Thursday November 15th, 2018 - 9:43:am
topbanner

പട്ടികവര്‍ഗ്ഗ വിദ്യാര്‍ഥികള്‍ക്ക് പഠനത്തില്‍ സഹായഹസ്തമേകി കൊല്ലം അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്തിന്റെ 'ഉന്നതി' പദ്ധതി

Aswani
പട്ടികവര്‍ഗ്ഗ വിദ്യാര്‍ഥികള്‍ക്ക് പഠനത്തില്‍ സഹായഹസ്തമേകി കൊല്ലം അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്തിന്റെ 'ഉന്നതി' പദ്ധതി

കൊല്ലം: പട്ടിക വര്‍ഗ കോളനികളിലെ വിദ്യാര്‍ഥികളുടെ പഠന നിലവാരം ഉയര്‍ത്തുന്നതിനായി ഉന്നതി എന്ന പേരില്‍ അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കിയ സൗജന്യ ട്യൂഷന്‍ പദ്ധതി രണ്ടാം വര്‍ഷത്തിലേക്ക്. പുതിയ അധ്യയന വര്‍ഷത്തിലെ പ്രവര്‍ത്തനങ്ങള്‍ ഉറുകുന്ന് വിജ്ഞാന കേന്ദ്രത്തില്‍ അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രഞ്ജു സുരേഷ് ഉദ്ഘാടനംചെയ്തു.

അഞ്ചാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്കായി വൈകുന്നേരം അഞ്ച് മുതല്‍ എഴു വരെ കോളനികളിലെ പൊതു കേന്ദ്രങ്ങളിലാണ് ബ്ലോക്ക് പഞ്ചായത്ത് നിയോഗിച്ച അധ്യാപകര്‍ ക്ലാസെടുക്കുന്നത്. പട്ടിക വര്‍ഗ്ഗ വികസന വകുപ്പിന്റെ സഹായത്തോടെ നടത്തുന്ന പദ്ധതിയില്‍ ബ്ലോക്ക് പഞ്ചായത്തിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്നാണ് അധ്യാപകര്‍ക്ക് ശമ്പളം നല്‍കുന്നത്. ട്രൈബല്‍ എക്റ്റന്‍ഷന്‍ ഓഫീസര്‍ ഷിനു ബാബുക്കുട്ടിയ്ക്കാണ് നിര്‍വഹണച്ചുമതല.

ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്തിലെ പെരുവഴിക്കാല,തെന്മല ഗ്രാമപഞ്ചായത്തിലെ ഉറുകുന്ന് എന്നീ പട്ടികവര്‍ഗ്ഗ ഊരുകളില്‍ ഉന്നതിയുടെ സേവനമുണ്ട്. രണ്ട് കേന്ദ്രങ്ങളിലുമായി അന്‍പതോളം കുട്ടികള്‍ക്ക് പഠന സഹായം ലഭിക്കുന്നു. എല്ലാ വിഷയങ്ങളിലും ക്ലാസുകളുണ്ട്. പഠിക്കാനെത്തുന്ന കുട്ടികള്‍ക്ക് ലഘുഭക്ഷണവും നല്‍കുന്നു. കഴിഞ്ഞ അധ്യയന വര്‍ഷം ഒട്ടേറെ വിദ്യാര്‍ഥികള്‍ക്ക് പഠനം എളുപ്പമാക്കാനും പഠനത്തോട് താല്‍പര്യം വര്‍ധിപ്പിക്കാനും ഉന്നതി സഹായകരമായെന്ന് അധ്യാപകരും രക്ഷിതാക്കളും സാക്ഷ്യപ്പെടുത്തുന്നു. ഈ സാഹചര്യത്തിലാണ് പദ്ധതി തുടരാന്‍ ബ്ലോക്ക് പഞ്ചായത്ത് തീരുമാനിച്ചത്.

ഫീസ് നല്‍കി ട്യൂഷന്‍ നേടാന്‍ കഴിയാത്ത കുട്ടികള്‍ക്ക് പദ്ധതി ഏറെ പ്രയോജനപ്രദമാണെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രഞ്ജു സുരേഷ് പറഞ്ഞു. ഉദ്ഘാടനച്ചടങ്ങില്‍ ബ്ലോക്ക് വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ധന്യ രാജു അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗം സജികുമാരി സുഗതന്‍, ഊര് മൂപ്പത്തി ശ്യാമള, ബി.ഡി.ഒ സൗമ്യ ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

English summary
kollam anchal block panchayat unnathi program help tribal students in education
topbanner

More News from this section

Subscribe by Email