Tuesday January 22nd, 2019 - 3:46:am
topbanner

കാഞ്ഞങ്ങാട് വ്യവസായ പ്ലോട്ടുകള്‍ എത്രയും വേഗം കൈമാറും: മന്ത്രി എ.സി.മൊയ്തീന്‍

Aswani
കാഞ്ഞങ്ങാട് വ്യവസായ പ്ലോട്ടുകള്‍ എത്രയും വേഗം  കൈമാറും: മന്ത്രി എ.സി.മൊയ്തീന്‍

കാസർകോട്: കാഞ്ഞങ്ങാട് റവന്യൂ വകുപ്പ് കൈമാറിയ 130 ഏക്കര്‍ സ്ഥലത്ത് വ്യവസായ പ്ലോട്ടുകള്‍ സംരംഭകര്‍ക്ക് കൈമാറാന്‍ വേഗത്തില്‍ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യവസായ വകുപ്പു മന്ത്രി എ.സി.മൊയ്തീന്‍ പറഞ്ഞു. കോര്‍പ്പറേറ്റുകളുടെ താത്പര്യങ്ങള്‍ക്ക് വഴങ്ങാത്ത ബദല്‍ വ്യവസായ നയം മുന്നോട്ടുവയ്ക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടും കാസര്‍കോട് ജില്ലയുടെ 34-ാം പിറവിദിനത്തോടുമനുബന്ധിച്ച് കാസര്‍കോട് കളക്ട്രേറ്റില്‍ സംഘടിപ്പിച്ച ജില്ലാ വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു വ്യവസായ മന്ത്രി.

മറ്റ് ജില്ലകളെ അപേക്ഷിച്ച് വേണ്ടത്ര വികസന ലക്ഷ്യം കൈവരിക്കാന്‍ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ ജില്ലയ്ക്ക് കഴിഞ്ഞിട്ടില്ല. ആവശ്യത്തിലേറെ സ്ഥലലഭ്യതയും മനുഷ്യവിഭവമുള്ള ജില്ലയ്ക്ക് ഇനിയും മുന്നോട്ടുപോകാനുണ്ട്. അതിനുള്ള മാര്‍ഗനിര്‍ദേശം ഈ സെമിനാറിലൂടെ ഉരുത്തിരിയണമെന്നും മന്ത്രി പറഞ്ഞു. പ്രദേശങ്ങളെ തമ്മില്‍ ബന്ധിച്ചുകൊണ്ട് കൂടുതല്‍ റോഡുകളും പാലങ്ങളും നിര്‍മിച്ച് വ്യവസായത്തിനുള്ള അടിസ്ഥാന സൗകര്യം ഒരുക്കുകയാണ്. ദേശീയപാത, സംസ്ഥാന പാത, മലയോര പാത, തീരദേശ പാത എന്നിവയ്ക്കു പുറമേ ജലപാതയും പ്രയോജനപ്പെടുത്തുകയാണ്. ഇവയുടെയൊക്കെ നിര്‍മാണത്തിനായി കിഫ്ബിയില്‍ നിന്നും 50000 കോടി രൂപ വിനിയോഗിക്കും.

സംഘര്‍ഷരഹിതവും ആയാസരഹിതവുമായ മെച്ചപ്പെട്ട വ്യവസായാന്തരീക്ഷം സൃഷ്ടിക്കുന്നതിന് ഏഴോളം നിയമങ്ങളിലും പത്തോളം ചട്ടങ്ങളിലും മാറ്റം വരുത്തിക്കഴിഞ്ഞു. മുപ്പത് ദിവസത്തിനകം വ്യവസായം തുടങ്ങാന്‍ കഴിയും വിധമാണ് പുതിയ നിയമമായ കേരള വ്യവസായ പ്രോത്സാഹനവും സൗകര്യമൊരുക്കലും നിയമം 2017 വിഭാവന ചെയ്തിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഗാര്‍ഹികാടിസ്ഥാനത്തില്‍ സൂക്ഷ്മ സംരംഭകത്വം ആരംഭിച്ച് ഒരു വ്യവസായ സംസ്‌കാരം കേരളത്തില്‍ ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു.

അടുത്ത മൂന്നു വര്‍ഷത്തിനകം ജില്ലയില്‍ ഇതിനകം പ്രഖ്യാപിച്ച പദ്ധതികള്‍ പൂര്‍ത്തീകരിക്കുമെന്നും പുതിയ പദ്ധതികളുടെ പ്രഖ്യാപനം ഉണ്ടാകുമെന്നും സെമിനാറില്‍ അധ്യക്ഷത വഹിച്ച റവന്യു, ഭവന നിര്‍മാണ മന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. ഇതിനകം ആയിരക്കണക്കിന് കോടി രൂപ ജില്ലയിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവഴിച്ചു കഴിഞ്ഞു. അവികസിത മേഖലകള്‍ക്ക് വികസന കാര്യത്തില്‍ പ്രത്യേക പരിഗണന നല്‍കും. സംരംഭം ആരംഭിക്കാന്‍ വ്യവാസായികള്‍ക്ക് മുന്നിലുള്ള എല്ലാ തടസ്സങ്ങളും നീക്കുമെന്നും മന്ത്രി പറഞ്ഞു.

പി.കരുണാകരന്‍ എംപി, എം രാജഗോപാലന്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എജിസി ബഷീര്‍ തുടങ്ങിയവര്‍ ആശംസയര്‍പ്പിച്ചു. കാസറകോടന്‍ പ്രവാസി സമൂഹവും വികസന സാധ്യതയും എന്ന വിഷയത്തില്‍ നോര്‍ക്ക മുന്‍ സിഇഒ കെ.ടി.ബാലഭാസ്‌കര്‍, ഭക്ഷ്യ സംസ്‌കരണ മേഖലയിലെ വ്യവസായ സാധ്യതകള്‍ കേരള ദിനേശ് ബീഡി ചെയര്‍മാന്‍ സി.രാജന്‍, ടൂറിസം വികസന സാധ്യതകള്‍ ബിആര്‍ഡിസി എംഡി ടി.കെ.മന്‍സൂറും, ഉന്നത വിദ്യാഭ്യാസ മേഖല - ജില്ലയുടെ സാധ്യതകള്‍, പരിമിതികള്‍ കേരള കേന്ദ്ര സര്‍വകലാശാ വൈസ് ചാന്‍സലര്‍ ജി.ഗോപകുമാറും അവതരിപ്പിച്ചു. ജില്ലാ കളക്ടര്‍ ജീവന്‍ബാബു കെ സ്വാഗതവും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.വി.സുഗതന്‍ നന്ദിയും പറഞ്ഞു.

English summary
immediately to distribute business plots in kanhangad: minister ac moideen
topbanner

More News from this section

Subscribe by Email