topbanner
Wednesday July 26th, 2017 - 2:15:am
topbanner

മോഷ്ടിച്ചതൊന്നും ചേക്കുവിട്ട് പോയിട്ടില്ല: തൃക്കൊടിത്താനത്തെ എക്‌സിക്യുട്ടീവ് കള്ളന്‍ പ്രിന്‍സിനും പറയാനുള്ളത് ഇത് തന്നെ

NewsDesk
മോഷ്ടിച്ചതൊന്നും ചേക്കുവിട്ട് പോയിട്ടില്ല: തൃക്കൊടിത്താനത്തെ എക്‌സിക്യുട്ടീവ് കള്ളന്‍ പ്രിന്‍സിനും പറയാനുള്ളത് ഇത് തന്നെ

കോട്ടയം: മോഷ്ടിച്ചതൊന്നും ചേക്കുവിട്ട് പോയിട്ടില്ലെന്ന് മീശമാധവന്‍ അഭിമാനത്തോടെ പറഞ്ഞതു തന്നെയാണ് തൃക്കൊടിത്താനത്തെ എക്‌സിക്യുട്ടീവ് കള്ളന്‍ പ്രിന്‍സിനും പറയാനുള്ളത്. താന്‍ മോഷ്ടിച്ചതൊന്നും നാടുവിട്ട് പോയിട്ടില്ല! കിണ്ടി, വിളക്ക്,വാഹനങ്ങളുടെ പാട്‌സ്, സ്വര്‍ണം എന്നുവേണ്ട് കണ്ണില്‍ കണ്ടതെല്ലാം പ്രിന്‍സ് മോഷ്ടിക്കും. എന്നാല്‍ അതെല്ലാം സ്വന്തം വീടിന്റെ മൂന്നു കിലോമീറ്ററിനുള്ളില്‍ നിന്ന് മാത്രം. മോഷ്ടിച്ചതെല്ലാം നാട്ടില്‍ തന്നെ മറിച്ചു വില്‍ക്കും. സ്വര്‍ണം മാത്രമാണ് കോട്ടയം നഗരത്തില്‍ വിറ്റിരുന്നത്.

ബ്രാന്‍ഡഡ് ഷര്‍ട്ട് ധരിച്ച്, ഇന്‍ സര്‍ട്ട് ചെയ്ത്, കയ്യില്‍ കൊക്കക്കോളാ കാനുമായി കറങ്ങി നടക്കുന്ന പ്രിന്‍സിനെക്കുറിച്ച് നാട്ടുകാര്‍ക്കു ലവലേശം സംശയം ഇല്ലായിരുന്നു; ആളൊരു മോഷ്ടാവാണെന്ന്. പലനാള്‍ കള്ളന്‍ ഒരു നാള്‍ പിടിയിലെന്ന് പറയും പോലെ മുക്കുപണ്ടം വില്‍ക്കാനുള്ള പ്രിന്‍സിന്റെ ശ്രമം പാളിയപ്പോള്‍ തെളിഞ്ഞത് തൃക്കൊടിത്താനത്തെ ഇരുപതോളം വീടുകളിലെ വമ്പന്‍ കവര്‍ച്ചയായിരുന്നു. ചെറിയ ചെറിയ മോഷണങ്ങളായതിനാല്‍ പല വീട്ടുകാരും ഇക്കാര്യം പോലും അറിഞ്ഞിരുന്നില്ല. ഒരില പോലും അനങ്ങാതെ അതി വിദഗ്ദ്ധമായി മോഷണം നടത്താനുള്ള പ്രിന്‍സിന്റെ കഴിവ് കണ്ട് പൊലീസും അമ്പരന്നു. നഗമധ്യത്തിലെ ജുവലറിയില്‍ മുക്കുപണ്ടം വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ ചങ്ങനാശേരി മാടപ്പള്ളി താഴത്തുവല്യാനാല്‍ വീട്ടില്‍ പ്രിന്‍സ് ആന്റണിയെ (34) ഷാഡോ പോലീസ് സംഘം പിടികൂടിയതോടെയാണ് നാട്ടിലെ ചെറുതും വലുതുമായ മോഷണപരമ്പരയുടെ ചുരുളഴിഞ്ഞത്.

ചെറുപ്രായത്തില്‍ തന്നെ പിതാവും മാതാവും മരിച്ച പ്രിന്‍സ് നയിച്ചിരുന്നത് ആര്‍ഭാട ജീവിതമായിരുന്നു. പത്താം ക്ലാസ് വരെ പഠിച്ച പ്രിന്‍സ്, തുടര്‍ന്ന് ചങ്ങനാശേരിയിലെ ഒരു സ്ഥാപനത്തില്‍ നിന്ന് ഗ്രാഫിക് ഡിസൈനിംഗ് പഠിച്ചു. തുടര്‍ന്നു 2004 ല്‍ ജോലിക്കായി മഹാരാഷ്ട്രയിലേക്ക് പോകുകയായിരുന്നു. ഇവിടെ ഏഴു വര്‍ഷം ജോലി ചെയ്ത പ്രിന്‍സ് 2011 ല്‍ ദുബായിയിലേയ്ക്കു പോയി. ഓരോ വര്‍ഷവും നാട്ടില്‍ മടങ്ങിയെത്തിയിരുന്ന പ്രിന്‍സ് മൂന്നു വര്‍ഷം കൊണ്ട് അഞ്ചു ലക്ഷത്തോളം രൂപ സമ്പാദിച്ചു. തുടര്‍ന്ന് 2014 ല്‍ നാട്ടില്‍ തിരികെ എത്തി സഹോദരനൊപ്പം താമസിക്കുകയായിരുന്നു. ഒരു വര്‍ഷം കൊണ്ട് കയ്യിലുണ്ടായിരുന്ന അഞ്ചു ലക്ഷം രൂപയും അടിച്ചുപൊളിച്ച പ്രിന്‍സ് ജോലിക്കൊന്നും പോകാതെയായി. ഇങ്ങനെ കയ്യിലെ പണം തീര്‍ന്നതോടെയാണ് ആര്‍ഭാട ജീവിതത്തിനായി മോഷണത്തിലേയ്ക്കു പ്രിന്‍സ് തിരിഞ്ഞതെന്ന് പോലീസ് പറയുന്നു.

ഇടം കയ്യില്‍ വിലകൂടിയ മൊബൈല്‍ ഫോണും വലം കയ്യില്‍ കൊക്കക്കോളയും. പ്രിന്‍സിന്റെ ശരീരത്തിന്റെ ഭാഗങ്ങളായിരുന്നു ഇവ രണ്ടും. ഇവയില്ലാതെ പ്രിന്‍സിനെ നാട്ടില്‍ കാണാന്‍ കിട്ടുമായിരുന്നില്ല. പ്രിന്‍സ് താമസിച്ചിരുന്ന മുറിയില്‍ നിറയെ ദൈവങ്ങളുടെ ചിത്രങ്ങളാണ്. ശിവനും, കര്‍ത്താവും, അള്ളാഹുവും ഒരേ മുറിയില്‍ തോളോടു തോള്‍ ചേര്‍ന്നിരിക്കുന്നു. വൃത്തിയായി അടുക്കിപ്പെറുക്കിയ മുറിയിലെ അലമാരയില്‍ അഞ്ഞൂറോളം പാന്റും ഷര്‍ട്ടും ഭംഗിയായി അടുക്കി വച്ചിട്ടുണ്ട്. മുറിയുടെ ഒരു മൂലയില്‍ ഒഴിഞ്ഞ കോളാ കുപ്പികളും വിലകൂടിയ പെര്‍ഫ്യൂം ബോട്ടിലുകളും നിരത്തി വച്ചിരുന്നു. ഷര്‍ട്ടും പെര്‍ഫ്യൂമുകളും കോളയും വാങ്ങുന്നതിനു വേണ്ടിയാണ് പ്രതി തന്റെ കയ്യിലെ പണം മുഴുവന്‍ ഉപയോഗിച്ചതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.

തൃക്കൊടിത്താനത്തെ വീടുകളില്‍ നിന്ന് മോഷ്ടിച്ച സ്വര്‍ണം നഗരത്തിലെ ഒരു ജുവലറികളിലാണ് പ്രിന്‍സ് വിറ്റിരുന്നത്.
അങ്ങനെ സ്വര്‍ണ്ണം സുഖമായി വിറ്റ ഓര്‍മ്മയിലാണ് കഴിഞ്ഞ ദിവസം ഇതേ ജുവലറിയില്‍ എത്തിയത്. ഈ സ്വര്‍ണത്തിനൊപ്പം മറ്റൊരു വീട്ടില്‍ നിന്ന് മോഷ്ടിച്ച മുക്കുപണ്ടവും ജുവലറിയില്‍ കൊണ്ടു വന്നിരുന്നു. സ്വര്‍ണ്ണത്തോടൊപ്പമുള്ള മുക്കുപണ്ടം കണ്ടെത്തിയ ജുവലറിക്കാരന്‍ ഇത് വാങ്ങില്ലെന്ന് പറഞ്ഞു. ഇതോടെ ജുവലറി ജീവനക്കാരുമായി പ്രിന്‍സ് തര്‍ക്കത്തിലായി. തര്‍ക്കം തെറിവിളിയിലേക്കും, കയ്യാങ്കളിയിലേക്കും കടക്കുമെന്ന നിലവന്നതോടെ പ്രിന്‍സ് ജുവലറിയില്‍ നിന്ന് ഇറങ്ങിയോടി. ജീവനക്കാര്‍ പിന്നാലെ ഓടി പ്രിന്‍സിനെ പിടികൂടി പോലീസിനു കൈമാറി. ഇതോടെയാണ് തൃക്കൊടിത്താനം കേന്ദ്രീകരിച്ചു പ്രതി നടത്തിയ മോഷണത്തിന്റെ വിശദാംശങ്ങള്‍ പോലീസ് കണ്ടെത്തിയത്.

കഴിഞ്ഞ മൂന്നുമാസത്തിനിടയില്‍ ഇയാള്‍ അയല്‍വാസിയായ മാടപ്പള്ളി പിരളി ഇല്ലം ബാലകൃഷ്ണന്‍ നമ്പൂതിരിയുടെ വീട്ടില്‍ നിന്ന് മൂന്ന് തവണകളായി 17 പവന്റെ ആഭരണവും മാടപ്പള്ളിയിലെ രാജു മാമ്പള്ളി എന്നയാളുടെ കടയോട് ചേര്‍ന്നിരിക്കുന്ന വീട്ടിന്റെ ഓടിളക്കിമാറ്റി അകത്തുകയറി 1500 രൂപയും പാലക്കുന്നേല്‍ കുഞ്ഞമ്മയുടെ വീട്ടില്‍നിന്ന് ഒരു നെക്‌ലസ്, താഴത്തുവല്യാനാല്‍ തോമസിന്റെ വീട്ടില്‍ നിന്ന് സ്വര്‍ണ്ണം എന്നിവയും മോഷ്ടിച്ചതായി പ്രതി പൊലീസിനോട് സമ്മതിച്ചു. ഇവയില്‍ ചിലത് മുക്കുപണ്ടമായിരുന്നു.
വിവിധ സ്ഥലങ്ങളില്‍ നിന്ന് മോഷ്ടിച്ചെടുക്കുന്ന പണവും സ്വര്‍ണ്ണവും പ്രതി ഒളിപ്പിച്ചിരുന്നത് ദിവാന്‍കോട്ടിന്റെ തലയണയില്‍. ദിവാന്‍ കോട്ടിന്റെ ഉരുണ്ട തലയണയുടെ ഒരു ഭാഗത്തെ കെട്ട് അഴിച്ച ശേഷം ഇതിനുള്ളില്‍ സ്വര്‍ണ്ണം സൂക്ഷിക്കുകയാണ് പ്രതി ചെയ്തിരുന്നത്. ആരു പരിശോധിച്ചാലും സ്വര്‍ണം കണ്ടെത്താന്‍ സാധിക്കാത്ത രീതിയിലാണ് ഇത് ഒളിപ്പിച്ചിരുന്നത്. സ്വര്‍ണ്ണം ഒഴികെയുള്ള മോഷണമൊതലുകളെല്ലാം സമീപത്തെ ആക്രിക്കടയിലാണ് പ്രതി വിറ്റിരുന്നത്. കുറഞ്ഞ വിലയില്‍ സാധനങ്ങള്‍ കിട്ടിയിരുന്നതിനാല്‍ ആക്രിക്കടക്കാരന്‍ പ്രിന്‍സിനെ അളവറ്റ് പ്രോത്സാഹിപ്പിച്ചിരുന്നതായും പോലീസ് പറഞ്ഞു.
പുലര്‍ച്ചെ മൂന്നു മണിക്കു അലാറം വച്ച് ഉണരുന്ന പ്രിന്‍സ് അതി രാവിലെ തന്നെ നടക്കാനിറങ്ങും. ലക്ഷ്യം മറ്റൊന്നുമായിരുന്നില്ല, തരം കിട്ടിയാല്‍ എന്തും മോഷ്ടിക്കുക. നടക്കാന്‍ പോകുന്ന വഴിയില്‍ വീടിന്റെ മുന്നില്‍ വച്ചിരിക്കുന്ന വാഹനങ്ങളുടെ പാട്‌സുകള്‍ ഊരിയെടുക്കും. വീടിനു പുറത്തിരിക്കുന്ന അലങ്കാര വസ്തുക്കളും, ലൈറ്റും, ട്യൂബും വരെ പ്രിന്‍സ് കൈക്കലാക്കും. ചെറിയ വസ്തുക്കള്‍ മോഷണം പോകുന്നതിനാല്‍ ആരും പരാതിയുമായി പൊലീസ് സ്റ്റേഷനിലേയ്ക്കു പോകാറില്ലായിരുന്നു. ആദ്യ മോഷണങ്ങള്‍ വിജയമായതോടെയാണ് പ്രിന്‍സ് പിന്നീട് വലിയ വേട്ടയിലേയ്ക്ക് തിരിഞ്ഞത്. ആദ്യം വീടുകളിലെ ചെറിയ മോഷണങ്ങളായിരുന്നുവെങ്കില്‍ പിന്നീട് ഇത് പ്രദേശത്തെ കടകളിലേയ്ക്ക് തിരിഞ്ഞു. പകല്‍ സമയങ്ങളില്‍ പോലും കടകളിലെത്തി മോഷണം നടത്തുന്നത് പ്രിന്‍സിന്റെ ശീലമായിരുന്നു. മോഷണം നടത്തുന്ന പണം ഒന്നിനു തികയാതെ വന്നതോടെയാണ് വീടുകളുടെ ഓടിളക്കി അകത്തു കയറി മോഷണം നടത്താനുമുള്ള പദ്ധതി പ്രിന്‍സ് തയ്യാറാക്കിയത്. ഈ പദ്ധതിയാണ് പ്രിന്‍സിന് ജയിലിലേക്കുള്ള വഴിയായി മാറിയത്.

Read more topics: kottayam, robbery, arrest,
English summary
kottayam robbery case prince arrest
topbanner topbanner

More News from this section

Subscribe by Email