Sunday November 18th, 2018 - 7:20:am
topbanner

പ്രവാചകന്‍ പകര്‍ന്നത് സമാധാനത്തിന്റെ മാനവിക ദര്‍ശനം: എ പി അബൂബക്കര്‍ മുസ്‌ല്യാര്‍

Neethu
പ്രവാചകന്‍ പകര്‍ന്നത് സമാധാനത്തിന്റെ മാനവിക ദര്‍ശനം: എ പി അബൂബക്കര്‍ മുസ്‌ല്യാര്‍

തൃശൂര്‍:  മനുഷ്യനെ അവമതിക്കുന്ന ലോകത്തിന് സമാധാനത്തിന്റെയും സൗഹൃദത്തിന്റെയും ഉദാത്തമായ മാതൃകയാണ് പ്രവാചകന്‍ മുഹമ്മദ് നബി ലോകത്തിന് സമ്മാനിച്ചതെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ല്യാര്‍ പറഞ്ഞു. കേരള മുസ്‌ലിം ജമാഅത്ത് തൃശൂര്‍ ജില്ലാ കമ്മറ്റി സംഘടിപ്പിച്ച മീലാദ് കോണ്‍ഫറന്‍സില്‍ മദ്ഹ്‌റസൂല്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മാനവികതയില്‍ വിശ്വസിച്ച് സ്‌നേഹത്തിന്റെ ദര്‍ശനം പകര്‍ന്ന പ്രവാചകന്‍ മുഹമ്മദ് നബി ഭീകരതയെ ഒരിക്കലും പ്രോത്സാഹിപ്പിച്ചിട്ടില്ല. മുഹമ്മദ് നബി പഠിപ്പിച്ച ഇസ്‌ലാമിക ദര്‍ശനങ്ങളെയും പ്രവാചകനേയും തെറ്റായി വ്യാഖ്യാനിച്ച് കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നവര്‍ ഇസ്‌ലാമിനെ സത്യസന്ധമായി പഠിക്കാന്‍ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് വര്‍ഗീയ ധ്രുവീകരണത്തിന് കളമൊരുക്കുന്നവര്‍ ഇന്ത്യയുടെ ജനാധിപത്യ വ്യവസ്ഥിതിയെ തകര്‍ക്കാനാണ് ശ്രമിക്കുന്നത്. മത ചിഹ്നങ്ങള്‍ അധികാരത്തിലെത്താനുള്ള എളുപ്പ മാര്‍ഗ്ഗമായി കണ്ടാല്‍ സഹിഷ്ണുത നഷ്ടപ്പെടുന്നിടത്തേക്ക് രാജ്യം വഴിമാറും. മത സ്വാതന്ത്ര്യമാണ് ബഹുസ്വരതയിലധിഷ്ഠിതമായ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ സവിശേഷത. ഭരണഘടന നല്‍കുന്ന വിശ്വാസ സ്വാതന്ത്ര്യം ഹനിക്കപ്പെടുന്നില്ലെന്ന് ഉറപ്പ് വരുത്തേണ്ടത് രാജ്യത്തിന്റെ അധികാരം കയ്യാളുന്നവരുടെ ബാധ്യതയാണെന്നും കാന്തപുരം ഓര്‍മ്മപ്പെടുത്തി. വൈകീട്ട് 3.30ന് തൃശൂര്‍ ശക്തന്‍ സ്റ്റാന്റിനു സമീപം ഒരുക്കിയ നഗരിയില്‍ സ്വാഗതസംഘം ചെയര്‍മാന്‍ ആര്‍ വി മുഹമ്മദ് ഹാജി പതാകയുയര്‍ത്തിയതോടെയാണ് കോണ്‍ഫറന്‍സ് ആരംഭിച്ചത്. സമസ്ത കേന്ദ്ര മുശാവറ സെക്രട്ടറി കാന്തപുരം എ പി മുഹമ്മദ് മുസ്ല്യാര്‍ കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്തു. സമസ്ത കേരള സുന്നി ജംഇയ്യത്തുല്‍ ഉലമ ജില്ലാ പ്രസിഡന്റ് താഴപ്ര മൊയ്തീന്‍കുട്ടി മുസ്ല്യാര്‍ അധ്യക്ഷത വഹിച്ചു.

കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് പി കെ ബാവ ദാരിമി, സമസ്ത ജില്ലാ ട്രഷറര്‍ മാടവന ഇബ്‌റാഹിം കുട്ടി മുസ്‌ലിയാര്‍, ദുബൈ അല്‍ ശിഫ എം ഡി ഡോ. കാസിം, ഡോ. സുബൈര്‍, സംസ്ഥാന പിന്നാക്ക കമ്മീഷന്‍ അംഗം അഡ്വ. ഫൈസല്‍, എസ്‌വൈഎസ് ജില്ലാസെക്രട്ടറി എം എം ഇബ്രാഹിം ഹാജി, എസ്എസ്എഫ് ജില്ലാ പ്രസിഡന്റ് ബഷീര്‍ മുസ്‌ലിയാര്‍ കൂര്‍ക്കഞ്ചേരി, ജനറല്‍ സെക്രട്ടറി സൈഫുദ്ദീന്‍ വെള്ളറക്കാട്, എസ്എംഎ ജില്ലാ പ്രസിഡന്റ് മൊയ്തീന്‍കുട്ടി മുസ്‌ല്യാര്‍ പാലപ്പള്ളി, സെക്രട്ടറി എം കെ എം ഗഫൂര്‍ മൂന്നുപീടിക, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡന്റ് മുഹമ്മദലി സഅദി, സെക്രട്ടറി സുധീര്‍ സഖാഫി എന്നിവര്‍ പ്രസംഗിച്ചു. കെ ആര്‍ നസറുദ്ദീന്‍ ദാരിമി, എഞ്ചിനിയര്‍ പി എ മുഹമ്മദ് ഹാജി, പി കെ ജഅഫര്‍ എടക്കഴിയൂര്‍, അബ്ദുല്ലകുട്ടി ഹാജി പെരിങ്ങോട്ടുകര എന്നിവര്‍ സംബന്ധിച്ചു.  കര്‍മ്മസമിതി ചെയര്‍മാന്‍ സയ്യിദ് ഫസല്‍ തങ്ങള്‍ വാടാനപ്പള്ളി സ്വാഗതവും, കേരള മുസ്‌ലിം ജമാഅത്ത ജില്ലാ സെക്രട്ടറി അഡ്വ. പി യു അലി നന്ദിയും പറഞ്ഞു.

Read more topics: thrissur, kanthapuram, muslim, kerala
English summary
kerala muslim jamath samelanam inaugruratin of kanthapuram
topbanner

More News from this section

Subscribe by Email