Friday December 14th, 2018 - 1:20:pm
topbanner

കൊച്ചിയിലെ ബിനാലെ മാസ്റ്റര്‍ പ്രാക്ടീസ് സ്റ്റുഡിയോയില്‍ വിഖ്യാത ആര്‍ട്ടിസ്റ്റ് ടി വി സന്തോഷ്

bincy
കൊച്ചിയിലെ ബിനാലെ മാസ്റ്റര്‍ പ്രാക്ടീസ് സ്റ്റുഡിയോയില്‍ വിഖ്യാത ആര്‍ട്ടിസ്റ്റ് ടി വി സന്തോഷ്

എറണാകുളം : കൊച്ചി ബിനാലെ ഫൗണ്ടേഷന്‍റെ പരിശീലന പരിപാടിയായ മാസ്റ്റര്‍ പ്രാക്ടീസ് സ്റ്റുഡിയോയില്‍ വിഖ്യാത ആര്‍ട്ടിസ്റ്റ് ടി വി സന്തോഷ് പങ്കെടുക്കുന്നു. സമകാലീനകലാ രംഗത്തെ യുവ കലാകാരന്മാർക്ക് ആണ് ബിനാലെ ഫൗണ്ടേഷന്‍ മാസ്റ്റര്‍ പ്രാക്ടീസ് സ്റ്റുഡിയോ നടത്തി വരുന്നത്. വിഖ്യാത കലാകാരനോടൊപ്പം തങ്ങളുടെ കലാസൃഷ്ടി നടത്തുന്നതിനുള്ള അവസരമാണ് മാസ്റ്റര്‍ പ്രാക്ടീസ് സ്റ്റുഡിയോയിലൂടെ കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ മുന്നോട്ടു വയ്ക്കുന്നത്. സെപ്തംബര്‍ 5 മുതല്‍ 25 വരെ ഫോര്‍ട്ട് കൊച്ചി പെപ്പര്‍ഹൗസിലാണ് പരിപാടി നടക്കുന്നത് .

സുഭദീപ് ഭട്ടാചാര്യ, ദായിന മൊഹാപാത്ര, നതാഷ സച്ച്ദേവ, പൂജ മണ്ഡല്‍, പ്രാചി ബത്ര എന്നിവരാണ് മാസ്റ്റര്‍ പ്രാക്ടീസ് സ്റ്റുഡിയോ പരിപാടിയില്‍ ഇക്കുറി പങ്കെടുക്കുന്നത്. കേവലം ചിത്രരചന പാടവം മാത്രമല്ല ടി വി സന്തോഷിനൊപ്പമുള്ള പരിശീലന പരിപാടി യുവകലാകാരില്‍ വളര്‍ത്തുന്നത്. മറിച്ച് സ്വന്തം സൃഷ്ടിയെക്കുറിച്ച് ഗഹനമായും ലളിതമായും വിശദീകരിച്ചു നല്‍കാനുള്ള പ്രാപ്തിയും അവര്‍ക്ക് ഈ പരിപാടിയിലൂടെ ലഭ്യമാകുന്നു.

അറിവ് സമ്പാദിക്കുന്നതില്‍ ഒഴിച്ചു കൂടാനാകാത്ത ഒന്നാണ് ചര്‍ച്ചകളെന്ന് ടി വി സന്തോഷ് പറഞ്ഞു. കേവലം അറിവ് ലഭിക്കുന്നതിനപ്പുറം അവയെ വിശകലനം ചെയ്യാന്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നു. കലാബോധം വളര്‍ത്തുന്നതിന് ഇത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.ഇക്കൊല്ലം ബിനാലെ ഫൗണ്ടേഷന്‍ നടത്തുന്ന മൂന്നാമത്തെ മാസ്റ്റര്‍ പ്രാക്ടീസ് സ്റ്റുഡിയോ ആണിത്. പ്രശസ്ത ആര്‍ട്ടിസ്റ്റുകളായ വല്‍സന്‍ കൂര്‍മ്മ കൊല്ലേരി, ഒര്‍ജിത് സെന്‍ തുടങ്ങിയവര്‍ നേരത്തെ നടന്ന പരിശീലന പരിപാടികള്‍ നയിച്ചിരുന്നു.സ്വന്തം സൃഷ്ടികളെ ഗഹനമായി പഠിച്ച് അതിലുണ്ടായിരിക്കുന്ന കുറവുകളെയും പ്രതിസന്ധികളെയും വിദഗ്ധനായ കലാകാരന്‍റെ സാന്നിദ്ധ്യത്തില്‍ മനസിലാക്കുകയെന്നതാണ് ഈ പരിപാടിയിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്ന് ടി വി സന്തോഷ് പറഞ്ഞു. കൂട്ടായ ചര്‍ച്ചയിലൂടെ സാങ്കേതികത്വത്തിലും ആശയത്തിലുമുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാനാകും. സമകാലീന കലയെക്കുറിച്ച് അവബോധം വളര്‍ത്താനും സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

അന്താരാഷ്ട്ര കലാ പ്രദര്‍ശനങ്ങളിലും മ്യൂസിയങ്ങളിലുമെല്ലാം തന്‍റെ സൃഷ്ടികള്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള ടി വി സന്തോഷ് കൊച്ചി-മുസിരിസ് ബിനാലെ മൂന്നാം ലക്കത്തില്‍ പങ്കെടുത്ത ആര്‍ട്ടിസ്റ്റ് കൂടിയാണ്.സാങ്കേതികത്വം, ആശയം എന്നിവയെക്കുറിച്ച് വിദ്യാര്‍ത്ഥികളില്‍ അവബോധമുണ്ടാക്കുന്നതിനു വേണ്ടി മാസ്റ്റര്‍ പ്രാക്ടീസ് സ്റ്റുഡിയോ കാലയളവില്‍ അദ്ദേഹം ചിത്രരചനയും നടത്തുന്നുണ്ട്. തന്‍റെ രീതികള്‍ തത്സമയം വിദ്യാര്‍ത്ഥികള്‍ക്ക് പരിചയപ്പെടുത്തുകയാണ് ഇതിലൂടെ അദ്ദേഹം ഉദ്ദേശിക്കുന്നത്.

സാധാരണ പരിശീലന കളരികള്‍ക്ക് ഒരു പ്രമേയമുണ്ടാകാറുണ്ട്. എന്നാല്‍ ഇക്കുറി വിദ്യാര്‍ത്ഥികള്‍ക്ക് പരിപൂര്‍ണ സ്വാതന്ത്ര്യമാണ് നല്‍കിയിരിക്കുന്നത്. ഏതു വിഷയവും അവര്‍ക്ക് സൃഷ്ടികളില്‍ പ്രതിഫലിപ്പിക്കാം. സ്വാതന്ത്ര്യമാണ് കലാസൃഷ്ടികളുടെ അടിസ്ഥാന ശില. ഫലപ്രദമായ ചര്‍ച്ചകളാണ് ഇവിടെ അധ്യയനസമ്പ്രദായമായി ഉപയോഗിക്കുന്നത്. ഒരു സൃഷ്ടിയെ വിവിധ വീക്ഷണ കോണില്‍ നിന്നും അപഗ്രഥിച്ച് സൃഷ്ടിയെ ഉന്നതമായ തലത്തിലേക്കെത്തിക്കാന്‍ ഇതു വഴി സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

English summary
Biennale Master Practice in Kochi artist TV Santhosh in the studio
topbanner

More News from this section

Subscribe by Email