Tuesday August 21st, 2018 - 8:03:pm
topbanner

സ്വാഭാവിക വനം പദ്ധതിക്ക് തട്ടേക്കാട് തുടക്കമായി

Aswani
സ്വാഭാവിക വനം പദ്ധതിക്ക് തട്ടേക്കാട് തുടക്കമായി

കൊച്ചി: കേരളത്തിലാദ്യമായി പരിസ്ഥിതിക്ക് ദോഷമാകുന്ന അക്വേഷ്യാ കാടുകള്‍ വെട്ടിമാറ്റി പകരം സ്വാഭാവിക വനം വെച്ചുപിടിപ്പിക്കുന്ന പദ്ധതിക്ക് പരിസ്ഥിതി ദിനത്തില്‍ ജില്ലയിലെ തട്ടേക്കാട് തുടക്കം. മുഖ്യമന്ത്രി നിര്‍ദേശത്തിന്റെ ആശയത്തിന്റെ അടിസ്ഥാനത്തിലാണ് വനം വകുപ്പ് ഇതിനായുള്ള പദ്ധതി തയാറാക്കിയത്. കോതമംഗലം ബ്ലോക്കിനു കീഴിലുളള പുന്നേക്കാട് കളപ്പാറയിലെ മാഞ്ചിയം പ്ലാന്റേഷന്റെ സ്ഥാനത്ത് സ്വാഭാവിക വനംവച്ചു പിടിപ്പിക്കുന്ന പദ്ധതി ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ എസ്. ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കണിക്കൊന്ന നട്ടാണ് പരിസ്ഥിതി ദിനത്തില്‍ ഡി.എഫ്.ഒ സ്വാഭാവിക വനം പദ്ധതിക്ക് തുടക്കം കുറിച്ചത്. 68 ഹെക്ടർ സര്‍ക്കാര്‍ വനഭൂമിയിലാണ് പദ്ധതി നടപ്പിലാക്കുന്നത്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, എന്‍.സി.സി, എന്‍.എസ്.എസ്, മാതൃഭൂമി സീഡ്, മലയാള മനോരമ നല്ലപാഠം വളണ്ടിയര്‍മാര്‍, ചീരം പാറ വ്യാപാരി വ്യവസായി സംഘടന എന്നിവരുടെ സഹായത്തോടെയാണ് വൃക്ഷത്തൈകള്‍ നടുന്നത്. നാല്‍പത് ഇനങ്ങളിലായി 60,000 തൈകളാണ് ഇവിടെ നട്ടുപിടിപ്പിക്കാന്‍ ഉദ്ദേശിക്കുന്നത്. വനം വകുപ്പിന്റെ തന്നെ നഴ്‌സറികളില്‍ വികസിപ്പിച്ചെടുത്ത തൈകളുപയോഗിച്ചാണ് വനം നിര്‍മ്മിക്കുന്നത്. ഞാവല്‍, പേര, റമ്പൂട്ടാന്‍, മാവ്, പ്ലാവ്, നെല്ലി, സീതപ്പഴം, മഞ്ചാടി, വേങ്ങ, കണിക്കൊന്ന, ചെമ്പകം, മഹാഗണി, ആഞ്ഞിലി, സീതപ്പഴം, ആര്യവേപ്പ്, കൂവളം എന്നിവയാണ് നട്ടുപിടിപ്പിക്കുന്നത്.

ഓസ്‌ട്രേലിയയില്‍ നിന്നുള്ള അക്വേഷ്യാ മരങ്ങള്‍ കേരള കാലാവസ്ഥയെ ദോഷകരമായി ബാധിക്കുന്നതാണെന്ന് ഡിഎഫ്ഒ പറഞ്ഞു. ഈ മരങ്ങളുടെ സാന്നിധ്യം വലിയതോതിലുളള ജല നഷ്ടത്തിനും ജനങ്ങളില്‍ അലര്‍ജിക്കും വിവിധ പാരിസ്ഥിതിക ആഘാതങ്ങള്‍ക്കും കാരണമാകുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. പരിസ്ഥിതി സൗഹൃദ വനം ഭാവി തലമുറയ്ക്ക് നല്‍കാനാണ് വനം വകുപ്പിന്റെ ശ്രമം. തട്ടേക്കാട് പക്ഷിസങ്കേതത്തിനടുത്ത് സ്ഥിതി ചെയ്യുന്നതിനാല്‍ ദേശാടന പക്ഷികളെ ആകര്‍ഷിക്കാന്‍ കൂടി ഈ വനം ഉപകരിക്കും.

പദ്ധതി പൂര്‍ത്തിയായാല്‍ പൊതു ജനപങ്കാളിത്തത്തോടെ നിര്‍മ്മിക്കുന്ന സംസ്ഥാനത്തെ ഏറ്റവും വലിയ സ്വാഭാവിക വനമായി പുന്നേക്കാട് മാറും. ഇവിടെ നിന്നും മുറിച്ച് മാറ്റിയ ഇരുപത് വര്‍ഷത്തധികം പഴക്കമുള്ള മാഞ്ചിയം മരങ്ങള്‍ ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ലിമിറ്റഡിന് കൈമാറുകയായിരുന്നു. കീരംപാറ പഞ്ചായത്ത് പ്രസിഡന്റ് ബെന്നി പോള്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം സണ്ണി പൗലോസ്, വനം വകുപ്പ് ഉദ്യോഗസ്ഥര്‍, പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Read more topics: kochi, thattekkad,natural forest
English summary
natural forest project started in Thattekkad
topbanner

More News from this section

Subscribe by Email