Monday March 25th, 2019 - 8:23:pm
topbanner
topbanner

ചവറ മിനി സിവില്‍ സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്തു; സിവില്‍ സര്‍വീസ് മേഖല ഗുണപരമായ മാറ്റത്തിന്റെ പാതയില്‍: മുഖ്യമന്ത്രി

Aswani
ചവറ മിനി സിവില്‍ സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്തു; സിവില്‍ സര്‍വീസ് മേഖല ഗുണപരമായ  മാറ്റത്തിന്റെ പാതയില്‍: മുഖ്യമന്ത്രി

കൊല്ലം: സംസ്ഥാനത്ത് സിവില്‍ സര്‍വീസ് മേഖല ഗുണപരമായ മാറ്റത്തിന്റെ പാതയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊതുജന സേവനത്തിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളെ സര്‍വീസ് സംഘടനകളും സമൂഹവും പിന്തുണയ്ക്കുന്നുണ്ട്. ഈ പൊതുധാര ഉള്‍ക്കൊള്ളാന്‍ ജീവനക്കാര്‍ക്ക് കഴിയണം. പ്രകടമായ മാറ്റം ഉണ്ടാകുമെന്നുതന്നെയാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ചവറ മിനി സിവില്‍ സ്റ്റേഷന്‍ മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

സര്‍ക്കാരില്‍നിന്ന് ജനങ്ങള്‍ക്ക് ലഭിക്കുന്ന സേവനങ്ങള്‍ ഔദാര്യമല്ല. പൗരന്റെ അവകാശമാണ്. ഈ ബോധം സിവില്‍ സര്‍വീസില്‍ പൊതുവേ ഉണ്ടായാല്‍ ആരോഗ്യകരമായ മാറ്റം അനായാസമാകും. സേവനം ലഭ്യമാക്കുന്നതിന് ആശാസ്യമല്ലാത്ത സമീപനം ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടാകുന്നതും അതിന് കൂട്ടുനില്‍ക്കുന്നതും നിയമവിരുദ്ധമാണ്. ആവശ്യം നടന്നില്ലെങ്കില്‍ ജനങ്ങള്‍ക്ക് പരാതിപ്പെടാന്‍ സംവിധാനങ്ങളുണ്ട്. പരാതികള്‍ സര്‍ക്കാര്‍ ഗൗരമായി പരിഗണിക്കും. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. തെറ്റായ പ്രവണതകള്‍ തുടരാന്‍ അനുവദിക്കില്ല.

ജനങ്ങളുടെ ആവശ്യങ്ങളില്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ വേഗത്തില്‍ തീരുമാനമുണ്ടാക്കാന്‍ കഴിയുന്ന സംവിധാനമാണ് ലക്ഷ്യം. തീരുമാനങ്ങള്‍ക്ക് കാലതാമസമുണ്ടാകുമ്പോഴാണ് ജനങ്ങള്‍ അസംതൃപ്തരാകുന്നത്. അപേക്ഷകളുടെ സ്ഥിതി അറിയുന്നതിന് ഓഫീസുകളില്‍ വീണ്ടും പോകേണ്ട സാഹചര്യം ഒഴിവാക്കണം. തീരുമാനങ്ങള്‍ സമയബന്ധിതമാക്കുകയാണ് പോംവഴി. ഇതിന് ഓണ്‍ലൈന്‍ സംവിധാനം പ്രയോജനപ്പെടുത്തണം. ഈ-ഗവേണന്‍സ് ഇതിനോടകം സംസ്ഥാനത്തെ പൊതുസമൂഹം അംഗീകരിച്ചിട്ടുണ്ട്.

നാടിന്റെ ഉന്നമനം ലക്ഷ്യമിട്ട് ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ നടത്തുന്നുണ്ട്. ഇവയിലൂടെ സംഭവിച്ച മാറ്റങ്ങള്‍ പല ഭാഗത്തും പ്രകടമാണ്. പൊതു വിദ്യാഭ്യാസ യജ്ഞം നടപ്പാക്കുക വഴി പൊതുവിദ്യാലയങ്ങളില്‍ കുട്ടികളുടെ എണ്ണം ഗണ്യമായി വര്‍ധിച്ചു. കഴിഞ്ഞ വര്‍ഷം സ്‌കൂളുകളില്‍ ഒന്നര ലക്ഷം കുട്ടികളാണ് അധികമായി എത്തിയത്. ഈ വര്‍ഷം നില മെച്ചപ്പെടുത്താന്‍ കഴിഞ്ഞു. ഗുണകരമായ നടപടികളോട് നാട് എങ്ങനെ പ്രതികരിക്കുന്നു എന്നതാണ് ഇതില്‍നിന്ന് വ്യക്തമാകുന്നത്.

പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കാന്‍ ജനങ്ങളും സര്‍ക്കാരും ഒന്നു ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണ്. പൊതു വിദ്യാലയങ്ങളില്‍ കുട്ടികളെ അയയ്ക്കാന്‍ രക്ഷാകര്‍ത്താക്കള്‍ ആഗ്രഹിക്കുന്നു. ഇവിടുത്തെ പാഠ്യപദ്ധതി മികവുറ്റതാണെന്ന് ദേശീയതലത്തില്‍പോലും അംഗീകരിക്കപ്പെട്ടു. ഈ അനുഭവത്തിന്റെ വെളിച്ചത്തില്‍ ശേഷിക്കുന്ന സ്‌കൂളുകളെയും മാറ്റത്തിന്റെ വഴിയിലേക്ക് നയിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്-മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ലക്ഷ്യമിടുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ അടിസ്ഥാന ജനവിഭാഗങ്ങള്‍ക്ക് ഗുണകരമായ ഒട്ടേറെ തീരുമാനങ്ങള്‍ സ്വീകരിക്കാന്‍ സര്‍ക്കാരിന് സാധിച്ചു. വിവിധ സര്‍ക്കാര്‍ ഓഫീസുകള്‍ ഒരേ സമുച്ചയത്തില്‍ കൊണ്ടുവരുന്നത് ജനങ്ങള്‍ക്ക് കൂടുതല്‍ സഹായകമാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

എന്‍. വിജയന്‍പിള്ള എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി, ജില്ലാ കലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍, സബ് കലക്ടര്‍ ഡോ. എസ്. ചിത്ര, ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തങ്കമണിപ്പിള്ള, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എസ്. ശാലിനി, പി.കെ. ലളിത, എസ്. മായ, പി. അനില്‍കുമാര്‍, ജോസ് ആന്റണി, ജില്ലാ പഞ്ചായത്തംഗം എസ്. ശോഭ, ചവറ ബ്ലോക്ക് പഞ്ചായത്തംഗം പി. സുധാകുമാരി, പന ഗ്രാമപഞ്ചായത്തംഗം വി. അയ്യപ്പന്‍പിള്ള, മറ്റ് ജനപ്രതിനിധികള്‍, രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

English summary
Chavara Mini Civil Station inaugurated;The civil service sector is on the path of a positive change: chief minister
topbanner

More News from this section

Subscribe by Email