Monday July 22nd, 2019 - 4:10:pm
topbanner
topbanner

പരിസ്ഥിതി സംരക്ഷണത്തിന്റെ പ്ലാസ്റ്റിക് ദുരുപയോഗത്തിന്റെ അതിലുമുപരി അതിജീവനത്തിന്റെ മൊഞ്ചുള്ള പാഠങ്ങള്‍ കുട്ടികളിലേക്ക് പകരാന്‍ വാകയാട് എല്‍പി സ്‌കൂളിന് ഉമ്മുവിന്റെ കാലുകൾ കൊണ്ടുണ്ടാക്കിയ സമ്മാനം.....

Aswani
പരിസ്ഥിതി സംരക്ഷണത്തിന്റെ പ്ലാസ്റ്റിക് ദുരുപയോഗത്തിന്റെ അതിലുമുപരി അതിജീവനത്തിന്റെ മൊഞ്ചുള്ള പാഠങ്ങള്‍ കുട്ടികളിലേക്ക് പകരാന്‍ വാകയാട് എല്‍പി സ്‌കൂളിന് ഉമ്മുവിന്റെ കാലുകൾ കൊണ്ടുണ്ടാക്കിയ സമ്മാനം.....

കോഴിക്കോട്:   പുതിയ അധ്യയനവര്‍ഷത്തില്‍ വാകയാട് ഗവ.എല്‍.പി. സ്‌കൂളിലേക്ക് പാലക്കാട് വടക്കാഞ്ചേരിയില്‍ നിന്ന് ഒരു സമ്മാനമെത്തി. ഉമ്മു എന്ന ഉമ്മു കുല്‍സു കാലുകള്‍ കൊണ്ട് കടലാസില്‍ മെനഞ്ഞ 70 വിത്തുപേനകള്‍. ഉപയോഗം കഴിഞ്ഞുവലിച്ചെറിഞ്ഞാലും മണ്ണില്‍ മുളപൊട്ടിയേക്കാവുന്ന വിത്തുകള്‍ നിറച്ച പേന. പരിസ്ഥിതി സംരക്ഷണത്തിന്റെ, പ്ലാസ്റ്റിക് ദുരുപയോഗത്തിന്റെ, അതിലുമുപരി അതിജീവനത്തിന്റെ മൊഞ്ചുള്ള പാഠങ്ങള്‍ കുട്ടികളിലേക്ക് പകരാന്‍ അങ്ങനെ ഉമ്മുവിന്റെ കടലാസുപേനകള്‍ക്ക് കഴിഞ്ഞു. അതു കൊണ്ടു തന്നെ ഈ അധ്യയന വര്‍ഷത്തെ ആദ്യദിനം നല്‍കിയ നല്ലപാഠങ്ങള്‍ കുരുന്നുമനസ്സുകളില്‍ നിന്ന് അത്ര വേഗമായില്ല.

പ്രവേശനോത്സവത്തിന് എന്തെങ്കിലും വ്യത്യസ്തമായി ചെയ്യണമെന്ന സ്‌കൂളിലെ അധ്യാപകരുടെ ചിന്തയാണ് വിത്തുപേനകള്‍ കുട്ടികളിലേക്ക് എത്താന്‍ കാരണമായത്. സ്‌കൂളിലെ മുന്‍ പ്രധാനാധ്യാപകന്‍ പി.നാരായണന്‍ മാഷ് ഡ്രീം ഓഫ് അസ് എന്ന യുവകൂട്ടായ്മയുമായി ബന്ധപ്പെട്ടപ്പോള്‍ ഉമ്മുവിനെ കുറിച്ചും വിത്തുപേനകളെക്കുറിച്ചും അറിയുകയായിരുന്നു. അങ്ങനെ വര്‍ണബലൂണുകള്‍ക്കും മധുരപലഹാരങ്ങള്‍ക്കും ഒപ്പം കുട്ടികള്‍ക്ക് നല്ല നാളേയ്ക്കുള്ള കരുതലും പഠിപ്പിക്കാന്‍ പ്രവേശനോത്സവം കാരണമായി. പേന കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഒരുപോലെ ഇഷ്ടപ്പെട്ടതായി പ്രധാനാധ്യാപിക കെ.വല്ലീദേവി പറയുന്നു. കടലാസു പേന ആയതുകൊണ്ടുള്ള എന്തെങ്കിലും അസൗകര്യം അനുഭവപ്പെട്ടിട്ടില്ല. കടലാസ് പേനയുടെ ഉപയോഗം മറ്റു സ്‌കൂളിലേക്കു കൂടി വ്യാപിപ്പിക്കണമെന്നാണ് ടീച്ചറുടെ അഭിപ്രായം.

പാലക്കാട് പുതുക്കോട് സ്വദേശിയായ അപ്പക്കാട് പരേതനായ മുഹമ്മദ് ഹനീഫയുടെയും ഉമൈബയുടെയും ഇളയമകളായ ഉമ്മു (31) വിന് ജന്മനാ ഇരുകൈകളുമില്ല. കാലുകള്‍ക്കാകട്ടെ വ്യത്യസ്ത നീളവുമാണ്. നടത്തം പ്രയാസമായപ്പോള്‍ രണ്ടാംക്ലാസില്‍ പഠനം നിർത്തേണ്ടി വന്ന ഉമ്മു ഇന്ന് നൂറിലേറെ ചിത്രങ്ങള്‍ക്ക് നിറം പകര്‍ന്നു കഴിഞ്ഞു. കരകൗശലനിര്‍മാണത്തിലും വിദഗ്ധയായ ഇവര്‍ ആയിരത്തിലേറെ കടലാസു പേനകള്‍ ഇതിനകം നിര്‍മിച്ചിട്ടുണ്ട്. മൂത്ത സഹോദരിയുടെ കല്യാണത്തലേന്ന് മൈലാഞ്ചിയിടാന്‍ വന്ന സുഹ്‌റയെന്ന കെ.പി.തസ്ലീനയെ പരിചയപ്പെട്ടതോടെയാണ് വിത്തു പേന നിര്‍മാണവും ഇന്റര്‍നെറ്റിന്റെ അനന്തസാധ്യതകളും ഉമ്മുവിനു മുന്‍പില്‍ തുറന്നു കിട്ടിയത്. ഗ്രീന്‍പാലിയേറ്റീവ് അംഗവും എന്‍ജിനീയറിങ് വിദ്യാര്‍ഥിനിയുമായ സുഹ്‌റയാണ് ഇപ്പോള്‍ ഉമ്മുവിന്റെ ചിത്രങ്ങള്‍ക്കും ഉല്‍പന്നങ്ങള്‍ക്കും വിപണി കണ്ടെത്തുന്നത്..ഇപ്പോള്‍ ഉമ്മുവിനെ കുറിച്ചുള്ള അന്വേഷണങ്ങള്‍ക്കെല്ലാം മറുപടി പറയുന്നതും ഈ കൂട്ടുകാരി തന്നെ.

ഒരു പേന നിര്‍മിക്കാന്‍ ഉമ്മുവിന് പത്തുമിനിറ്റ് മതി. വിവിധ നിറങ്ങളിലുള്ള എ ഫോര്‍ ഷീറ്റ് ആണ് ഇതിന് ഉപയോഗിക്കുന്നത്.10 രൂപ നിരക്കിലാണ് പേന വില്‍ക്കുന്നത്. എ ഫോര്‍ ഷീറ്റില്‍ വേഗത്തില്‍ അഴുക്കുപറ്റുമെന്നതാണ് ന്യൂനതയെന്നും മാഗസിനുകള്‍ക്കൊക്കെ ഉപയോഗിക്കുന്ന ഗ്ലേസിങ് പേപ്പറുകള്‍ ലഭിച്ചാല്‍ കൂടുതല്‍ നന്നാവുമായിരുന്നുവെന്നും സുഹ്‌റ പറഞ്ഞു. അഞ്ചുരൂപയ്ക്കു പോലും ബോള്‍ പേന ലഭിക്കുന്ന സാഹചര്യത്തില്‍ പത്തുരൂപ കൊടുത്തു കടലാസുപേന ആളുകള്‍ വാങ്ങുമോ എന്ന ആശങ്കയും ഇവര്‍ പങ്കുവയ്ക്കുന്നു.

എങ്കിലും പേനയ്ക്കു ഇപ്പോള്‍ ആവശ്യക്കാര്‍ ഏറെയാണ്. ഇത്രയും പേനകള്‍ ഉണ്‍ണ്ടാക്കാന്‍ ഒറ്റയ്ക്ക് കഴിയില്ല എന്നതാണ് വെല്ലുവിളി. സുമനസുകളുടെ സഹായത്താല്‍ പണിപൂര്‍ത്തിയായിക്കൊണ്‍ണ്ടിരിക്കുന്ന വീട്ടില്‍ ഭിന്നശേഷിക്കാര്‍ക്കും വിധവകള്‍ക്കും ഒരു ട്രെയിനിങ് സെന്റര്‍ തുടങ്ങുക എന്നതാണ് ഉമ്മുവിന്റെ അടുത്തലക്ഷ്യം. ഒരു പ്രമുഖ ചാനലിലേക്കുളള പരിപാടിയില്‍ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു എന്നതാണ് ഉമ്മുവിന്റെ പുതിയ വിശേഷം.

English summary
ummu gave a gift to vakayad l p school students with her leg
topbanner

More News from this section

Subscribe by Email