Tuesday June 25th, 2019 - 3:59:pm
topbanner
topbanner

കോഴിക്കോട് ജില്ലയിലെ കിഴക്കോത്ത് വില്ലേജ് ഓഫീസില്‍ ക്യൂ ഇല്ല; പകരം 'കൂള്‍' ആയി കാര്യങ്ങൾ ശരിയാക്കാം..

Aswani
കോഴിക്കോട് ജില്ലയിലെ കിഴക്കോത്ത് വില്ലേജ് ഓഫീസില്‍ ക്യൂ ഇല്ല; പകരം 'കൂള്‍' ആയി കാര്യങ്ങൾ ശരിയാക്കാം..

കോഴിക്കോട്: കിഴക്കോത്ത് വില്ലേജ് ഓഫീസില്‍ ഇനി ചൂടും സഹിച്ചിരിക്കേണ്ടിവരില്ല. നാടും നഗരവും മാറുന്നതോടൊപ്പം കോഴിക്കോട് ജില്ലയിലെ കൊടുവള്ളിക്കടുത്ത ഈ വില്ലേജ് ഓഫീസും മാറുകയാണ്. നാട്ടുകാരുടെ സഹായത്തോടെ ഓഫീസില്‍ എയര്‍കണ്ടീഷനടക്കമുള്ള സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുകയാണ്. സംസ്ഥാനത്തെ ശീതികരിച്ച അപൂര്‍വം വില്ലേജ് ഓഫീസുകളില്‍ ഒന്നാണിത്. കഴിഞ്ഞ ദിവസം ജില്ലാ കലക്ടര്‍ ഈ വില്ലേജിനെ ജനസൗഹൃദ വില്ലേജ് ഓഫീസായി പ്രഖ്യാപിക്കുകയും ചെയ്തു.

പലതരം രേഖകള്‍ക്കായി ദിനേനെ നിരവധി പേരാണ് ഇവിടെ എത്തിയിരുന്നത്. ഇവരുടെ നീണ്ട ക്യൂ റോഡിലേക്കു വരെ ദീര്‍ഘിച്ചിരുന്നു. എന്നാല്‍ ഇന്നു കാര്യങ്ങള്‍ മാറി. എന്തു ആവശ്യത്തിനുവരുന്നവര്‍ക്കും ഉദ്യോഗസ്ഥരെ കണ്ട് കാര്യങ്ങള്‍ പറയാം. ശേഷം പുറത്തെ കസേരകളില്‍ വിശ്രമിക്കാം. ഓരോരുത്തരുടേയും ഊഴമെത്തുമ്പോള്‍ നേരിട്ടുപോയി രേഖകള്‍ ശരിയാക്കുകയും ആവശ്യങ്ങള്‍ അവതരിപ്പിക്കുകയും ചെയ്യാം. നേരായ രീതിയിലല്ല അപേക്ഷകള്‍ സമര്‍പ്പിച്ചതെങ്കില്‍ ഉദ്യോഗസ്ഥര്‍ നേരിട്ടു കര്യങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുത്തും. എന്നാല്‍ നിയമപരമല്ലാത്ത ഒരു സഹായവും ഇവിടുന്ന് ലഭിക്കുകയുമില്ല. കൈക്കൂലിയുമായി ആരും ഈ വഴിക്കു വരികയും വേണ്ട.

ഓണ്‍ലൈന്‍ അപേക്ഷകളെല്ലാം വളരെ വേഗത്തിലാണ് തീര്‍പ്പ്കല്‍പിക്കുന്നത്. ഒറ്റദിവസം കൊണ്ട് തന്നെ പല രേഖകളും നല്‍കുന്നുണ്ട് . ഓണ്‍ലൈന്‍ വഴിയുള്ള അപേക്ഷകള്‍ കൂടുന്ന ദിവസം വൈകീട്ടു ഡ്യൂട്ടി സമയത്തിനു ശേഷവും ഇരുന്നു കാര്യങ്ങള്‍ ചെയ്തു കൊടുക്കുകയാണെന്ന് ഈ വില്ലേജിനെ ജനസൗഹൃര്‍ദ്ദമാക്കാന്‍ മുന്നിട്ടിറങ്ങിയ വില്ലേജ് ഓഫീസര്‍ പി രവീന്ദ്രന്‍ പറയുന്നു.

പഞ്ചായത്ത് പ്രസിഡന്റ് കണ്‍വീറായി രൂപീകരിച്ച ജനകീയ കമ്മിറ്റിയുടെ പിന്തുണയോടെയാണ് വില്ലേജിലെ നവീകരണ പ്രവൃത്തികളെല്ലാം നടന്നത്. ഇതിനായി എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലുമുള്ളവരെ ഉള്‍പെടുത്തി ഒരു ജനകീയ കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട് . നാട്ടുകാരുടെ പ്രധാന ആശ്രയ കേന്ദ്രമായ ഈ സര്‍ക്കാര്‍ ഓഫീസ് മികച്ച സേവനം നല്‍കുന്നതാണെന്ന തോന്നല്‍ ജനങ്ങള്‍ക്കുണ്ടായതോടെ നാട്ടുകാര്‍ പൂര്‍ണമായും സഹകരിക്കുകയായിരുന്നു.

നേരത്തെ ഒരു പഴയ കെട്ടിടത്തിലാണ് ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത്. മുന്‍ എം.എല്‍.എ വി.എം ഉമര്‍ മാസ്റ്ററുടെ എം.എല്‍.എ ഫണ്ട് ഉപയോഗിച്ചാണ് പുതിയ കെട്ടിടം പണിതത്. തുടര്‍ന്നുള്ള നവീകരണ പ്രവൃത്തികളെല്ലാം ജനകീയ പിന്തുണയോടെയായിരുന്നു. എളേറ്റില്‍ സ്വദേശിയും പ്രവാസിയുമായ അബ്ദുല്‍ ഹഖാണ് എയര്‍കണ്ടീഷൻ സൗജന്യമായി നല്‍കിയത്. ഇരുപതോളം വരുന്ന പ്രവാസികളുള്‍പടെയുള്ളവരാണ് ഫാബ്രിക്കേഷന്‍ ജോലികള്‍ക്കു പണം നല്‍കിയത്. വൈദ്യുതി മുടങ്ങിയാലും ഇവിടെ ജോലി മുടങ്ങില്ല.

കിഴക്കോത്ത് സര്‍വീസ് സഹകരണ ബാങ്കാണ് ഇന്‍വെര്‍ട്ടര്‍ സൗകര്യം ഒരുക്കിയത്. വില്ലേജ് ഓഫീസര്‍ തൊട്ടടുത്ത പ്രദേശമായ നെടിയനാട്ടുകാരനായതിനാല്‍ അദ്ദേഹത്തിനു വളരെ പെട്ടെന്നു തന്ന നാട്ടുകാരുടെ സഹകരണം ഉറപ്പുവരുത്താനായി. ഒരു ഓഫീസര്‍ എന്നതിലുപരി ഒരു നാട്ടുകാരനായി മാറിയ വില്ലേജ് ഓഫീസറുടെ ഊര്‍ജ്ജ്വസ്വലവും ആത്മാര്‍ത്ഥവുമായ പ്രവര്‍ത്തനവും വില്ലേജ് ഓഫീസിനെ ജനകീയവും ജനസൗഹൃദവുമാക്കാന്‍ സഹായിച്ചിട്ടുണ്ട്.

English summary
there is no queue in kozhikode kizhakkoth village office; people can do things in cool atmosphere
topbanner

More News from this section

Subscribe by Email