Monday September 24th, 2018 - 7:08:pm
topbanner

അഴിമതി രഹിത കൊല്ലം: കുടുംബശ്രീ സി ഡി എസ് തല പ്രവര്‍ത്തനത്തിന് തുടക്കം

suvitha
അഴിമതി രഹിത കൊല്ലം: കുടുംബശ്രീ സി ഡി എസ് തല പ്രവര്‍ത്തനത്തിന് തുടക്കം

കൊല്ലം: കുടുംബശ്രീ ജില്ലാമിഷന്റെ അഴിമതി രഹിത കൊല്ലം പദ്ധതിയുടെ സി ഡി എസ് തലത്തിലുള്ള പ്രവര്‍ത്തനത്തിന് തുടക്കമായി. ജില്ലാതല ഉദ്ഘാടനം ഉമ്മന്നൂര്‍ ഗ്രാമപഞ്ചായത്ത് സി ഡി എസില്‍ പി അയിഷാ പോറ്റി എം എല്‍ എ നിര്‍വ്വഹിച്ചു. അഴിമതി രഹിതവും കാര്യക്ഷമവുമായ സേവനങ്ങള്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നും സാധാരണ ജനങ്ങള്‍ക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തിനായി കുടുംബശ്രീ ജില്ലാമിഷനും, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും, വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സംയുക്തമായിട്ടാണ് പരിപാടിക്ക് ആരംഭം കുറിച്ചത്.

വിവിധ വകുപ്പുകളില്‍ നിന്നും ലഭ്യമാകേണ്ട സേവനങ്ങളേയും അവകാശങ്ങളേയും കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുക, അഴിമതി സംബന്ധിച്ച വിവരങ്ങള്‍ അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തുക, ക്രിയാത്മകമായ ഇടപെടലുകള്‍ പൊതുജന പങ്കാളിത്തത്തോടെ നടത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് കുടുംബശ്രീ മിഷന്‍ അഴിമതി രഹിത കാമ്പയിന്‍ നടത്തുന്നത്. ജില്ലയില്‍ 24000 അയല്‍ക്കൂട്ടങ്ങളായി വ്യാപിച്ചു പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ സംവിധാനത്തിന് നിലവില്‍ രണ്ടര ലക്ഷം അംഗങ്ങളാണുള്ളത്. ഇവര്‍ക്ക് കാമ്പയിന്റെ പരിശീലനം ലഭിച്ചു തുടങ്ങി.

പഞ്ചായത്തുതലത്തിലുള്ള കുടുംബശ്രീ സി ഡി എസ് ഓഫീസുകള്‍ ഇനി അഴിമതി വിരുദ്ധ പ്രവര്‍ത്തനത്തിന്റെ പ്രാദേശിക ആഫീസുകളായി മാറും. ജനകീയ കമ്മറ്റികള്‍ രൂപീകരിച്ചു കൊണ്ട് എല്ലാ വകുപ്പുകളുമായി ബന്ധപ്പെട്ട അപേക്ഷാ ഫോറം കുടുംബശ്രീ എ ഡി എസ് ഓഫീസുകളില്‍ നിന്നും ലഭ്യമാക്കും. പഞ്ചായത്തുതല കമ്മറ്റികള്‍ പ്രത്യേക കുടുംബശ്രീ-സന്നദ്ധ പ്രവര്‍ത്തകരെ നിയോഗിച്ചു നിരക്ഷരരായ പാവപ്പെട്ടവര്‍ക്ക് അവരുടെ വീടുകളില്‍ എത്തി സര്‍ക്കാര്‍ സേവനത്തെപ്പറ്റി അവബോധം നല്‍കും. അപേക്ഷാ ഫോറം വീടുകളില്‍ വച്ചുതന്നെ പൂരിപ്പിച്ച് വാങ്ങുന്ന സംവിധാനം ഏര്‍പ്പെടുത്തും.

പഞ്ചായത്ത് തലത്തിലുള്ള കമ്മറ്റി ഈ അപേക്ഷകളിന്‍മേല്‍ സര്‍ക്കാര്‍ ആഫീസുകളുമായി ബന്ധപ്പെട്ട് പരിഹാരം ഉണ്ടാകുന്നതിന് പരിശ്രമിക്കും. കൂടാതെ അപേക്ഷകള്‍ ബന്ധപ്പെട്ട സര്‍ക്കാര്‍ ഓഫീസിലെത്തിയാല്‍ അനാവശ്യമായ കാലതാമസം ഉണ്ടാകുക, പാരിതോഷികം ആവശ്യപ്പെടുക തുടങ്ങിയവ ശ്രദ്ധയില്‍പ്പെട്ടാല്‍ വിജിലന്‍സിന്റെ സഹായത്തോടെ നിയമ നടപടികള്‍ സ്വീകരിക്കും. പ്രാദേശിക തലത്തില്‍ ഈ പ്രവര്‍ത്തനം മുന്നോട്ട് കൊണ്ട് പോകുന്നതിനായി സി ഡി എസ് തലത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനായും, കുടുംബശ്രീ ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ കണ്‍വീനറുമായി സമിതി രൂപീകരിക്കും.

ഉമ്മന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീത കേശവന്‍ക്കുട്ടി അദ്ധ്യക്ഷത വഹിച്ചു. കൊട്ടാരക്കര റൂറല്‍ എസ് പി എസ് സുരേന്ദ്രന്‍ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ മുഹമ്മദ് അന്‍സര്‍ പദ്ധതി വിശദീകരിച്ചു. എ ഡി എം സി വി.എസ്. സ്മിത, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിസി ജോണ്‍, മുരളീധരന്‍ പിള്ള എന്നിവര്‍ സംസാരിച്ചു. കുടുംബശ്രീ ജില്ലാമിഷന്‍ അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ വി ആര്‍ അജു സ്വാഗതവും ഉമ്മന്നൂര്‍ സി ഡി എസ് ചെയര്‍പേഴ്‌സണ്‍ ബിന്ദു പ്രകാശ് നന്ദിയും പറഞ്ഞു.

Read more topics: without, corruption, kudumbasree,
English summary
kollam without Corruption: Kudumbasree starts functioning of CDS head
topbanner

More News from this section

Subscribe by Email