Tuesday January 22nd, 2019 - 3:50:am
topbanner

ജനാധിപത്യത്തിനും പൗരാവകാശങ്ങൾക്കും മുകളിലല്ല വികസനം; പ്രതിഷേധ സംഗമം

Aswani
ജനാധിപത്യത്തിനും പൗരാവകാശങ്ങൾക്കും മുകളിലല്ല വികസനം; പ്രതിഷേധ സംഗമം

കോഴിക്കോട്: തമിഴ്നാട്ടിലെ തൂത്തുക്കുടിയിൽ വേദാന്തയുടെ കോപ്പർ അയിരുരുക്ക് കമ്പനിക്കെതിരിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നാട്ടുകാർ നടത്തി വരുന്ന പ്രതിഷേധങ്ങളെ വെടിയുണ്ടകൾ കൊണ്ട് നേരിടുന്ന സർക്കാർ നടപടിയിൽ പ്രതിഷേധിച്ചും രക്തസാക്ഷികളോടും സമര പ്രവർത്തകരോടുംഐക്യദാർഢ്യ പെട്ടുകൊണ്ടും, ജനാധിപത്യത്തിനും പൗരാവകാശങ്ങൾക്കും മുകളിലല്ല വികസനം എന്ന തലക്കെട്ടിൽ ഫ്രറ്റെണിറ്റി മൂവ്മെന്റ് കോഴിക്കോട് ജില്ലാ കമ്മറ്റി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. ഫ്രറ്റെണിറ്റി മൂവ്മെൻറ് സംസ്ഥാന വൈസ് പ്രസിഡന്റ് ഷംസീർ ഇബ്രാഹീം പരിപാടി ഉദ്ഘാടനം ചെയ്തു.

വൈദേശിക സാമ്രാജ്യത്വ ശക്തികളിൽ നിന്ന് മോചിതമായതിന് ശേഷം ജനാധിപത്യ രാഷ്ട്രമായി അവകാശപ്പെടാൻ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായിട്ടും രാജ്യത്തെ ജനസമൂഹം നിരന്തരം ജനാധിപത്യ അവകാശങ്ങൾക്ക് വേണ്ടി സമരം ചെയ്യേണ്ടി വരുന്നത് വലിയ വിരോധാഭാസമാണ്. രാജ്യത്താകമാനം ദലിത്, ആദിവാസി, മുസ്‌ലിം ജനവിഭാഗങ്ങളും പ്രാദേശിക ജനസമൂഹങ്ങളും കർഷകരും മത്സ്യത്തൊഴിലാളികളും വികസനപദ്ധതികളുടെ ഇരകളും ദരിദ്രരും അടങ്ങുന്ന വലിയൊരു ജനസമൂഹം ഭരണകൂടത്തിന്റെ അനീതികൾക്കും വിവേചനങ്ങൾക്കും ജീവിക്കാനുള്ള സ്വാതന്ത്ര്യ നിഷേധത്തിനുമെതിരിൽ മറ്റൊരു സ്വാതന്ത്ര്യ സമര മുഖത്താണുള്ളതെന്ന് അദ്ദേഹം പറഞ്ഞു.

വേദാന്തയ്ക്ക് വേണ്ടി ഭരണകൂടം അവിടെ നിഷ്കാസനം ചെയ്തത് പൗരസമൂഹത്തെയാണ്. സ്വാതന്ത്ര്യവും ജനാധിപത്യ അവകാശങ്ങളും ഭരണകൂടം തീരുമാനിക്കും എന്നാണ് തൂത്തുക്കുടി വെടിവെപ്പിലൂടെ ഭരണകൂടം വിളിച്ചു പറയുന്നത്. സ്വാതന്ത്ര്യം എന്നാൽ ഭരണകൂടത്തിന്റെയും കോർപ്പറേറ്റുകളുടെയും സ്വാതന്ത്ര്യമല്ലെന്നു മനസ്സിലാക്കണം. പുതുവൈപ്പിനിലും ഗെയിൽ പദ്ധതിയിലും തൂത്തുക്കുടിയിലും പ്ലാച്ചിമടയിലും നന്ദിഗ്രാമിലും ഭരണകൂടത്തിന്റെയും കോർപ്പറേറ്റ് കമ്പനികളുടെയും സ്വാതന്ത്ര്യം ബലപ്രയോഗത്തിലൂടെ നടപ്പിലാക്കാനാണ് ശ്രമിച്ചിട്ടുള്ളത്. ഒരു സമരത്തിനു നേരെ നടത്തിയ വെടിവെപ്പ് എന്നതിനേക്കാൾ ജനകീയ ജനാധിപത്യ ശബ്ദങ്ങളെയും പ്രതിരോധങ്ങളെയും ഭയപ്പെടുത്തിയും ഉന്മൂലനം ചെയ്തും ഇല്ലാതാക്കാനുള്ള ഭരണകൂട കോർപ്പറേറ്റ് അജണ്ടകളാണ് ആവർത്തിക്കപ്പെടുന്ന ഇത്തരം സംഭവങ്ങളിലൂടെ നടന്നു കൊണ്ടിരിക്കുന്നത് എന്ന് നാം തിരിച്ചറിയേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോർപ്പറേറ്റുകൾക്ക് വേണ്ടി പൗരന്മാരെ കൂട്ടക്കൊല ചെയ്ത സംഭവത്തെ നഷ്ടപരിഹാരക്കണക്കുകൾ കൊണ്ട് മറച്ചു വെക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. സ്വതന്ത്ര അന്വേഷണം നടത്തി കൂട്ടക്കൊലയ്ക്ക് നേതൃത്വം നൽകിയ മുഴുവൻ പോലീസ് ഉദ്യോഗസ്ഥർക്കെതിരിലും നിയമനടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറാകണമെന്ന് വെൽഫെയർ പാർട്ടി ജില്ലാ വൈസ് പ്രസിഡന്റ് എ പി വേലായുധൻ ആവശ്യപ്പെട്ടു. വികസനത്തിനും കോർപ്പറേറ്റ് പ്രീണനത്തിനും വേണ്ടി 13 പേരെയാണ് ഭരണകൂടം കൊലപ്പെടുത്തിയിരിക്കുന്നത്.

വാഹനങ്ങൾക്ക് മുകളിൽ കയറി നിന്ന് ഭരണകൂടം നിറയുതിർത്തത് ജനാധിപത്യപരമായി പ്രതിഷേധിച്ച ജനങ്ങൾക്ക് നേരെയാണ്. പൗരാവകാശങ്ങൾക്കും ജനാധിപത്യത്തിനും മുകളിൽ തോക്കുമേന്തി നിൽക്കുവാനുള്ള ശ്രമങ്ങളെ എന്ത് വില കൊടുത്തും ചെറുത്തു തോല്പിക്കേണ്ടതുണ്ടെന്ന് പരിപാടിയിൽ അധ്യക്ഷത വഹിച്ച ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ പ്രസിഡന്റ് നഈം ഗഫൂർ ആവശ്യപ്പെട്ടു. ഗെയിൽ സമര പോരാളി ശാമിൽ കൊടിയത്തൂർ സംസാരിച്ചു. ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ ജനറൽ സെക്രട്ടറി സജീർ ടി സി സ്വാഗതവും, ജോയിൻറ് സെക്രട്ടറി മുസ് ലിഹ് പെരിങ്ങൊളം നന്ദിയും പറഞ്ഞു.

 

English summary
Development not above democracy and civil rights; Protest meet
topbanner

More News from this section

Subscribe by Email