Wednesday October 17th, 2018 - 1:26:pm
topbanner
Breaking News

ബാലവേല വിമുക്ത കൊച്ചി, പരിപാടിക്ക് തുടക്കം; കുട്ടികളെ ബാലവേലയില്‍ നിന്നു മോചിപ്പിച്ച് വിദ്യാഭ്യാസ മേഖലയിലേക്ക് നയിക്കണം: ജില്ല കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള

Aswani
ബാലവേല വിമുക്ത കൊച്ചി, പരിപാടിക്ക് തുടക്കം; കുട്ടികളെ ബാലവേലയില്‍ നിന്നു മോചിപ്പിച്ച് വിദ്യാഭ്യാസ മേഖലയിലേക്ക് നയിക്കണം: ജില്ല കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള

കൊച്ചി: കുട്ടികളെ ബാലവേലയില്‍ നിന്നും മോചിപ്പിക്കുന്നതിനൊപ്പം അവരെ വിദ്യാഭ്യാസ പുനരധിവാസ മേഖലയിലേക്ക് ബന്ധിപ്പിക്കുകയും ചെയ്യണമെന്ന് ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള. കാക്കനാട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ബാലവേല വിമുക്ത കൊച്ചി പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കൊച്ചി നഗരത്തെ ആദ്യ ബാലവേല വിമുക്ത നഗരമാക്കി മാറ്റുന്നതിനായി ഒരുവര്‍ഷം നീളുന്ന ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഈ പരിപാടിയിലൂടെ തുടക്കമിട്ടിരിക്കുന്നത്. ചൈല്‍ഡ് ലൈന്‍ കൊച്ചി, ജില്ലാ ഭരണകൂടം, തൊഴില്‍ വകുപ്പ്, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, പോലീസ് , ജില്ലാ നിയമസഹായ അതോറിറ്റി, ജില്ലാ ശിശുക്ഷേമസമിതി എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

2016-17 വര്‍ഷം കൊച്ചി നഗരത്തില്‍ ചൈല്‍ഡ് ലൈനില്‍ 35 ബാലവേല കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 2017-18 ല്‍ 39 ഉം. തിരുവനന്തപുരത്ത് ഒരു മാസം 40 ഓളം കുട്ടികളാണ് ഇതരസംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്നത്. ഇത്തരം പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 2019 ആകുമ്പോഴേക്കും നഗരം ബാലവേല വിമുക്തമായി മാറണമെന്നും കളക്ടര്‍ പറഞ്ഞു.

ബാലവേല വിമുക്ത കൊച്ചി യാഥാര്‍ഥ്യമാക്കുന്നതിന്റെ ഭാഗമായി നഗരത്തിലെ ആയിരത്തോളം കടകളിലും അനുബന്ധ സ്ഥാപനങ്ങളിലും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. നിലവില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനേക്കാള്‍ ഇരട്ടി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാതെ പോകുന്നുവെന്നാണ് ചൈല്‍ഡ് ലൈനിന്റെ വിലയിരുത്തല്‍. ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളിലൂടെയും ഇതുമായി ബന്ധപ്പെട്ട് ലഘുലേഖകളിലൂടെയും പ്രദര്‍ശന പരിപാടികളിലൂടെയും തനിക്ക് ചുറ്റും നടക്കുന്ന ബാല വിരുദ്ധപ്രവര്‍ത്തനങ്ങള്‍ പൊതുജനത്തിനും നിയമത്തിനും മുന്നില്‍ എത്തിക്കുക എന്നതാണ് ഈ ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്.

ഇതരസംസ്ഥാന തൊഴിലാളികള്‍ ഏറ്റവും കൂടുതല്‍ ജോലി ചെയ്യുന്നതും കൊച്ചി നഗരത്തിലാണ്. ഇത്തരത്തില്‍ തൊഴിലന്വേഷിച്ച് വരുന്നവരില്‍ ധാരാളം കൗമാരക്കാരും കുട്ടികളും ഉണ്ട്്. കുട്ടികള്‍ പലരും അപകടകരമായ സാഹചര്യങ്ങളിലൂടെ കടന്നു പോവുകയും പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്ന് ചൈല്‍ഡ് ലൈനിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ദാരിദ്രവും, രക്ഷിതാക്കള്‍ കുട്ടികളെ ഏജന്റുമാര്‍ക്ക് വില്‍ക്കുന്നതും ആണ് ബാലവേല നഗരത്തില്‍ വര്‍ധിക്കുന്നതിനുള്ള ഒരു കാരണമായി കണ്ടെത്തിയിരിക്കുന്നത്. മയക്കുമരുന്ന് ഉപയോഗവും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

ഇന്ത്യന്‍ ഭരണഘടന പതിനാലു വയസുവരെയുള്ള കുട്ടികള്‍ക്ക് നിര്‍ബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസം അനുവദിക്കുന്നുണ്ട്. ബാല കൗമാര തൊഴില്‍ നിരോധന നിയമം 1986 കുട്ടി എന്നത് 14 വയസ്സ് പൂര്‍ത്തിയാകാത്തവരും കൗമാരക്കാര്‍ എന്നത് 14 വയസ് പൂര്‍ത്തിയാക്കിയവരും എന്നാല്‍ 18 വയസ്സിനു താഴെയുള്ളവരെയും ആണ്. ഏതെങ്കിലും തൊഴിലിലോ പ്രക്രിയയിലും കുട്ടികളെ വേല ചെയ്യിപ്പിക്കുന്നതും നിരോധിച്ചിരിക്കുന്നു. കൗമാരക്കാരെ അപകടകരമായ തൊഴിലിലും പ്രക്രിയകളിലും ജോലി ചെയ്യിപ്പിക്കാന്‍ പാടില്ല.

അതോടൊപ്പം ഒരു തൊഴില്‍ സ്ഥാപനത്തിലെ നിര്‍ദ്ദിഷ്ട തൊഴില്‍ സമയത്തില്‍ കൂടുതല്‍ സമയം കൗമാരക്കാരെ ജോലി ചെയ്യുന്നതിനെപ്പറ്റിയും പാലിക്കേണ്ട നിയമത്തെപ്പറ്റിയും നിയമം പറയുന്നുണ്ട്. മൂന്നുമണിക്കൂര്‍ കൂടുതല്‍ സമയം ഇടവേള നല്‍കാതെ കൗമാരക്കാരെ ജോലി ചെയ്യിപ്പിക്കാന്‍ പാടില്ലാത്തതും മൂന്നുമണിക്കൂറില്‍ കുറഞ്ഞത് ഒരു മണിക്കൂര്‍ വിശ്രമം അനുവദിക്കണമെന്നുമാണ്. ഒപ്പം ഒരു ദിവസം ആറു മണിക്കൂറില്‍ കൂടുതല്‍ കൗമാരക്കാരെ ജോലി ഏര്‍പ്പെടുത്താന്‍ പാടുള്ളതുമല്ല. കൗമാരക്കാരെ ജോലിയില്‍ പ്രവേശിപ്പിച്ചാല്‍ 30 ദിവസത്തിനകം ലേബര്‍ ഓഫീസിലെ രേഖാമൂലം വിവരം അറിയിക്കണമെന്നും നിയമത്തില്‍ പറയുന്നുണ്ട്.

കുട്ടികളെക്കൊണ്ട് ജോലി ചെയ്യിപ്പിച്ചാല്‍ ആറു മാസത്തില്‍ കുറയാത്ത ജയില്‍ശിക്ഷയും 20,000 രൂപയില്‍ കുറയാത്ത പിഴയും ലഭിക്കുന്നതാണ്. കൗമാരക്കാരെ ജോലി ചെയ്യിപ്പിക്കുമ്പോള്‍ പാലിക്കേണ്ട നിബന്ധനകള്‍ ലംഘിച്ചാല്‍ ആറുമാസം മുതല്‍ രണ്ടു വര്‍ഷം വരെയുള്ള ജയില്‍ശിക്ഷയും 20,000 മുതല്‍ 50,000 വരെ കുറയാത്ത സംഖ്യ പിഴയും ലഭിക്കും. ബാലവേല സംബന്ധിച്ച വിവരങ്ങള്‍ അറിയാനും അറിയിക്കാനും ചൈല്‍ഡ് ലൈന്‍ കൊച്ചി 1098 എന്ന നമ്പര്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും. കൂടാതെ 04842204718, 8848702203 എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്. www.childlineindia.org.in എന്ന വെബ്‌സൈറ്റിലും [email protected] എന്ന ഇമെയില്‍ ഐഡി യിലും ബന്ധപ്പെടാം. കൂട്ടം തെറ്റി അലഞ്ഞുതിരിയുന്ന നിലയിലോ ഒറ്റയ്‌ക്കോ ട്രെയിനുകളില്‍ കണ്ടെത്തുന്ന കുട്ടികളെ സംരക്ഷിക്കുന്നതിനായി കഴിഞ്ഞ ദിവസം കേരളത്തിലെ ആദ്യ റെയില്‍വേ ഹെല്‍പ് ഡെസ്‌ക് സൗത്ത് റെയില്‍വേ സ്‌റ്റേഷനില്‍ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്.

ബാലവേല വിമുക്ത കൊച്ചി പരിപാടിയുടെ ഭാഗമായി ബാലവേല നിയമവും പുനരധിവാസം എന്ന വിഷയത്തെ ആസ്പദമാക്കി റിട്ടേഡ് അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ പി ജെ ജോയിയും ബാലനീതി നിയമത്തെ ആസ്പദമാക്കി സബ് ജഡ്ജിയും അസിസ്റ്റന്റ് ജഡ്ജിയുമായ ആജ് സുദര്‍ശനും ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിച്ചു. അന്താരാഷ്ട്ര ബാലവേല വിരുദ്ധ ദിനാചരണത്തിന് ഭാഗമായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ബോധവല്‍ക്കരണ പരിപാടികള്‍ ചൈല്‍ഡ് ലൈന്‍ കൊച്ചിയുടെ നേതൃത്വത്തില്‍ ആസൂത്രണം ചെയ്യുന്നുണ്ട്.

ചൈല്‍ഡ്‌ലൈന്‍ കൊച്ചി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാദര്‍ വര്‍ഗീസ്, ഡയറക്ടര്‍ ഫാദര്‍ ടോമി വി.ജെ, അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ പി എസ് മാര്‍ക്കോസ്, കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ മെമ്പര്‍ ആന്റണി എം പി, ഡി സി പി എ മെംബര്‍ നിഷാദ്, എസിപി, ഡി സി ആര്‍ ബി, നോഡല്‍ ഓഫീസര്‍ രാജേഷ് ടി ആര്‍, ഇന്‍ഡസ്ട്രീസ് ഡിപ്പാര്‍ട്ട്‌മെന്റ് അസിസ്റ്റന്റ് ഡയറക്ടര്‍ മിനിമോള്‍ സിജെ, റെയില്‍വേ ഹെല്‍പ് ഡെസ്‌ക് ഡയറക്ടര്‍ ഫാദര്‍ പോള്‍ ചെറുപ്പിള്ളി, ചൈല്‍ഡ് ലൈന്‍ ഡിസ്ട്രിക് കോ ഓര്‍ഡിനേറ്റര്‍ ജിതിന്‍ സേവ്യര്‍ എന്നിവര്‍ പങ്കെടുത്തു.

English summary
child labour free kochi program started;Children should be released from child labor and run into education: district collector mohammed y safirulla
topbanner

More News from this section

Subscribe by Email