Sunday December 16th, 2018 - 1:02:am
topbanner

കോട്ടയത്ത് ദമ്പതികളുടെ തിരോധാനം തുടർകഥയാകുന്നു

NewsDesk
കോട്ടയത്ത് ദമ്പതികളുടെ തിരോധാനം തുടർകഥയാകുന്നു

കോട്ടയം: നാടിനെ ഞെട്ടിച്ചു വീണ്ടുമൊരു ദമ്പതികളുടെ തിരോധാനം കൂടി. കുഴിമറ്റം സദനം കവലയ്ക്കു സമീപം പത്തില്‍പറപ്പില്‍ മോനിച്ചനും ഭാര്യ ബിന്‍സി(നിഷ)യുമാണ് ഒടുവില്‍ കാണാതായത്. എട്ടു മാസത്തിനുള്ളില്‍ ജില്ലയില്‍ നിന്നു കാണാതാകുന്ന മൂന്നാമത്തെ ദമ്പതികളാണു മോനിച്ചയും നിഷയും. കഴിഞ്ഞ ഏപ്രിലില്‍ അറുപറ സ്വദേശികളായ ഹാഷിമും ഹബീബയുമാണ് ആദ്യം കാണാതാകുന്നത്. ഭക്ഷണം വാങ്ങാന്‍ പുറത്തുപോയ ഇരുവരെയും പിന്നീടാരും കണ്ടിട്ടില്ല. ഇവരെ കുറിച്ചുള്ള അന്വേഷണം ഇപ്പോഴും പുരോഗമിക്കുകയാണ്. ഇതിനിടെയാണ് ഒരാഴ്ചയ്ക്കു മുന്‍പു മാങ്ങാനം സ്വദേശികളായ വയോധിക ദമ്പതികളുടെ തിരോധാനവും പിന്നാലെ മകന്‍ തൂങ്ങിമരിക്കുകയും ചെയ്തത്.

ഇവരെ കുറിച്ചും അന്വേഷണ സംഘത്തിന് ഇതുവരെ വിവരങ്ങള്‍ ഒന്നും ലഭ്യമായിട്ടില്ല.വര്‍ദ്ധിച്ചു വരുന്ന തിരോധാനങ്ങളില്‍ പോലീസും ആശങ്കയിലാണ്.

ഏപ്രില്‍ ആറിനു രാത്രി ഭക്ഷണം വാങ്ങാന്‍ പോയ ഇരുവരെയും പിന്നീടാരും കണ്ടിട്ടില്ല. ഇവര്‍ യാത്ര ചെയ്ത കാര്‍ ഉള്‍പ്പെടെയാണ് കാണാതായത്. പോലീസ് വിവിധ സംഘങ്ങളായി തിരിഞ്ഞ് സംസ്ഥാനത്തിനകത്തും പുറത്തും അന്വേഷണം തുടരുകയാണെങ്കിലും ഇവര്‍ എവിടെയാണെന്ന കാര്യത്തില്‍ ഒരു സൂചനയുമില്ല.

അയല്‍ സംസ്ഥാനങ്ങളിലെ പോലീസിനും ദമ്പതികളുടെ ചിത്രവും വിവരങ്ങളും കൈമാറി അന്വേഷണം നടത്തിവരുന്നുണ്ട്. മുന്‍പ് ഇവര്‍ സഞ്ചരിച്ച വാഹനംഅപകടത്തില്‍പ്പെടാനുള്ള സാധ്യത കണക്കിലെടുത്തു താഴത്തങ്ങാടി ആറ്റിലും കൈവഴി തോടുകളിലും ആധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ച ആഴ്ചകളോളം പരിശോധന നടത്തിയിട്ടും ഒന്നും കണ്ടെത്താനായില്ല.

വാഗമണ്‍, ഇടുക്കി മലനിരകളിലും പോലീസ് സംഘം പരിശോധന നടത്തി. ദമ്പതികള്‍ ഫോണ്‍ ചെയ്യാന്‍ സാധ്യതയുള്ള ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഫോണുകളും പോലീസ് നിരീക്ഷിച്ചിട്ടും ഫലമുണ്ടായില്ല. വീട്ടില്‍ ഭക്ഷണം തയാറാക്കി വച്ചിരിക്കേ ഭക്ഷണം വാങ്ങാന്‍ ഹര്‍ത്താല്‍ ദിനത്തില്‍ ദമ്പതികള്‍ പുറത്തുപോയതില്‍ ദുരൂഹതയുണ്ടെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.

നിലവിലുണ്ടായിരുന്ന മുന്തിയ കാര്‍ വിറ്റു വാഗണ്‍ ആര്‍ കാര്‍ വാങ്ങിയതിലും രണ്ടുമാസമായിട്ടും രജിസ്‌ട്രേഷന്‍ നടത്താതിരുന്നതിലും ദുരൂഹതയുണ്ടെന്നാണു ഹബീബയുടെ ബന്ധുക്കല്‍ പറയുന്നത്. ഇടുക്കിയിലെ തേയില തോട്ടങ്ങള്‍ കേന്ദ്രീകരിച്ചു കഴിഞ്ഞാഴ്ചകളില്‍ വന്‍ പരിശോധ നടത്തിയിട്ടും യാതൊരു വിവരവും പോലീസിനു ലഭിച്ചില്ല. അതേസമയം പോലീസ് അന്വേഷണം ഫലപ്രദമല്ലെന്നു ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ ഹൈകോടതിയെ സമീപിക്കാനൊരുങ്ങുകയാണ്.

മാങ്ങാനത്തു നിന്നും കഴിഞ്ഞ തിങ്കളാഴ്ചയാണു വയോധിക ദമ്പതികളായ എബ്രഹാമിനെയും (69), ഭാര്യ തങ്കമ്മയെയും (65) കാണാതാകുന്നത്. അതുവരെ ഇവരുടെ കുടുംബത്തില്‍ യാതൊരു പ്രശ്‌നവുമില്ലായിരുന്നുവെന്നു ബന്ധുക്കല്‍ പറയുന്നു. അച്ഛനും അമ്മയും വീടു വിട്ടു പോയ ദുഃഖം സഹിക്കാതെ ഇവരുടെ മകന്‍ ടിന്‍സി ബുധനാഴ്ച ആത്മഹത്യ ചെയ്യുകയും ചെയ്തു. ഗര്‍ഭിണിയായ ഭാര്യ ബെന്‍സിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കെയാണു ടിന്‍സി ആത്മഹത്യ ചെയ്തത്. ഇതിനിടെ ടിന്‍സിയ്ക്കു പെണ്‍കുഞ്ഞു പിറക്കുകയും ചെയ്തു.

പ്രസവശസ്ത്രക്രിയക്കുശേഷം വിശ്രമിക്കുന്ന ടിന്‍സിയുടെ ഭാര്യ ബെന്‍സിയെ മരണവിവരം ഇനിയും അറിയിച്ചിട്ടില്ല. ബെന്‍സി പ്രസവശസ്ത്രക്രിയക്കുശേഷം വിശ്രമിക്കുന്നതിനാല്‍ മരണവിവരം ഉടന്‍ അറിയിക്കരുതെന്നു ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. മാതാപിതാക്കളെ കണ്ടെത്താന്‍ ടിന്‍സി പോയിരിക്കുകയാണെന്നാണു ബിന്‍സിയെ ധരിപ്പിച്ചിരിക്കുന്നത്.

ടിന്‍സിയുടെ മരണവിവരമറിഞ്ഞ് എബ്രഹാമും തങ്കമ്മയും മടങ്ങിയെത്തുമെന്നാണു ബന്ധുക്കള്‍ ഇപ്പോഴും പ്രതീക്ഷിക്കുന്നത്. ഇവര്‍ എത്തിയതിനു ശേഷം ടിന്‍സിയുടെ സംസ്‌കാരം തീരുമാനിച്ചാല്‍ മതിയെന്നാണ് ആദ്യം നിശ്ചയിച്ചിരുന്നത് എത്താല്‍ ടിന്‍സിയുടെ മൃതദേഹം ജീര്‍ണാവസ്ഥയിലാണെന്നും മൃതദേഹം അധികനാള്‍ സൂക്ഷിക്കാനാവില്ലെന്നുമാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.

അതേസമയം എബ്രഹാമും തങ്കമ്മയും എവിടെയാണെന്ന കാര്യത്തില്‍ പോലീസിനു വ്യക്തമായ തെളിവ് ഇനിയും ലഭിച്ചിട്ടില്ല. ഇവര്‍ പോകന്‍ സാധ്യതയുള്ള ബന്ധുക്കളുടെ വീട്ടിലും ധ്യാന കേന്ദ്രങ്ങളിലും പോലീസ് തെരച്ചില്‍ നടത്തിയെങ്കിലും ഇവരെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതേ തുടര്‍ന്ന് ഇവര്‍ ഇതര സംസ്ഥാനങ്ങളിലേയ്ക്കു കടന്നു കാണുമെന്ന നിഗമനത്തിലാണു പോലീസ്.

കുഴിമറ്റം സ്വദേശികളായ മോനിച്ചന്‍ (42), ഭാര്യ ബിന്‍സി (നിഷ 37) ദമ്പതികളെയാണ് ഒടുവില്‍ ജില്ലയില്‍ നിന്നു കാണാതായത്. ഇവരെ കാണാനില്ലെന്നു കാട്ടി ശനിയാഴ്ചയാണു ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയത്. ഭാര്യയുമായി പിണങ്ങിക്കഴിയുകയായിരുന്ന മോനിച്ചന്‍ തമിഴ്‌നാട് സ്വദേശിയുമായി ബിന്‍സിക്ക് അടുപ്പമുണ്ടെന്ന സംശയത്തെതുടര്‍ന്നു വീട്ടിലെത്തി നിരന്തരം വഴക്കുണ്ടാകുമായിരുന്നു.

സംഭവ ദിവസം വീട്ടില്‍നിന്നും ഒരാള്‍ ഇറങ്ങിപോകുന്നതു മോനിച്ചന്‍ കണ്ടു. ഇത് ആരാണെന്ന് അന്വേഷിച്ചു വീട്ടിലെത്തിയ മോനിച്ചനും ബിന്‍സിയുമായി വാക്കേറ്റമുണ്ടായി. വഴക്കു രൂക്ഷമായതോടെ ബിന്‍സി ഇരുന്ന മുറിയിലേക്കു വെട്ടുകത്തിയുമായി മോനിച്ചന്‍ കയറി പോകുന്നതു കണ്ടതായി കുട്ടികള്‍ പോലീസിനു മൊഴി നല്‍കിയിട്ടുണ്ട്. അല്‍പസമയത്തിനുശേഷം ഇയാള്‍ വീടിനു പുറത്തേക്കു പോയി. തൊട്ടു പിന്നാലെ ബിന്‍സിയും ഇറങ്ങിപ്പോയി.

ഇരുവരും തിരികെ വരാതായതോടെ മക്കളായ രണ്ടു പെണ്‍കുട്ടികളും ആണ്‍കുട്ടിയും കുമരകത്തെ ബന്ധുവീട്ടില്‍ എത്തി കാര്യങ്ങള്‍ പറഞ്ഞു. തുടര്‍ന്നാണു ബന്ധുക്കള്‍ ചിങ്ങവനം എസ്.ഐ അനൂപ് സി. നായര്‍ക്കു പരാതി നല്‍കിയത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുടുംബ വഴക്കിനെ തുടര്‍ന്നു മാറി നില്‍ക്കുകയാണെന്നും ഏറെ ദൂരും പോകാനുള്ള സാധ്യതകളും പോലീസ് തള്ളുന്നു.

അതേസമയം പോലീസ് നടത്തിയ പരിശോധനയില്‍ വീടിനുള്ളില്‍നിന്നും ബിന്‍സിയുടെ രക്തം പുരണ്ട വസ്ത്രങ്ങള്‍ കണ്ടെത്തി. സംഭവത്തില്‍ ബിന്‍സിക്കു പരുക്കേറ്റതായി സൂചനയുണ്ട്. ഇതുകൊണ്ടു തന്നെ ആശുപത്രി കേന്ദ്രീകരിച്ചുള്ള പരിശോധനകളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്

Read more topics: kottayam, missing,
English summary
kottayam missing couple monichan binsy
topbanner

More News from this section

Subscribe by Email