Tuesday June 25th, 2019 - 3:46:am
topbanner
topbanner

'അതിജീവനത്തിനൊരു കൈത്താങ്ങ്' : കോഴിക്കോട് മലയോര മഹോത്സവത്തിന് ഇന്ന് തിരിതെളിയും

princy
'അതിജീവനത്തിനൊരു കൈത്താങ്ങ്' : കോഴിക്കോട് മലയോര മഹോത്സവത്തിന് ഇന്ന് തിരിതെളിയും

കോഴിക്കോട്:അതിജീവനത്തിനായി പൊരുതുന്ന മലയോര മേഖലക്ക് കരുത്ത് പകരാന്‍ കാര്‍ഷിക-വ്യവസായ-ആരോഗ്യ-വിദ്യാഭ്യാസ-ടൂറിസം മേളയായ 'മലയോര മഹോത്സവം 2019' ന് ഇന്ന് തുടക്കമാകും. മുക്കം അഗസ്ത്യന്‍മൂഴി ജില്ലാ പഞ്ചായത്ത് സ്റ്റേഡിയത്തില്‍ നടക്കുന്ന മേള വൈകിട്ട് 4.30ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി രക്ഷാധികാരിയായ ജോര്‍ജ് എം തോമസ് എംഎല്‍എ അധ്യക്ഷത വഹിക്കും. എം കെ രാഘവന്‍ എംപി മുഖ്യാതിഥിയാകും. എംഎല്‍എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, വിവിധ ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ഉദ്ഘാടന സമ്മേളത്തിന് മുന്നോടിയായുള്ള സാംസ്‌കാരിക ഘോഷയാത്ര പകല്‍ 3 മണിക്ക് മുക്കം പുതിയ ബസ്സ്റ്റാന്റ് പരിസരത്ത് നിന്നാരംഭിക്കും.ജില്ലാ പഞ്ചായത്തിന്റെയും തിരുവമ്പാടി പഞ്ചായത്തിന്റെയും നേതൃത്വത്തില്‍ കുന്നമംഗലം, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തുകള്‍, ഈ ബ്ലോക്കുകളുടെ പരിധിയിലുള്ള പുതുപ്പാടി, കാരശേരി, കട്ടിപ്പാറ, താമരശേരി, കുന്നമംഗലം, ചാത്തമംഗലം, പെരുവയല്‍, പെരുമണ്ണ, കുരുവട്ടൂര്‍, മാവൂര്‍, മടവൂര്‍ പഞ്ചായത്തുകള്‍, മുക്കം, കൊടുവള്ളി നഗരസഭകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് മേള സംഘടിപ്പിക്കുന്നത്. 17 ദിവസങ്ങളിലായി നടക്കുന്ന മേള 27ന് സമാപിക്കും.

നിപ, പ്രളയദുരന്തം എന്നിവയെ തുടര്‍ന്ന് ഭൗതികമായും സാമ്പത്തികമായും തകര്‍ന്ന നാടിന്റെ പുനരുജ്ജീവനത്തിനായി 'അതിജീവനത്തിനൊരു കൈത്താങ്ങ്' എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് മലയോര മേഖല മഹോത്സവത്തിന് അരങ്ങാരുക്കുന്നത്. മലയോരത്തെ വിവിധ പ്രദേശങ്ങളിലെ കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെയും ചെറുകിട കുടില്‍ വ്യവസായ ഉല്‍പ്പന്നങ്ങളുടെയും വിപണനം, സംസ്ഥാനത്തിന്റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ സഹായിക്കുക, ദുരന്തത്തെ തുടര്‍ന്ന് തകര്‍ന്ന സമൂഹത്തെ പഴയനിലയിലേക്ക് കൈപിടിച്ചുയര്‍ത്തുക തുടങ്ങിയവയാണ് പ്രധാനമായും മേള ലക്ഷ്യമിടുന്നത്.
കാര്‍ഷിക ചെറുകിട വ്യവസായ ഉല്‍പ്പന്നങ്ങളുടെ വിപണന കേന്ദ്രങ്ങള്‍ക്ക് പുറമെ നിയമസഭ മ്യൂസിയം, കാര്‍ഷിക, മൃഗസംരക്ഷണ, ശാസ്ത്ര സാങ്കേതിക, പൊലിസ്, ക്ഷീരവികസന, പെട്രോളിയം ആന്റ് കണ്‍സര്‍വേഷന്‍ റിസര്‍ച്ച് എന്നീ വകുപ്പുകള്‍, ലൈവ്സ്റ്റോക്ക് ഡെവലപ്മെന്റ് ബോര്‍ഡ്, കെഎസ്ഇബി, ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, വനംവകുപ്പ്, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് സര്‍ക്കാര്‍ ആയിരം ദിനം പൂര്‍ത്തീകരിക്കുമ്പോള്‍ കൈവരിച്ച വികസന ക്ഷേമപ്രവര്‍ത്തനങ്ങളുടെ ചിത്ര പ്രദര്‍ശനവും പ്രസിദ്ധീകരണങ്ങളുടെ വിതരണവും വില്‍പ്പനയും മേളയില്‍ സംഘടിപ്പിക്കുന്നുണ്ട്.

എന്‍ഐടി, മെഡിക്കല്‍കോളേജ്, ഫയര്‍ഫോഴ്സ്, വെറ്ററിനറി സര്‍വകലാശാല, ബിഎസ്എന്‍എല്‍, എക്സൈസ് വകുപ്പ്, ഫെഡറല്‍ ബാങ്ക്, എംവിആര്‍ കാന്‍സര്‍ സെന്റര്‍, കേരള ഫീഡ്സ്, സോയല്‍ കണ്‍സര്‍വേഷന്‍ വകുപ്പ്, അരീക്കനട്ട് ആന്റ് സ്പൈസസ് റിസര്‍ച്ച് സെന്റര്‍ തുടങ്ങിയ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളുടെ സ്റ്റാളുകളും കുടുംബശ്രീയുടെ 25 ലധികം സ്റ്റാളുകളും മറ്റ് ഉല്‍പ്പന്നങ്ങളുടെ 80ലധികം സ്റ്റാളുകളുമാണ് പ്രദര്‍ശനത്തിലുണ്ടാകും.പുതുതലമുറയ്ക്കും ചരിത്ര വിദ്യാര്‍ഥികള്‍ക്കും സാമൂഹ്യ- രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും ജനാധിപത്യ സിരാകേന്ദ്രമായ നിയമസഭയെ കുറിച്ച് അറിയാനുതകുന്ന നിയമസഭാ മ്യൂസിയത്തിന്റെ പ്രദര്‍ശനം 15 മുതല്‍ 19 വരെയാണ് മേളയിലുണ്ടാകുക.

11,12,13 തിയതികളില്‍ മൃഗസംരക്ഷണ വകുപ്പിന്റെ പൂച്ച പ്രദര്‍ശനം, 17ന് കന്നുകാലി പ്രദര്‍ശനവും മത്സരവും, 18ന് ആട് പ്രദര്‍ശനം, 19ന് കന്നുകുട്ടി പ്രദര്‍ശനവും മത്സരവും, 20ന് അലങ്കാര പക്ഷി പ്രദര്‍ശനം, 22ന് ശ്വാന പ്രദര്‍ശനവും മത്സരവും മേളയിലൊരുക്കിയിട്ടുണ്ട്. വിനോദത്തിനും സാഹസികതയ്ക്കുമുളള സംവിധാനങ്ങള്‍ പ്രദര്‍ശനനഗരിയിലൊരുക്കിയിട്ടുണ്ട്. കുടുബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ 3000 ച.അടി വിസ്തൃതിയിലൊരുക്കുന്ന ഫുഡ്കോര്‍ട്ടാണ് മേളയുടെ മറ്റൊരു ആകര്‍ഷണം. മലയോര മേഖലയിലെ പ്രകൃതി ഭംഗി ആസ്വദിക്കുന്നതിനായുള്ള പാക്കേജ് ടൂറും ഫാം ടൂറും സജ്ജീകരിച്ചിട്ടുണ്ട്.

 

Read more topics: kozhikode, malayora maholsavam
English summary
kozhikode malayora maholsavam
topbanner

More News from this section

Subscribe by Email