീസ് നടത്തുമെന്നും ഡി.ടി.ഒ പറഞ്ഞു.

കുതിരാനിലെ തടസം പൂര്‍ണമായും മാറാത്ത സാഹചര്യത്തില്‍ കുളപ്പുളളി-ഷൊര്‍ണൂര്‍ വഴിയാണ് തൃശൂരിലേയ്ക്ക് ബസ് ഓടുന്നത്. മലപ്പുറം ജില്ലകളിലേക്ക് കെ.എസ്.ആര്‍.ടി.സി തടസമില്ലാതെ സര്‍വീസ് നടത്തുന്നുണ്ട്. മധുര, തിരുനെല്‍വേലി, നാഗര്‍കോവില്‍ വഴി തിരുവനന്തപുരത്തേയ്ക്ക് നാല് ബസുകള്‍ സര്‍വീസ് ആരംഭിച്ചു. പ്രധാന പാലമായ കുണ്ടറ ചോല ഉരുള്‍പൊട്ടല്‍മൂലം തകര്‍ന്നതിനാല്‍ നെല്ലിയാമ്പതി മേഖലയിലേക്ക് സര്‍വീസ് ആരംഭിച്ചിട്ടില്ല.

പാലക്കാട് നിന്നും മണ്ണാര്‍ക്കാട് വഴി ആനമൂളി വരെയും ബസുകള്‍ തടസമില്ലാതെ ഓടുന്നുണ്ട്. കോയമ്പത്തൂര്‍, പൊളളാച്ചി, കോഴിക്കോട്, പട്ടാമ്പി ഭാഗങ്ങളിലേയ്ക്കും ബസുകളുണ്ട്. ജില്ലയിലെ മറ്റു പ്രദേശങ്ങളിലേയ്ക്കും ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്.

Read more topics: flood, kerala, ksrtc,
English summary
ksrtc bus attapady service started
topbanner

More News from this section

Subscribe by Email