Sunday July 21st, 2019 - 1:55:am
topbanner
topbanner

ജൈവകൃഷിയില്‍ കേരളം രാജ്യത്തിനു മാതൃക: മന്ത്രി കെ. പി. മോഹനന്‍

NewsDesk
ജൈവകൃഷിയില്‍ കേരളം രാജ്യത്തിനു മാതൃക: മന്ത്രി കെ. പി. മോഹനന്‍

അങ്കമാലി: അനിയന്ത്രിതമായ രാസകൃഷിയുടെ ഫലമായി സൃഷ്ടിക്കപ്പെട്ട സാമൂഹികവും പാരിസ്ഥിതികവും ആരോഗ്യപരവുമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് കേരളം ജൈവകൃഷിയില്‍ രാജ്യത്തിനു മാതൃകയായി മാറിക്കൊണ്ടിരിക്കുകയാണെന്ന് കൃഷി മന്ത്രി കെ. പി. മോഹനന്‍. അങ്കമാലി അഡ്‌ലക്‌സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ദേശീയ ജൈവകാര്‍ഷിക ഉച്ചകോടി ഉദ്ഘാടനം ചെയ്യുകയായിരുന്നു കൃഷി മന്ത്രി.
 
കേരളത്തോടൊപ്പം ഇതര സംസ്ഥാനങ്ങള്‍ കൂടി സമ്പൂര്‍ണ്ണ ജൈവ കാര്‍ഷിക സംസ്ഥാനമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ വിവിധ പദ്ധതികള്‍ ആവിഷ്‌ക്കരിച്ചു വരികയാണ്. കഴിഞ്ഞ മൂന്നര വര്‍ഷത്തിനിടെ ജൈവ കൃഷിയില്‍ വന്‍ മുന്നേറ്റമാണ് കേരളം നടത്തിയിരിക്കുന്നത്. ഈ മാതൃക മറ്റു സംസ്ഥാനങ്ങള്‍ക്കു കൂടി പ്രചോദനമാകുന്ന തരത്തില്‍ അവതരിപ്പിക്കുന്നതിനാണ് ഈ ഉച്ചകോടി സംഘടിപ്പിച്ചിട്ടുള്ളത്. കേരളത്തിലെ സ്ഥലപരിമിതി മൂലം ചുരുങ്ങിയ സ്ഥലത്ത് ഉയര്‍ന്ന ഉത്പാദനം എന്ന ലക്ഷ്യത്തോടെയായിരിക്കണം പ്രവര്‍ത്തനം. കാര്‍ഷിക മേഖലയില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ ഭിന്നതയുണ്ടാകരുതെന്നും മന്ത്രി അഭിപ്രായപ്പെട്ടു. 
 
കാലാവസ്ഥ വ്യതിയാനത്തെ സംബന്ധിച്ച് പാരീസില്‍  നടന്ന ആഗോള കണ്‍വെന്‍ഷനില്‍ ജൈവ കാര്‍ഷികരംഗത്തെ കേരളത്തിന്റെ കാര്‍ഷിക മാതൃക പരാമര്‍ശിക്കപ്പെട്ടതായി പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകയായ ഡോ. വന്ദന ശിവ അറിയിച്ചതായും അതില്‍ അഭിമാനം കൊള്ളുന്നതായും കൃഷി മന്ത്രി പറഞ്ഞു. സമുദ്രനിരപ്പിനു താഴെ  നടത്തുന്ന കൃഷിയെപ്പറ്റി ഗവേഷണം നടത്തുന്നതിന് ഫണ്ട് ലഭിക്കുമെന്നതും കേരളത്തിന്റെ ജൈവ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്ക് മുതല്‍ക്കൂട്ടായിരിക്കുമെന്നും മന്ത്രി പറഞ്ഞു. കാസര്‍ഗോഡ് ജില്ലയെ സംസ്ഥാനത്തെ പ്രഥമ ജൈവകാര്‍ഷിക ജില്ലയായി പ്രഖ്യാപിച്ചതിനു പുറമേ മറ്റു 13 ജില്ലകളിലും ഇതിനുള്ള നടപടികള്‍ അവസാന ഘട്ടത്തിലാണ്.  ഇതിന്റെ ഭാഗമായി കേരളത്തിലെ പൊതു സമൂഹത്തെ സംഘടിപ്പിച്ചുകൊണ്ട് ജൈവ ഗ്രാമസഭകള്‍ കൂടുകയും ജൈവകാര്‍ഷിക മണ്ഡലം പ്രാവര്‍ത്തികമാക്കുകയും ചെയ്തു.
 
സംസ്ഥാനത്തെ ജനങ്ങള്‍ക്ക് സുരക്ഷിതമായ ഭക്ഷണം ഉറപ്പു വരുത്തുന്നതിനായി സര്‍ട്ടിഫിക്കേഷനോടു കൂടിയ സേഫ് ടു ഈറ്റ് കാര്‍ഷിക സാങ്കേതികവിദ്യകള്‍ വ്യാപിപ്പിച്ചു വരികയാണ്. പച്ചക്കറിക്കൃഷി രംഗത്ത് സ്വയംപര്യാപ്തത ഉറപ്പു വരുത്തുന്നതിനായി മുഴുവന്‍ കര്‍ഷകര്‍, വനിതകള്‍ വിദ്യാര്‍ത്ഥികള്‍, സ്വാശ്രയ സംഘങ്ങള്‍, സര്‍ക്കാര്‍ ഇതര സ്ഥാപനങ്ങള്‍ എന്നിവ മുഖേന നടപ്പിലാക്കിയ സമഗ്ര പദ്ധതി വിജയം കണ്ടെന്നും സംസ്ഥാനത്ത് ആവശ്യമായ പച്ചക്കറിയുടെ ഏകദേശം 75% ജൈവരീതിയില്‍  തദ്ദേശീയമായി  ഉത്പാദിപ്പിക്കുവാന്‍ കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 
 
കേന്ദ്ര സര്‍ക്കാരിന്റെ പരമ്പരാഗത കൃഷി വികാസ് യോജനയും കാര്‍ഷികോത്പന്ന കയറ്റുമതി വികസന അതോറിറ്റിയുടെ സേവനങ്ങളും സംയോജിപ്പിച്ചു കൊണ്ട് കൃത്യമായ സമയപരിധിക്കുള്ളില്‍ സംസ്ഥാനപദ്ധതി ലക്ഷ്യ പ്രാപ്തിയിലെത്തിക്കുമെന്നും മന്ത്രി പറഞ്ഞു.
 
ജോസ് തെറ്റയില്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു.  കാര്‍ഷിക ഉത്പാദന കമ്മീഷണര്‍ സുബ്രതാ ബിശ്വാസ് മുഖ്യപ്രഭാഷണം നടത്തി. അന്‍വര്‍ സാദത്ത് എം.എല്‍.എ., ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.ടി. പോള്‍, മുന്‍ എം.എല്‍.എ. കെ. കൃഷ്ണന്‍കുട്ടി, നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അഗ്രിക്കള്‍ച്ചര്‍ എക്സ്റ്റന്‍ഷന്‍ മാനേജ്‌മെന്റ് ഡയറക്ടര്‍ ജനറല്‍ ഉഷാറണി, മുന്‍ കൃഷി ഡയറക്ടര്‍ ആര്‍. ഹേലി, മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ. എസ്. ചന്ദ്രന്‍കുട്ടി, സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ ഡയറക്ടര്‍ ഡോ. കെ. പ്രതാപന്‍, കൃഷി അഡീഷണല്‍ ഡയറക്ടര്‍ അശോക് കുമാര്‍ തെക്കന്‍, കര്‍ഷക മോര്‍ച്ച പ്രസിഡന്റ് കെ. എസ്. രാജന്‍, കിസാന്‍ ജനത സെക്രട്ടറി അജയന്‍ നെല്ലിയില്‍, വിവിധ സംസ്ഥാനങ്ങളിലെ സമേതി ഡയറക്ടര്‍മാര്‍, പൊതുമേഖലാ സ്ഥാപന മേധാവികള്‍ ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ തുടങ്ങിയവര്‍  പങ്കെടുത്തു.കൃഷി സെക്രട്ടറി കെ. എസ്. അനില്‍കുമാര്‍ സ്വാഗതവും കൃഷി അഡീഷണല്‍ ഡയറക്ടര്‍ എ.എം. സുനില്‍കുമാര്‍ നന്ദിയും പറഞ്ഞു.

Read more topics: kp mohanan,organic, farming,kerala
English summary
Minister KP Mohanan about organic farming Kerala,India
topbanner

More News from this section

Subscribe by Email