Thursday June 21st, 2018 - 7:10:pm
topbanner
Breaking News

തുമ്പൂര്‍മുഴി മോഡല്‍ മാലിന്യ സംസ്‌കരണവുമായി കോട്ടയം മണര്‍കാട് പഞ്ചായത്ത്; 'മാലിന്യരഹിത പഞ്ചായത്താക്കുക' എന്നത് ലക്ഷ്യം

Aswani
തുമ്പൂര്‍മുഴി മോഡല്‍ മാലിന്യ സംസ്‌കരണവുമായി കോട്ടയം മണര്‍കാട് പഞ്ചായത്ത്;  'മാലിന്യരഹിത പഞ്ചായത്താക്കുക' എന്നത് ലക്ഷ്യം

കോട്ടയം:    മണര്‍കാട് ഗ്രാമപഞ്ചായത്തിന്റെ മാലിന്യ സംസ്‌കരണത്തിന് ഇനി തുമ്പൂര്‍മുഴി മോഡല്‍. വീടുകളില്‍ നിന്നും വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും പുറം തളളുന്ന മാലിന്യങ്ങള്‍ രൂക്ഷമായതോടയാണ് തുമ്പൂര്‍മുഴി മോഡല്‍ മാലിന്യ സംസ്‌കരണത്തിന് ഊന്നല്‍ നല്‍കാന്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതി തീരുമാനമെടുത്തത്. മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിനൊപ്പം ജൈവവളം തിരികെ ലഭിക്കുന്നതാണ് പദ്ധതി.

ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് തുമ്പൂര്‍മുഴി മോഡല്‍ മാലിന്യ സംസ്‌കരണ പ്ലാന്റിന് തുടക്കംകുറിച്ചത്. മണര്‍കാട് പഞ്ചായത്ത് ഓഫീസിന് പിന്‍വശത്താണ് പുതിയ പ്ലാന്റ് സ്ഥാപിച്ചിരിക്കുന്നത്. പ്ലാന്റില്‍ മാലിന്യം സംസ്‌കരിച്ച് വളമായി മാറ്റിയെടുക്കുവാന്‍ മൂന്ന് യൂണിറ്റുകളാണ് സ്ഥാപിച്ചിരിക്കുന്നത്. മൂന്ന്‌യൂണിറ്റ് ഉള്‍പ്പെടുന്ന പ്ലാന്റിന്റെ മൊത്തം ചെലവ് നാല് ലക്ഷം രൂപയാണ്.

ജൈവമാലിന്യങ്ങള്‍ മാത്രമാകും മാലിന്യപ്ലാന്റില്‍ സംസ്‌കരിക്കുക, പ്ലാസ്റ്റിക് ഉല്‍പ്പെടെയുളള അജൈവമാലിന്യങ്ങള്‍ ഇവിടെ സംസ്‌കരിക്കില്ല. ആകെയുളള മൂന്ന് യൂണിറ്റില്‍ ഒരു യൂണിറ്റിനകത്ത് ആയിരം കിലോ മാലിന്യം വരെ സംസ്‌കരിക്കാനാകും. ഒരു യൂണിറ്റകത്ത് പ്രതിദിനം പത്ത് കിലോ മാലിന്യം നിക്ഷേപിക്കാനാണ് പദ്ധതി. മണര്‍കാട് പഞ്ചായത്ത് പരിധിയിലുളള ഹോട്ടലുകളില്‍ നിന്നും വീടുകളില്‍ നിന്നുമുളള ജൈവമാലിന്യങ്ങളാകും ഇതില്‍ നിക്ഷേപിക്കുക.

യൂണിറ്റുകളില്‍ ആദ്യം കരിയില നിക്ഷേപിക്കും. അതിനു മുകളില്‍ മാലിന്യം. വീണ്ടും കരിയില വിതറും. ഏറ്റവും മുകളില്‍ ഇനോകുലം മിശ്രിതം കൂടി വിതറി സൂക്ഷിക്കും. മാലിന്യങ്ങള്‍ പെട്ടെന്ന് ജീര്‍ണ്ണിക്കുവാനാണ് ഇനോകുലം മിശ്രിതം വിതറുന്നത്. ഒരു യൂണിറ്റിലെ മാലിന്യം ജൈവവളമാകാന്‍ എടുക്കുന്ന സമയം മൂന്ന് മാസമാണ്. ഇങ്ങനെ ലഭിക്കുന്ന ജൈവവളം വില്‍ക്കുവാനാണ് പഞ്ചായത്തിന്റെ തീരുമാനം.

മാലിന്യ സംസ്‌കരണ പ്ലാന്റിലേക്ക് രണ്ട് ജീവനക്കാരെയാണ് നിയമിച്ചിരിക്കുന്നത്. ഹോട്ടലുകളില്‍ നിന്നും വീടുകളില്‍ നിന്നും മാലിന്യം,സംസ്‌കരണ പ്ലാന്റുകളിലേക്ക് അവരവര്‍ തന്നെ എത്തിക്കണം. മാലിന്യം കൊണ്ടുവരുന്നതിന് പ്രത്യേക സമയം ക്രമീകരിക്കും. മാലിന്യമെത്തിക്കുന്നവരില്‍ നിന്ന് ചെറിയ ഫീസ് ഈടാക്കും. ഈ ഫീസില്‍ നിന്നാകും മാലിന്യ സംസ്‌കരണ പ്ലാന്റിലെ ജീവനക്കാര്‍ക്കുളള വേതനം നല്‍കുക.ദിനമിത്ര ഏജന്‍സിയെയാണ് പ്ലാന്റ് സ്ഥാപിച്ചിരിക്കുന്നത്.

പ്ലാന്റിലെ ജീവനക്കാര്‍ക്കുളള പരിശീലനവും ഏജന്‍സിയാണ് നല്‍കിയിരിക്കുന്നത്. മാലിന്യ സംസ്‌കരണ യൂണിറ്റുകളില്‍ കിടന്ന് മാലിന്യങ്ങള്‍ ദ്രവിക്കുമ്പോള്‍ ഉണ്ടാകുന്ന ദ്രാവകം ശേഖരിക്കുവാനും ടാങ്ക് സ്ഥാപിച്ചിട്ടുണ്ട്. ഇങ്ങനെ ലഭിക്കുന്ന ദ്രാവകവും മികച്ച ജൈവവളം തന്നെയാണ്. അജൈവമാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിനായി മാലിന്യ സംസ്‌കരണ പ്ലാന്റിന് സമീപത്തായി പുതിയ ഇന്‍സിനറേറ്ററും പഞ്ചായത്ത് സ്ഥാപിച്ച് കഴിഞ്ഞു.

ഇതും ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും. ശ്യാമ പ്രസാദ് മുഖര്‍ജി റര്‍ബന്‍ മിഷന്‍ മുഖാന്തിരം ലഭിച്ച ഫണ്ടില്‍ നിന്നായിരുന്നു ഇതിന്റെ നിര്‍മ്മാണം.മണര്‍കാട് പഞ്ചായത്തിനെ മാലിന്യരഹിത പഞ്ചായത്താക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിയിരിക്കുന്ന ഈ പദ്ധതി വന്‍ വിജയം കാണുമെന്ന പ്രതീക്ഷയിലാണ് പഞ്ചായത്ത് ഭരണസമിതി.

English summary
Kottayam Mankadu Panchayat with Thumburmuzhi model waste management; The purpose of Manikadu panchayat is to make wasteful panchayats

More News from this section

Subscribe by Email