കോട്ടയം: കെ എം മാണിയെ എല്‍ഡിഎഫില്‍ എത്തിക്കാനുള്ള നീക്കം അംഗീകരിക്കാനാവില്ലെന്ന് സിപിഐ ജില്ലാ സെക്രട്ടറി സി കെ ശശിധരന്. സിപിഐ കോട്ടയം മണ്ഡലം സമ്മേളനം തിരുവാതുക്കല്എപിജെ അബ്ദുള്‍ കലാം ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബാര്‍ കോഴ കേസില്‍ അഴിമതി ആരോപണവും വിജിലന്‍സ് കേസും നേരിട്ട മാണി ബജറ്റവതരിപ്പിക്കാതിരിക്കാന്‍ നിയമസഭയില്‍ പോരാട്ടം നടത്തിയവര്‍ അതിനെക്കുറിച്ചെല്ലാം മറന്ന മട്ടാണ്. മാണിയെ വിശുദ്ധനാക്കാനാണ് പുതിയ നീക്കം. കാഴ്ചയില്‍ സുന്ദരന്മാരുമായി കൂട്ടുകൂടാന്‍ നടക്കുമ്പോള്‍ മുമ്പ് അവര്‍ക്കെതിരെ പറഞ്ഞ കാര്യങ്ങളും നടത്തിയ സമരങ്ങളും ഓര്‍ക്കുന്നത് നന്നാവും.
അന്ന് മാണിക്കെതിരെ സമരം നടത്തി പൊലീസിന്റെ തല്ല് മേടിച്ചവരും പൊലീസ് കേസില്‍ ഉള്‍പ്പെട്ടവരുമായ ആളുകള്‍ എല്‍ഡിഎഫില്‍ ഉണ്ട്. മാണിയെ എല്ഡിഎഫിലെത്തിക്കുമ്പോള് അവരോട് എന്ത് വിശദീകരണമാണ് നല്‍കുന്നത്. മാണിക്ക് നോട്ടെണ്ണുന്ന മെഷീന് ഉണ്ടെന്നാണ് അന്ന് ആരോപിച്ചത്. ഇന്ന് മാണിയുടെ നോട്ടെണ്ണുന്ന യന്ത്രം എവിടെ പോയെന്നും ശശിധരന് ചോദിച്ചു.
അധികാരമില്ലാത്തപ്പോള്‍ ഒരു നയവും അധികാരത്തിലെത്തുമ്പോള്‍ സ്വന്തം താല്‍പ്പര്യവും എന്നത് സിപിഐയുടെ നയമല്ല. അഭിപ്രായം പറയാനുള്ളത് പാര്‍ട്ടി തുറന്നു പറയും. അതില്‍ ആരും അലോസരപ്പെട്ടിട്ടു കാര്യമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ആരുടെയും സര്‍ട്ടിഫിക്കറ്റിലല്ല സിപിഐ പ്രവര്‍ത്തിക്കുന്നതെന്നും സിപിഐയുടെ സ്ഥാനം തീരുമാനിക്കുന്നത് മറ്റുള്ളവരല്ലെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.
സിപിഐയുടെ വകുപ്പുകളിലെ പ്രവര്‍ത്തനമികവ് ചിലരെ ചൊടിപ്പിക്കുണ്ട്. ആ വകുപ്പുകളില്‍ അഴിമതിയെന്ന് വരുത്തിതീര്‍ക്കാനാണ് ശ്രമം. ഏത് വകുപ്പുകളിലാണ് അഴിമതിയുള്ളതെന്ന് പരിശോധിക്കുന്നത് നല്ലതായിരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രാഷ്ട്രീയത്തില്‍ മുഖ്യ ശത്രു ബിജെപിയെന്ന് ഇനിയും അംഗീകരിക്കാന്‍ തയ്യാറാകാത്തവര്‍ മറ്റ് പാര്‍ട്ടിക്കാരെ കുറ്റം പറഞ്ഞ് ബിജെപിക്ക് വളരാന്‍ അവസരമൊരുക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
മണ്ഡലത്തിലെ മുതിര്‍ന്ന സഖാവ് കെ എ ചന്ദ്രന് പതാക ഉയര്‍ത്തിയതോടെയാണ് സമ്മേളന നടപടികള്‍ ആരംഭിച്ചത്.
തുടര്‍ന്ന് പ്രകടനമായെത്തി രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് ചേര്‍ന്ന പ്രതിനിധി സമ്മേളനം ബി രാമചന്ദ്രന്, ജി ജയകുമാര്‍, ഗീത വിജയന് എന്നിവര്‍ നിയന്ത്രിച്ചു. സ്വാഗതസംഘം ജനറല്‍ സെക്രട്ടറി കെ എന്‍ വിനോദ് സ്വാഗതം ആശംസിച്ചു. മണ്ഡലം സെക്രട്ടറി ജോണ്‍ വി ജോസഫ് റിപ്പോര്‍ട്ടും കണക്കും അവതരിപ്പിച്ചു.
എന്‍ കെ സാനുജന്‍ രക്തസാക്ഷി പ്രമേയവും, കെ രമേശ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം അഡ്വ വി ബി ബിനു, സംസ്ഥാന കൗണ്‍സിലംഗം അഡ്വ സി ജി സേതുലക്ഷ്മി, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിമാരായ ആര് സുശീലന്, അഡ്വ വി കെ സന്തോഷ് കുമാര്‍ എന്നിവര്‍ സമ്മേളനത്തെ അഭിവാദ്യം ചെയ്തു. ഉച്ചയ്ക്ക് ശേഷം പൊതു ചര്‍ച്ച നടന്നു.പ്രതിനിധി സമ്മേളനം തുടരും. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പി കെ കൃഷ്ണന്, ജില്ലാ എക്സിക്യൂട്ടീവ് അംഗം പി കെ കൃഷ്ണന് എന്നിവര്‍ സമ്മേളനത്തെ അഭിസംബോധന ചെയ്യും. സമ്മേളനം നാളെ സമാപിക്കും.