Wednesday November 21st, 2018 - 7:22:am
topbanner

കോഴിക്കോട്, വയനാട് ജില്ലകളുടെ വാർഷിക പദ്ധതി പുരോഗതി മന്ത്രി കെ.ടി ജലീൽ അവലോകനം ചെയ്തു

Aswani
കോഴിക്കോട്, വയനാട് ജില്ലകളുടെ വാർഷിക പദ്ധതി പുരോഗതി മന്ത്രി കെ.ടി ജലീൽ അവലോകനം ചെയ്തു

കോഴിക്കോട്: വയനാട്, കോഴിക്കോട് ജില്ലകളുടെ 2018-19 വാർഷിക പദ്ധതി പ്രവർത്തന പുരോഗതി തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി ജലീൽ അവലോകനം ചെയ്തു. കോഴിക്കോട് ജില്ലാ ആസൂത്രണ സമിതി സെക്രട്ടറിയേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി അധ്യക്ഷത വഹിച്ചു. നടപ്പ് സാമ്പത്തിക വർഷം പദ്ധതി പ്രവർത്തനങ്ങളിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മികച്ച രീതിയിൽ മുന്നോട്ട് പോകുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. 12 മാസം പദ്ധതി പ്രവർത്തനം നടത്താൻ സാഹചര്യം ലഭിക്കുന്നുവെന്നതാണ് ഇൗ വർഷത്തെ പ്രത്യേകത. ഭവന രഹിതർ

ക്കായി സർക്കാർ നടപ്പാക്കുന്ന ലൈഫ് മിഷന്റെ ഭാഗമായുളള വീടുകളുടെ നിർമ്മാണം പൂർത്തീകരിക്കാൻ പ്രധാന പരിഗണന നൽകണം. രാഷ്ട്രീയ ജാതി മത പരിഗണനകൾ കൂടാതെ അർഹമായ, സ്വന്തമായി സ്ഥലമുളള, മുഴുവൻ ഭവനരഹിതർക്ക് ഇൗ വർഷം വീട് നൽകണം. അനർഹരെ ഒഴിവാക്കണം. വീടുകളുടെ എണ്ണത്തിൽ മാറ്റം വരുത്തരുതെന്ന് മന്ത്രി നിർദ്ദേശിച്ചു. വാർഷിക പദ്ധതിയുടെ ആദ്യ ഗഡു എല്ലാ സ്ഥാപനങ്ങൾക്കും കൈമാറിയിട്ടുണ്ട്. ചെലവഴിക്കുന്നതിൽ കൃത്യത വേണം.

നിർവ്വഹണ ഉദ്യോഗസ്ഥർ പാർട്ട് ബിൽ എഴുതണമെന്നും പദ്ധതി പൂർണമായും പൂർത്തീകരിച്ച് ബിൽ സമർപ്പിക്കുന്ന രീതിമാറ്റണമെന്നും മന്ത്രി നിർദ്ദേശിച്ചു. മികച്ച പ്രവർത്തനം നടത്തുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളേയും ഉദ്യോഗസ്ഥരേയും സർക്കാർ ആദരിക്കും. മോശം പ്രകടനം നടത്തിയ തദ്ദേശ സ്ഥാപനങ്ങളുടേയും ഉദ്യോഗസ്ഥരുടേയും വിവരങ്ങളും അവതരിപ്പിക്കും.

ഇനി മുതൽ സ്പിൽ ഒാവർ പ്രവർത്തികളുണ്ടാകാൻ പാടില്ല. ധനകാര്യമന്ത്രിയും ഇൗ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. പൂർത്തിയാകാത്തവ ഒാരോ വർഷവും പുതിയ പദ്ധതികളായി സമർപ്പിക്കണം. ഇൗ വർഷത്തെ വാർഷിക പദ്ധതി മാർഗരേഖയിൽ ഭിന്നശേഷിയുളളവരുടെ കലോത്സവം, ഗെയിംസ് ഫെസ്റ്റിവൽ, സംരംഭകത്വ ക്ലബുകൾ എന്നിവയ്ക്കായി തുക വകയിരുത്തണമെന്ന് നിർദ്ദേശിച്ചിരുന്നു. എന്നാൽ ചില തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ തുക വകയിരുത്തിയിട്ടില്ല. ഭേദഗതി പദ്ധതികളിൽ ഇൗ ഇനങ്ങൾക്ക് ആവശ്യമായ തുക നിർബന്ധമായും മാറ്റിവെക്കണമെന്ന് മന്ത്രി പറഞ്ഞു.

ഗ്രാമപഞ്ചായത്തുകൾ, ബ്ലോക്ക്, ജില്ലാപഞ്ചായത്തുകളുമായി ചേർന്ന് നടപ്പാക്കുന്ന സംയുക്ത പ്രൊജക്ടുകളുടെ ഗുണഭോക്തൃ പട്ടിക ഉടൻ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങൾക്ക് കൈമാറണമെന്നും പദ്ധതി ചെലവ് ഗണ്യമായി വർധിപ്പിക്കാൻ സഹായമാകുമെന്നും മന്ത്രി പറഞ്ഞു. കെ.എസ്.ഇ.ബി, കേരള ജല അതോറിറ്റി, ഭൂജല അതോറിറ്റി, തുടങ്ങിയവയ്ക്ക് നൽകിയിരിക്കുന്ന ഡെപോസിറ്റ് പ്രവർത്തികൾ സമയബന്ധിതമായി പൂർത്തീകരിക്കാൻ ജില്ലാ കലക്ടർമാർ ബന്ധപ്പെട്ട ജില്ലാതല ഉദ്യോഗസ്ഥരുമായി ചർച്ച നടത്തണമെന്നും മന്ത്രി നിർദ്ദേശിച്ചു.

യോഗത്തിൽ ജില്ലാ കലക്ടർ യു.വി ജോസ്, കോഴിക്കോട് കോർപ്പറേഷൻ മേയർ തോട്ടത്തിൽ രവീന്ദ്രൻ, ജില്ലാ പ്ലാനിംഗ് ഒാഫീസർ എ.എ. ഷീല തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രസിഡണ്ടുമാർ, സെക്രട്ടറിമാർ, നിർവ്വഹണ ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.

Read more topics: kozhikode, minister, k t jaleel
English summary
Minister KT Jaleel reviewed the annual plan development of Kozhikode and Wayanad districts
topbanner

More News from this section

Subscribe by Email