Thursday June 27th, 2019 - 6:04:am
topbanner
topbanner

കൊച്ചി വാട്ടര്‍ മെട്രോ: പൊതുജനാഭിപ്രായം ശേഖരിച്ചു

Aswani
കൊച്ചി വാട്ടര്‍ മെട്രോ: പൊതുജനാഭിപ്രായം ശേഖരിച്ചു

എറണാകുളം: നിര്‍ദ്ദിഷ്ട കൊച്ചി വാട്ടര്‍ മെട്രോ പദ്ധതിക്ക് പാരിസ്ഥിതിക അനുമതി നല്‍കുന്നതു സംബന്ധിച്ച് ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ. സഫീറുള്ളയുടെ അധ്യക്ഷതയില്‍ സംസ്ഥാന മലിനീകരണ നിയന്ത്രണബോര്‍ഡ് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ പൊതുജനാഭിപ്രായ ശേഖരണം നടത്തി. കൊച്ചിയിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി സംസ്ഥാന സര്‍ക്കാര്‍ ഉടമസ്ഥതയില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ 50 ശതമാനം വീതം ഓഹരി പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുക.'ഒരു ശൃംഖല, ഒരു സമയക്രമം, ഒരു കാര്‍ഡ്' എന്നതാണ് വാട്ടര്‍ മെട്രോയുടെ മുദ്രാവാക്യം. ധാരാളമുള്ള ജലസമ്പത്ത് ഫലപ്രദമായി ഉപയോഗിക്കാന്‍ ജലഗതാഗതം സാര്‍വത്രികമാക്കുകയാണ് ലക്ഷ്യം.

പത്തിലധികം ദ്വീപുകള്‍ ഒരു പ്രധാന പ്രദേശത്തേക്ക് ബന്ധിപ്പിക്കപ്പെടുന്ന തരത്തിലാണ് ഇപ്പോള്‍ ജില്ലയില്‍ ജലഗതാഗത സംവിധാനം സജ്ജമാക്കിയിട്ടുള്ളത്. എന്നാല്‍ ആളുകളുടെ ബാഹുല്യത്തിനനുസരിച്ചുള്ള സേവനം നല്‍കാന്‍ സംവിധാനം പര്യാപ്തമാകുന്നുമില്ല. എല്ലാ സര്‍വ്വീസുകളും എറണാകുളം കേന്ദ്രീകരിച്ചുള്ളതാണ്. യാത്രക്കാരെയിറക്കി ഒരു ബോട്ട് തിരികെയെത്താന്‍ 30 മുതല്‍ 45 മിനിറ്റുവരെ എടുക്കുന്നുമുണ്ട്. ഈ കാത്തിരിപ്പും തിരക്കും ഒഴിവാക്കുകയാണ് വാട്ടര്‍ മെട്രോയുടെ ലക്ഷ്യം.

എല്ലാ ദ്വീപുകളെയും ബന്ധിപ്പിച്ചുകൊണ്ട് 76 കി.മീ. ദൂരത്തില്‍ 15 റൂട്ടുകളാണ് വാട്ടര്‍ മെട്രോയില്‍ ഉണ്ടാവുക. എട്ടു മുതല്‍ 12 നോട്ടു വരെയാണ് വേഗത നിശ്ചയിച്ചിട്ടുള്ളത്. പരമാവധി 15 മിനിറ്റിനുള്ളില്‍ അടുത്ത ബോട്ട് വരും. ദേശീയ ജലപാതയുടെ 44, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന്റെ 33, നിലവിലെ ജലഗതാഗത സംവിധാനങ്ങളുടെ 20 ശതമാനം വീതവും മറ്റുള്ള ഏഴു ശതമാനവും ചേര്‍ത്താണ് പാത ക്രമീകരിക്കുക. 100 പേര്‍ക്ക് കയറാവുന്ന 23 ബോട്ടുകളും 50 പേര്‍ക്ക് കയറാവുന്ന 55 ബോട്ടുകളുമാണ് ഇറക്കാനുദ്ദേശിക്കുന്നത്. വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുമെന്നുള്ളതും മാലിന്യം വളരെ കുറവാണെന്നതുമാണ് ഗുണം.

അടിസ്ഥാന പരിസ്ഥിതി നിലവാരം, പാരിസ്ഥിതിക ആഘാതങ്ങള്‍, സാമ്പത്തിക സാമൂഹിക വീക്ഷണം, ഭൗമ പരിസ്ഥിതി, ജലപരിസ്ഥിതി തുടങ്ങിയ ഘടകങ്ങള്‍ സംബന്ധിച്ച് വാപ്‌കോസ് പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ട്. ഗതാഗത - ടൂറിസം മേഖലകളില്‍ കൊച്ചി വാട്ടര്‍ മെട്രോ വലിയ നേട്ടമാകുമെന്ന് കെ.ജെ.മാക്‌സി എം.എല്‍.എ. അഭിപ്രായപ്പെട്ടു. സ്വദേശികള്‍ക്കെന്നതുപോലെതന്നെ വിദേശികള്‍ക്കും ഇത് പ്രയോജനം ചെയ്യും. ചീനവലയ്ക്ക് സ്ഥാനചലനം വരാത്ത രീതിയിലാണ് പദ്ധതി വിഭാവനം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

നൂറുകണക്കിന് വര്‍ഷംപഴക്കമുള്ള ചീനവലകളില്‍ ഒന്നിനുപോലും കോട്ടം വരുത്താതെ പദ്ധതി നടപ്പാക്കുകയെന്നത് വെല്ലുവിളിയാണെന്ന് ഇന്‍ടാക് ലോക്കല്‍ കമ്മറ്റി കണ്‍വീനര്‍ ബാബു രാജീവ് അഭിപ്രായപ്പെട്ടു. പാരമ്പര്യത്തിന്റെ പ്രതീകമായ ചീനവലകള്‍ സംരക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പൊതുഗതാഗത സംവിധാനങ്ങള്‍ കൂടുതല്‍ സൃഷ്ടിക്കപ്പെടേണ്ടത് അത്യാവശ്യമാണെന്ന് കൊച്ചി കോര്‍പ്പറേഷന്‍ ടൗണ്‍ പ്ലാനിങ് സ്റ്റാന്റിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഷൈനി മാത്യു അഭിപ്രായപ്പെട്ടു. നമ്മുടെ രാജ്യവും വികസിക്കേണ്ടത് ആവശ്യമാണ്. ഇത്തരം സാധ്യതകള്‍ അതിനു മുതല്‍ക്കൂട്ടാവും. മട്ടാഞ്ചേരിയിലെ നിര്‍മ്മാണ പ്രവൃത്തികള്‍ക്കു മുമ്പ് പുരാവസ്തു വകുപ്പിന്റെ അനുമതി തേടുമെന്നും അവര്‍ പറഞ്ഞു.

കൊച്ചിയുടെ പാരമ്പര്യം കാത്തു സൂക്ഷിക്കണമെങ്കില്‍ ചീനവലകള്‍ സംരക്ഷിക്കപ്പെടണമെന്ന് കൊച്ചി കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ബെനഡിക്റ്റ് ഫെര്‍ണാണ്ടസ് പറഞ്ഞു. മുമ്പ് 27 വലകളുണ്ടായിരുന്നിടത്ത് 12 എണ്ണമാണ് ശേഷിക്കുന്നത്. തടിക്കുപകരം ഇരുമ്പു പൈപ്പുകള്‍ ഉപയാഗിച്ചാണ് വലിക്കുന്നത്. ഇവ തടിയില്‍ത്തന്നെയാക്കാന്‍ നിരവധി ശ്രമങ്ങള്‍ നടന്നിരുന്നു. പുനര്‍നിര്‍മാണത്തിന് തേക്കു തടികള്‍ ലഭ്യമാകാനിരിക്കെയാണ് വാട്ടര്‍ മെട്രോ കടന്നുവരുന്നത്. ഇവയെ സംരക്ഷിച്ചുകൊണ്ടുമാത്രമേ പദ്ധതി നടപ്പാക്കാവൂ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കൊച്ചിയില്‍ വാഗ്ദാനം ചെയ്തത് മൂന്നു ബര്‍ത്തുകളായിരുന്നെന്നും എന്നാല്‍ ഇപ്പോള്‍ രണ്ടെണ്ണമേ അനുവദിച്ചിട്ടുള്ളൂ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ജൈവവൈവിധ്യത്താല്‍ സമ്പുഷ്ടമായ കടമക്കുടിയുടെ സന്തുലിതാവസ്ഥയ്ക്ക് കോട്ടം വരുത്താതെ വാട്ടര്‍ മെട്രോ യാഥാര്‍ത്ഥ്യമാക്കണമെന്ന് കടമക്കുടി ഗ്രാമപഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷന്‍ എസ്.ബെന്നി ആവശ്യപ്പെട്ടു. 152 ഇനം പക്ഷികള്‍ വന്നുപോകുന്നതായി സ്ഥിരീകരിച്ചിട്ടുള്ള പ്രദേശമാണിത്. ജെട്ടി നിര്‍മാണത്തിന്റെ ഭാഗമായി ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിച്ചാല്‍ ദേശാടനപ്പക്ഷികള്‍ ദിശമാറി പറന്നുപോകാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം അറിയിച്ചു. മൂലമ്പിള്ളി- ഞാറയ്ക്കല്‍ സര്‍വ്വീസില്‍ കോതാട് പ്രദേശം ഉള്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ടു. വേലിയേറ്റമുണ്ടാകുമ്പോള്‍ വെള്ളം വളരെയധികം ഉയരുന്ന ഈ പ്രദേശത്തെ തീരസംരക്ഷണ പ്രവര്‍ത്തനങ്ങളും എസ്റ്റിമേറ്റില്‍ ഉള്‍പ്പെടുത്തണമെന്നും ജെട്ടി സ്ഥാപിക്കുന്നതു സംബന്ധിച്ച് പ്രദേശവാസികളെക്കൂടി ഉള്‍പ്പെടുത്തി ചര്‍ച്ച നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ടൂറിസം സാധ്യതകള്‍ വിപുലീകരിക്കപ്പെടുമെന്നുള്ളതിനാല്‍ പദ്ധതിയെ സ്വാഗതം ചെയ്യുന്നതായി കോതാട് ഗ്രാമപഞ്ചായത്ത് ഏഴാം വാര്‍ഡ് അംഗം എം.ഒ.പ്രസാദ് അറിയിച്ചു. വൈപ്പിനുമായി തദ്ദേശവാസികള്‍ക്ക് എളുപ്പത്തില്‍ ബന്ധപ്പെടാന്‍ സാധിക്കും വിധത്തില്‍ പദ്ധതി നടപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

നിലവിലെ ജെട്ടി സംവിധാനങ്ങളെ പരമാവധി ഉള്‍പ്പെടുത്തി മാത്രമേ വാട്ടര്‍ മെട്രോ നടപ്പാക്കാവൂ എന്ന് കൊച്ചി കോര്‍പ്പറേഷന്‍ മുന്‍ മേയര്‍ കെ.ജെ.സോഹന്‍ അഭിപ്രായപ്പെട്ടു. അഴിമുഖത്തിനടുത്ത് കാറ്റുംകോളും പതിവായതിനാല്‍ ലോക്കിങ് സിസ്റ്റം പ്രാവര്‍ത്തികമായെന്നു വരില്ല. വൈപ്പിനിലെ റോ- റോ ജെട്ടിയും സാധാരണ ജെട്ടിയും സംയോജിപ്പിച്ച് വാട്ടര്‍ മെട്രോ യാഥാര്‍ത്ഥ്യമാക്കണം. പള്ളിപ്പാലത്തെ ജെട്ടിയും ഇത്തരത്തില്‍ സംയോജിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

പൊതുസ്വത്തായ ചീനവല സംരക്ഷിക്കണമെന്ന് കൊച്ചി സ്വദേശി വി.ഡി.മജീന്ദ്രന്‍ ആവശ്യപ്പെട്ടു.
കൊച്ചിയുടെ കൈയൂക്ക് എന്നറിയപ്പെടുന്ന ചീനവല സംരക്ഷിച്ചുകൊണ്ട് പദ്ധതി നടപ്പാക്കണമെന്നും ടൂറിസം വികസനത്തില്‍ മുതല്‍ക്കൂട്ടാവുമെന്നതിനാല്‍ പദ്ധതിക്ക് എല്ലാവിധ പിന്തുണയും നല്‍കുമെന്നും ഹോംസ്റ്റേ ആന്റ് ടൂറിസം സൊസൈറ്റി എറണാകുളം ജില്ലാ പ്രസിഡന്റ് സന്തോഷ് ടോം അറിയിച്ചു.

വാട്ടര്‍ മെട്രോയുടെ ഡിസൈനിങ് സംബന്ധിച്ച ടെണ്ടറുകള്‍ മാത്രമേ ക്ഷണിച്ചിട്ടുള്ളൂവെന്നും നിര്‍മ്മാണ ടെണ്ടറുകള്‍ ആയിട്ടില്ലെന്നും പ്രതിനിധികള്‍ അറിയിച്ചു. ചീനവലകള്‍ മാറ്റിസ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ചീനവലയുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങള്‍ പരിശോധിക്കുമെന്നും കെ.എം.ആര്‍.എല്‍. പ്രതിനിധികള്‍ അറിയിച്ചു.

അതിനാലാണ് ചിലയിടങ്ങളില്‍ ബര്‍ത്തുകള്‍ കുറയ്‌ക്കേണ്ടി വന്നത്. കോതാട് കടമക്കുടി പ്രദേശത്തെ ലൈറ്റ് സംവിധാനം പരിശോധിക്കും. നടത്തിപ്പിനു മുമ്പ് പ്രദേശവാസികളുമായി കൂടിയാലോചിക്കും. ടെര്‍മിനല്‍ നിര്‍മാണത്തില്‍ കൂറ്റന്‍ കെട്ടിടങ്ങള്‍ നിര്‍മ്മിക്കാന്‍ ഉദ്ദേശ്യമില്ല. പരമാവധി 2000 ചതുരശ്ര അടിയിലുള്ള കെട്ടിടമാണ് നിര്‍മ്മിക്കുക. ഫിക്‌സ്ഡ് പിയര്‍ ജെട്ടികള്‍ നിര്‍മിച്ചാല്‍ വെള്ളപ്പൊക്കത്തെ നേരിടാന്‍ സാധിക്കില്ലെന്നതിനാല്‍ ഫ്‌ളോട്ടിങ് ജെട്ടികള്‍ക്കാണ് മുന്‍തൂക്കം നല്‍കുകയെന്നും കെ.എം.ആര്‍.എല്‍. പ്രതിനിധികള്‍ പറഞ്ഞു. ജലഗതാഗതമായതിനാല്‍ യാത്രാനിരക്ക് പരമാവധി കുറവായിരിക്കുമെന്നും സംസ്ഥാന സര്‍ക്കാരാണ് തുക തീരുമാനിക്കുകയെന്നും പ്രതിനിധികള്‍ മറുപടി നല്‍കി.

മലിനീകരണ നിയന്ത്രണബോര്‍ഡ് എറണാകുളം മേഖല ചീഫ് എന്‍വയോണ്‍മെന്റല്‍ എഞ്ചിനീയര്‍ എം.എ.ബൈജു, ജനപ്രതിനിധികള്‍, തദ്ദേശ സ്ഥാപന പ്രതിനിധികള്‍, പ്രദേശവാസികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കെ.എം.ആര്‍.എല്‍. മാനേജര്‍ എന്‍.നിശാന്ത് പദ്ധതി വിശദീകരിച്ചു. എന്‍വയോണ്‍മെന്റല്‍ ജില്ലാ എഞ്ചിനീയര്‍ മിനി മേരി സാം മിനുട്ട്‌സ് അവതരിപ്പിച്ചു.

 

Read more topics: ernakulam, kochi, water metro
English summary
Kochi Water Metro: Collects Public Opinion
topbanner

More News from this section

Subscribe by Email