Sunday September 23rd, 2018 - 12:47:pm
topbanner

മഴക്കെടുതി: കോട്ടയം ജില്ലയില്‍ 83 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു

Aswani
മഴക്കെടുതി: കോട്ടയം ജില്ലയില്‍ 83 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു

കോട്ടയം: ശക്തമായ മഴയുള്ള സാഹചര്യത്തിൽ വിവിധ സ്ഥലങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. ജൂലൈ 16 വൈകുന്നേരം അഞ്ച് മണി വരെയുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം 83 ദുരിതാശ്വാസ ക്യാമ്പുകള്‍ ആണ് തുറന്നത്. കോട്ടയം താലൂക്കില്‍ 30 ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നിട്ടുണ്ട്. ചങ്ങനാശ്ശേരി 17 ക്യാമ്പുകളും വൈക്കം താലൂക്കില്‍ 27 ക്യാമ്പുകളും മീനച്ചില്‍ താലൂക്കില്‍ 9 ക്യാമ്പുകളും ആരംഭിച്ചിട്ടുണ്ട്.

83 ക്യാമ്പുകളിലായി 1832 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. ആകെ 1409 കുട്ടികളടക്കം 7444 പേര്‍ ദുരിതാശ്വാസ ക്യാമ്പുകളിലാണ്. തലനാട് വില്ലേജില്‍ ചോന മലയില്‍ ഉരുള്‍പൊട്ടലുണ്ടായി. കാഞ്ഞിരപ്പള്ളി താലൂക്കില്‍ ഇളങ്കാട് കുന്നാട് ഭാഗത്തും ഉരുള്‍പൊട്ടി. മീനച്ചില്‍ താലൂക്കില്‍ പൂഞ്ഞാര്‍, പാതാമ്പുഴ, തീക്കോയി, അട്ടിക്കളം റോഡ് എന്നിവിടങ്ങളില്‍ മണ്ണിടിച്ചില്‍ ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കെഎസ്ഇബിയക്ക് മൊത്തം 33.55 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി അറിയിച്ചു. റോഡ് തകര്‍ച്ചയില്‍ പൊതുമരാമത്ത് വകുപ്പിന് 2.5 കോടി രൂപയുടെ നഷ്ടം ഉണ്ടായി. 1000 ഹെക്ടര്‍ നെല്‍കൃഷി വെള്ളത്തിനടിയിലായി.

വെള്ളം ഇറങ്ങിയാല്‍ മാത്രമേ നഷ്ടത്തിന്റെ കണക്കെടുപ്പ് സാധ്യമാവൂ. ജില്ലയില്‍ മഴക്കെടുതിയില്‍ ഒരു മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കാഞ്ഞിരപ്പള്ളി താലൂക്കില്‍ ചെറുവള്ളി വില്ലേജില്‍ ശിവന്‍ കുട്ടിയാണ് (50) മണിമലയാറ്റില്‍ വീണു മരിച്ചത്. രണ്ടുപേരെ കാണാതായി.

പൊതുജനങ്ങള്‍ക്കുളള മുന്നറിയിപ്പുകള്‍

1. ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ളതിനാല്‍ രാത്രി സമയത്ത് മലയോര മേഖലയിലേക്കുള്ള യാത്ര പരിമിതപെടുത്തുവാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണം.

2. ബീച്ചുകളില്‍ കടലില്‍ ഇറങ്ങാതിരിക്കുവാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണം. പുഴകളിലും തോടുകളിലും ജല നിരപ്പ്  ഉയരുവാന്‍ സാധ്യതയുണ്ട്. പുഴകളിലും ചാലുകളിലും വെള്ളകെട്ടിലും മഴയത്ത് ഇറങ്ങാതിരിക്കുവാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണം.

3. മലയോര മേഖലയിലെ റോഡുകള്‍ക്ക് കുറുകെ ഉള്ള ചെറിയ ചാലുകളിലൂടെ മലവെള്ള പാച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകുവാന്‍ സാധ്യതയുണ്ട് എന്നതിനാല്‍ ഇത്തരം ചാലുകളുടെ അരികില്‍ വാഹനങ്ങള്‍ നിര്‍ത്താതിരിക്കുവാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണം

4. മരങ്ങള്‍ക്ക് താഴെ വാഹനം പാര്‍ക്ക് ചെയ്യാതിരിക്കുവാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണം

5. ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ള മലയോര മേഖലയിലെ ജനങ്ങള്‍ ജാഗരൂകരായിരിക്കണം

6. ഉദ്യോഗസ്ഥര്‍ അവശ്യപ്പെട്ടാല്‍ മാറി താമസിക്കുവാന്‍ അമാന്തം കാണിക്കരുത്

7. പരിശീലനം സിദ്ധിച്ച സന്നദ്ധ പ്രവര്‍ത്തകര്‍ അല്ലാതെയുള്ളവര്‍ വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍ എന്നിവ ബാധിച്ച സ്ഥലങ്ങളിലേക്കുള്ള സന്ദര്‍ശനം ഒഴിവാക്കുക

17-7-2018 വരെ അതിശക്തമായ മഴ ലഭിക്കും എന്ന അറിയിപ്പിന്റെ അടിസ്ഥാനത്തിൽ ഈ മുന്നറിയിപ്പ് ശ്രദ്ധയോടെ കണക്കാക്കണം. തുടര്‍ച്ചയായി മഴ ലഭിച്ചതിനാല്‍, ശക്തമായ മഴ, പെട്ടന്നുള്ള വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവയ്ക്ക് കാരണമാകാം.

Read more topics: kottayam, rain, Relief camps
English summary
heavy rain: 83 relief camps opened in Kottayam district
topbanner

More News from this section

Subscribe by Email