Tuesday September 18th, 2018 - 7:12:pm
topbanner
Breaking News

കാസർഗോഡ് പൊസളിഗെയിലെ സഞ്ചാര സ്വാന്ത്ര്യം; ജില്ലാ ഭരണകൂടം നടപടിയെടുക്കണം: പി കരുണാകരൻ എംപി

Aswani
കാസർഗോഡ് പൊസളിഗെയിലെ സഞ്ചാര സ്വാന്ത്ര്യം; ജില്ലാ ഭരണകൂടം നടപടിയെടുക്കണം: പി കരുണാകരൻ എംപി

കാസർഗോഡ്: പൊസളിഗെ‐ മാലങ്കി കോളനികളിലെ പട്ടികജാതി‐ വർഗ വിഭാഗക്കാരുൾപ്പെടെയുള്ള ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം ഉറപ്പുവരുത്താനാവശ്യമായ നടപടികൾ ജില്ലാ ഭരണകൂടം സ്വീകരിക്കണമെന്ന്‌ പി കരുണാകരൻ എംപി ആവശ്യപ്പെട്ടു. കലക്ടറുടെ ചുമതലയുള്ള എഡിഎം എൻ ദേവിദാസിനോട്‌ അടിയന്തരമായി പ്രശ്‌നത്തിൽ ഇടപെട്ട്‌ പരിഹാരം കാണണമെന്ന്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. പൊസളിഗെയിലെ ജനങ്ങൾ അനുഭവിക്കുന്ന ദുരിതം മുഖ്യമന്ത്രി, പട്ടികജാതി വികസന വകുപ്പ്‌ മന്ത്രി എന്നിവരുടെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ടെന്നും എത്രയുംപെട്ടെന്ന്‌ പരിഹാര മാർഗമുണ്ടാകുമെന്നും എംപി പറഞ്ഞു.

1980‐ 81 കാലത്താണ്‌ പൊസളിഗെ കോളനിയിലേക്ക്‌ റോഡുനിർമിക്കുന്നത്‌. അതുകഴിഞ്ഞ്‌ വർഷങ്ങൾക്ക്‌ ശേഷം കോളനിവാസിയായ ആളിൽനിന്നും ഈ ഭൂമി റോഡ്‌ നിലനിർത്തിക്കൊണ്ട്‌ ജന്മി വാങ്ങി. അയിത്തത്തിന്റെ പേരിൽ കോളനിവാസികളുടെ ഇതുവഴിയുള്ള സഞ്ചാരസ്വാതന്ത്ര്യം ജന്മി ഇപ്പോൾ നിഷേധിച്ചിരിക്കുകയാണ്‌. ജന്മിയെ പേടിച്ച്‌ വാഹനങ്ങൾ കടന്നുവരാൻ മടിക്കുന്നതിനാൽ ഗർഭിണികളെയും രോഗികളെയും ഉൾപ്പെടെ ആശുപത്രിയിലെത്തിക്കണമെങ്കിൽ ചുമന്നുകൊണ്ടുപോകേണ്ട ഗതികേടാണുള്ളത്‌.

അവിഭക്ത മഞ്ചേശ്വരം താലൂക്കിന്റെയും ബെള്ളൂർ പഞ്ചായത്തിന്റെയും ആസ്‌തി രേഖയിലുള്ള റോഡായിട്ടും ഇത്‌ സംരക്ഷിച്ച്‌ നിലനിർത്താൻ പഞ്ചായത്തിനും മറ്റും താൽപര്യമില്ല. ജന്മിയോട്‌ കൂറുപുലർത്തുന്ന സമീപനമാണ്‌ ഇവരുടേത്‌. സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്നതിനെതിരെ പൊസളിഗെ‐മാലങ്കി റോഡ്‌ വികസന സമിതി നേതൃത്വത്തിൽ കലക്ടറേറ്റിന്‌ മുന്നിൽ സത്യഗ്രഹം നടത്തിയിരുന്നു. ശേഷം സ്ഥലം സന്ദർശിച്ച ഡെപ്യൂട്ടി കലക്ടർ കോളനിവാസികളുടെ ആവശ്യങ്ങൾ ശരിവയ്‌ക്കുന്ന നിലപാടാണ്‌ സ്വീകരിച്ചിട്ടുള്ളത്‌. ഇത്‌ സ്വാഗതാർഹമാണ്‌. അയിത്തവും നാടുവാഴിത്തവും നാടുകടത്തപ്പെട്ടിട്ടും ഇപ്പോഴും അതിർത്തി ഗ്രാമങ്ങളിൽ ഇത്തരം അനാചാരങ്ങൾ നിലനിൽക്കുന്നത്‌ ആശങ്കയുളവാക്കുന്നതാണ്‌. ഇവ അവസാനിപ്പിക്കാൻ ജില്ലാ ഭരണകൂടം ഉണർന്നുപ്രവർത്തിക്കണം.

പഞ്ചായത്ത്‌ ആസ്‌തിയിലുള്ള റോഡാണെങ്കിലും ജന്മി കോടതിയെ സമീപിച്ചപ്പോൾ ഇതുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ പഞ്ചായത്ത്‌ ഭരണസമിതി തയ്യാറാകാത്തതാണ്‌ കോളനിവാസികളുടെ സഞ്ചാരസ്വാതന്ത്ര്യ നിഷേധത്തിലേക്കെത്തിയത്‌. ജില്ലാ ഭരണകൂടം ഇടപെട്ട്‌ പ്രശ്‌നം പരിഹരിക്കുന്ന മുറയ്‌ക്ക്‌ എംപി ഫണ്ട്‌ ഉൾപ്പെടെ അനുവദിച്ച്‌ റോഡ്‌ ഗതാഗതയോഗ്യമാക്കുന്നതിനാവശ്യമായ എല്ലാ സഹായവും ചെയ്യുമെന്നും പി കരുണാകരൻ എംപി പറഞ്ഞു. സിപിഐ എം ഏരിയാസെക്രട്ടറി സിജി മാത്യു, ലോക്കൽസെക്രട്ടറി കെ എച്ച്‌ സൂപ്പി, പഞ്ചായത്തംഗം വി ഉഷ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Read more topics: kasargod, p karunakaran, mp
English summary
Traveling freedom in Kasaragod Posaliga; The District Administration should take action: p karunakaran mp
topbanner

More News from this section

Subscribe by Email