Tuesday April 23rd, 2019 - 3:40:pm
topbanner
topbanner

കോട്ടയം ജില്ലയിലെ മഴക്കെടുതി രക്ഷാപ്രവര്‍ത്തനം തുടരും; കര്‍മ്മനിരതരായി ദേശീയ ദുരന്ത നിവാരണ സേന

Aswani
കോട്ടയം ജില്ലയിലെ മഴക്കെടുതി രക്ഷാപ്രവര്‍ത്തനം തുടരും; കര്‍മ്മനിരതരായി ദേശീയ ദുരന്ത നിവാരണ സേന

കോട്ടയം: മഴക്കെടുതി മൂലം ജില്ലയിലെത്തിയ ദേശീയ ദുരന്ത നിവാരണ സേനയുടെ രക്ഷാപ്രവര്‍ത്തനം രണ്ടാം ദിനവും കാര്യക്ഷമമായി മുന്നേറുന്നു. കൊശമറ്റം കോളനിയില്‍ നിന്നും ആദ്യ ദിവസം 200 പേരെയും രണ്ടാം ദിവസം 69 പേരെയും സേന ദുരിതാശ്വാസ ക്യാമ്പിലെത്തിച്ചു. പൂവത്തുംമൂട് പ്രദേശത്ത് ക്യാംപിലേക്ക് മാറാന്‍ തയ്യാറായ ഭൂരിപക്ഷം പേരെയും സുരക്ഷിത സ്ഥാനത്തെത്തിച്ചുവെന്ന് തഹസില്‍ദാര്‍ പി.എസ്. ഗീതാ കുമാരി പറഞ്ഞു.

ഒറ്റപ്പെട്ടു പോയ കുടുംബങ്ങളില്‍ നിന്നായി മൊത്തം 120 പേരെ ദുരിതാശ്വാസ ക്യാമ്പിലെത്തിച്ചു. മഴയ്ക്ക് നേരിയ ശമനമുണ്ടായതിനാല്‍ വെള്ളം ഇറങ്ങിത്തുടങ്ങിയിട്ടുണ്ട്. മഴക്കെടുതിയില്‍ ഒറ്റപ്പെട്ടുപോയവര്‍ക്ക് വെള്ളവും ഭക്ഷണ സാധനങ്ങളും ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ദുരന്തനിവാരണ സേന എത്തിക്കുന്നുണ്ട്. പല സ്ഥലങ്ങളിലും ഇടുങ്ങിയ തോടുകളിലൂടെ യാത്ര ചെയ്തതിനാല്‍ സേനയുടെ ഒരു ബോട്ടിന് കേടുപാട് സംഭവിച്ചു. പേരൂര്‍ പാറക്കടവ് തുരുത്തില്‍ 11 കുടുംബങ്ങളാണ് ഒറ്റപ്പെട്ടു കിടക്കുന്നത്. മൊത്തം 60 അംഗങ്ങളാണുള്ളത്. മഴയ്ക്ക് കുറവുള്ളതിനാല്‍ ഇവര്‍ ക്യമ്പിലേക്ക് മാറാന്‍ തയ്യാറായിട്ടില്ല. ഇവിടേക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കള്‍ എത്തിക്കുന്നുണ്ട്.

മീനച്ചിലാറിനോട് ചേര്‍ന്നു കിടക്കുന്ന പ്രദേശമായതിനാല്‍ കയറിയ വെള്ളം ഇറങ്ങാന്‍ കുറച്ചു താമസം നേരിടും. റെയില്‍വേ സ്റ്റേഷനു സമീപമുള്ള കോളനിയില്‍ നിന്നും 12 പേരെ സുരക്ഷിത സ്ഥാനത്തെത്തിച്ചു. മഴക്കെടുതി മൂലം ദുരിതം അനുഭവിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ പ്രത്യേക റേഷന്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അഭയം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ അരിയും മറ്റ് ഭക്ഷ്യവസ്തുക്കളും എത്തിച്ചു. ട്രസ്റ്റ് ചെയര്‍മാന്‍ വിഎന്‍. വാസവന്റെ നേതൃത്വത്തില്‍ ഒരു കുടുംബത്തിന് അഞ്ചു കിലോ വീതം 5000 കിലോ അരി വിതരണം ചെയ്തു. വിവിധ സര്‍ക്കാര്‍ സര്‍വീസ് സംഘടനകളും വ്യാപാരി-വ്യവസായ സംഘടനകളും ആഹാര സാധനങ്ങള്‍ ക്യാമ്പുകളിലെത്തിക്കുന്നുണ്ട്.

45 പേരടങ്ങുന്ന സേന 22 പേരടങ്ങുന്ന രണ്ടു വിഭാഗമായി തിരിഞ്ഞ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തി വരികയാണ്. ആറുകള്‍ കരകവിഞ്ഞ് ഒറ്റപ്പെട്ടു കിടക്കുന്ന പൂവത്തുംമൂട്, ഇറഞ്ഞാല്‍, കൊശമറ്റം കോളനി എന്നിവടങ്ങളില്‍ നിന്നും നിരവധി കുടുംബങ്ങളെ സേന സുരക്ഷിതസ്ഥാനങ്ങളിലെത്തിച്ചു. ദേശീയ ദുരന്തനിവാരണസേനയുടെ തൃശൂരില്‍ നിന്നെത്തിയ സംഘമാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്. ഏറ്റവും ആധുനികമായ ഉപകരണങ്ങളാണ് സേനയുടെ കൈവശമുള്ളത്. കാറ്റു നിറച്ച് വീര്‍പ്പിച്ചെടുക്കുന്ന റാഫ്റ്റിംഗ് ബോട്ടിലാണ് ആളുകളെ കരയ്‌ക്കെത്തിക്കുന്നത്. മോട്ടോര്‍ ഉപയോഗിച്ചും പ്രവര്‍ത്തിപ്പിക്കാവുന്ന തരത്തിലാണ് ബോട്ട് സജ്ജീ്ജീകരിച്ചിരിക്കുന്നത്.

മുങ്ങല്‍ വിദഗ്ധരടങ്ങുന്ന ഒരു സംഘവും സേനയിലുണ്ട്. ഓക്‌സിജന്‍ ആവശ്യമായവര്‍ക്ക് അടിയന്തര സഹായം എത്തിക്കുന്നതിനായി സിലിണ്ടറുകള്‍, ഭിത്തികള്‍ മുറിച്ചുമാറ്റേണ്ടി വന്നാല്‍ അതിനാവശ്യമായ കട്ടിംഗ് മെഷീനുകള്‍ തുടങ്ങിയവയും സജ്ജമാക്കിയിട്ടുണ്ട്. വൈദ്യുതി, ടെലഫോണ്‍ സൗകര്യങ്ങള്‍ വിഛേദിക്കപ്പെടുന്ന സാഹചര്യത്തില്‍ ഉപയോഗിക്കാവുന്ന സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍ സംവിധാനങ്ങള്‍, വെള്ളത്തിനടിയിലുള്ള തിരച്ചില്‍ ഉപകരണങ്ങള്‍, ലൈഫ് ജാക്കറ്റുകള്‍ തുടങ്ങിയവയും സേനയുടെ പക്കലുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയുടെ ജില്ലയിലെത്തിയിരിക്കുന്ന ടീമിനെ നയിക്കുന്നത് എന്‍ ഡിആര്‍ എഫ് ഫോര്‍ത്ത് ബറ്റാലിയന്‍ സീനിയര്‍ കമാന്റന്റ് രേഖ നമ്പ്യാര്‍ ആണ്. റീജിയണല്‍ റെസ്‌പോണ്‍സ് സെന്റര്‍ അസി.കമാന്റന്റ് ജിതേഷ് ടി.എം, ഇന്‍സ്‌പെക്ടര്‍ വി.എസ് സിംഗ്, എ എസ് ഐ സുരേന്ദ്രന്‍ വി.ബി തുടങ്ങിയവരും ടീമിലുണ്ട്.

 

Read more topics: kottayam, rain, Rescue work, continue
English summary
The rescue operation will continue in Kottayam with the help of National Disaster Response Force
topbanner

More News from this section

Subscribe by Email