Thursday April 18th, 2019 - 10:06:pm
topbanner
topbanner

കേരള കോണ്‍ഗ്രസ് മുന്നണിബന്ധങ്ങളെക്കാള്‍ പ്രാധാന്യം നല്‍കുന്നത് പദ്ധതികള്‍ക്കും പരിപാടികള്‍ക്കും: കെ.എം.മാണി

rajani v
കേരള കോണ്‍ഗ്രസ് മുന്നണിബന്ധങ്ങളെക്കാള്‍ പ്രാധാന്യം നല്‍കുന്നത് പദ്ധതികള്‍ക്കും പരിപാടികള്‍ക്കും: കെ.എം.മാണി

കോട്ടയം: മുന്നണിബന്ധങ്ങളെക്കാള്‍ കേരള കോണ്‍ഗ്രസ് പ്രാധാന്യം നല്‍കുന്നത് പദ്ധതികള്‍ക്കും പരിപാടികള്‍ക്കുമായിരിക്കുമെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ.എം.മാണി. കോട്ടയം ജില്ലാ കമ്മിറ്റി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിന്റെ കാര്‍ഷികമേഖലയെയും വികസനരംഗത്തെയും സംബന്ധിച്ച് കേരളാ കോണ്‍ഗ്രസിനു വ്യക്തമായ കാഴ്ചപ്പാടുകളുണ്ട്. ഇവയെ സംബന്ധിച്ചെല്ലാം ഞങ്ങള്‍ ഒരു സമീപനരേഖ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. പ്രസ്തുത സമീപനങ്ങളുമായി യോജിക്കുന്ന രാഷ്ട്രീയകക്ഷികളുമായി കൈക്കോര്‍ക്കും.

കാര്‍ഷിക മേഖലയെ ശക്തീകരിക്കുകയാണ് ഇന്നത്തെ ഏറ്റവും വലിയ ആവശ്യം. കാര്‍ഷികോത്പന്നങ്ങളുടെ മൂല്യവര്‍ദ്ധനവ് ലക്ഷ്യമാക്കി നൂതനപദ്ധതികള്‍ ആവിഷ്‌കരിക്കണം. നാനോ ടെക്നോളജി, ബയോടെക്നോളജി എന്നിവയുടെ അനന്തസാദ്ധ്യതകള്‍ സ്വാംശീകരിച്ചുകൊണ്ട് കാര്‍ഷിക ഉത്പാദകക്ഷമത വര്‍ദ്ധിപ്പിക്കുവാന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളണം.

കേന്ദ്രത്തില്‍ പ്രധാന ബഡ്ജറ്റിനോടൊപ്പം റെയില്‍വെ ബഡ്ജറ്റ് അവതരിപ്പിക്കുന്ന മാതൃകയും പാര്‍ലമെന്റിലും അസംബ്ലികളിലും ഒരു കാര്‍ഷിക ബഡ്ജറ്റുകൂടി അവതരിപ്പിച്ച് അതിന്‍മേല്‍ ക്രിയാത്മകമായ ചര്‍ച്ചകള്‍ നടത്തി കാര്‍ഷികനയപരിപാടികള്‍ക്ക് രൂപം നല്‍കണം. ഒരു ഏക്കര്‍ ഭൂമിയില്‍ താഴെയുള്ള കര്‍ഷകരെ ബിപിഎല്‍ ആയി പരിഗണിച്ച് മുന്‍ഗണനാലിസ്റ്റില്‍ ഉള്‍പ്പെടുത്തി അവര്‍ക്ക് പ്രസ്തുത വിഭാഗങ്ങള്‍ക്ക് കിട്ടുന്ന ആനുകൂല്യങ്ങള്‍ ലഭ്യമാക്കുകയും ചെയ്യണം.

ഉദ്പാദന ചെലവ് സൂചികയുടെ അടിസ്ഥാനത്തില്‍ കാര്‍ഷികോത്പ്പന്നങ്ങള്‍ക്കെല്ലാം മിനിമം സപ്പോര്‍ട്ട് ്രൈപസ് സര്‍ക്കാര്‍ പ്രഖ്യാപിക്കുകയും അതിനു താഴെ വിലത്തകര്‍ച്ചയെ നേരിടുന്ന ഉത്പന്നങ്ങള്‍ മിനിമം വില നല്‍കി സര്‍ക്കാര്‍ ആഭിമുഖ്യത്തില്‍ വാങ്ങി സംഭരിക്കുവാനുള്ള സംവിധാനങ്ങള്‍ അടിയന്തിരമായി ആവ്ഷികരിക്കണം. ഉത്പന്നങ്ങള്‍ക്ക് വിലസ്ഥിരതാ പദ്ധതി പ്രാബല്യത്തില്‍ കൊണ്ടുവരണം.

റബ്ബറിന്റെ മിനിമം വില ഒരു കിലോഗ്രാമിന് 200 രൂപയായി നിശ്ചയിച്ചുകൊണ്ട് റബ്ബര്‍ സംഭരണം നടത്തുവാന്‍ സര്‍ക്കാര്‍ മുന്നോട്ടുവരണം. കര്‍ഷകദ്രോഹകരമായ ആഗോള, റീജണല്‍ കരാറുകള്‍ കേന്ദ്രസര്‍ക്കാര്‍ പുന:പരിശോധിക്കണം. കര്‍ഷകസമ്പദ്വ്യവസ്ഥയുടെ വളര്‍ച്ചയ്ക്ക് വിഘാതം സൃഷ്ടിക്കുന്ന കരാര്‍ വ്യവസ്ഥകള്‍ തിരുത്തുവാന്‍ നടപടിയെടുക്കണം. ഇറക്കുമതി നയങ്ങള്‍ കര്‍ഷകസൗഹൃദമായി പുനക്രമീകരിക്കണം.

ഏതു രൂപത്തിലുള്ള റബ്ബര്‍ ഇറക്കുമതിയും നിരോധിക്കുവാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണമെന്നും കെ.എം.മാണി ആവശ്യപ്പെട്ടു.പാര്‍ട്ടി ജില്ലാ പ്രസിഡണ്ട് സണ്ണി തെക്കേടം അദ്ധ്യക്ഷത വഹിച്ചു. പാര്‍ട്ടി വൈസ് ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി, ജനറല്‍ സെക്രട്ടറി ജോയി ഏബ്രഹാം എം.പി, മോന്‍സ് ജോസഫ് എം.എല്‍.എ, തോമസ് ചാഴികാടന്‍,, ജോബ് മൈക്കിള്‍, വിജി എം. തോമസ്, സ്റ്റീഫന്‍ ജോര്‍ജ്ജ്, ബേബി ഉഴുത്തുവാല്‍, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, സഖറിയാസ് കുതിരവേലി, സജി മഞ്ഞക്കടമ്പില്‍, ജോസ് കല്ലക്കാവുങ്കല്‍, മാധവന്‍കുട്ടി കറുകയില്‍, എബ്രഹാം പഴയകടവന്‍, ജോണ്‍ ജോസഫ്, ജോസഫ് ചാമക്കാല, ജോണിക്കുട്ടി മഠത്തിനകം, വി.ജെ. ലാലി, രാജു ആലപ്പാട്ട്, ബെന്നി അഞ്ചാനി, ജോസ് പുത്തന്‍കാല, നിയോജകമണ്ഡലം പ്രസിഡണ്ടുമാരായ ഫിലിപ്പ് കുഴികുളം, മാത്തുക്കുട്ടി പ്ലാത്താനം, പ്രിന്‍സ് ലൂക്കോസ്, മജു പുളിക്കന്‍, പോള്‍സണ്‍ ജോസഫ്, പി.എം.മാത്യു, ജോസ് ഇടവഴിയ്ക്കല്‍, മാത്തുട്ടു ഞായറുകുളം, പൗലോസ് കടന്നപുകുഴ, ഷീലാ തോമസ്, പ്രസാദ് ഉരുളികുന്നം, നിര്‍മ്മല ജിമ്മി, മേരി സെബാസ്റ്റ്യന്‍, ശാന്തമ്മ വര്‍ഗ്ഗീസ് എന്നിവര്‍ പ്രസംഗിച്ചു.

 

 

 

Read more topics: km mani, respond, party stand
English summary
km mani respond party stand
topbanner

More News from this section

Subscribe by Email