Tuesday June 18th, 2019 - 2:30:pm
topbanner
topbanner

കാസർകോട് മെഡിക്കല്‍ കോളേജ്: കന്നുകാലി തൊഴുത്ത് നിര്‍മ്മിച്ച് ബിജെപി പ്രതിഷേധം

Aswani
കാസർകോട് മെഡിക്കല്‍ കോളേജ്: കന്നുകാലി തൊഴുത്ത് നിര്‍മ്മിച്ച് ബിജെപി പ്രതിഷേധം

കാസര്‍കോട്: കന്നുകാലികളുമായി കൈയ്യില്‍ കുങ്കുമ ഹരിത പതാകയുമായി ബിജെപി നേതാക്കളും പ്രവര്‍ത്തകരും ഉക്കിനടുക്കയിലെ നിര്‍ദ്ദിഷ്ട കാസര്‍കോട് മെഡിക്കല്‍ കോളേജ് ഭൂമിയിലെത്തി തൊഴുത്ത് നിര്‍മ്മിച്ച് സമരം നടത്തി. മെഡിക്കല്‍ കോളേജ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വൈകുന്നതില്‍ പ്രതിഷേധിച്ചാണ് ബിജെപി കാസര്‍കോട് മഞ്ചേശ്വരം മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തില്‍ അധികൃതരുടെ കണ്ണ് തുറക്കാനായി വ്യത്യസ്ഥസമരമുഖം തുറന്നത്. നബാര്‍ഡ് ആശുപത്രി കെട്ടിടം നിര്‍മ്മാണത്തിനായി 68 കോടി രൂപ നല്‍കിയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇടത്-വലത് മുന്നണികള്‍ പാലിക്കുന്ന മൗനം മംഗലാപുരം ഉള്‍പ്പെടെയുള്ള സ്വകാര്യ-സഹകരണ മെഡിക്കല്‍ ലോബിയെ സഹായിക്കാനാണെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.ശ്രീകാന്ത് ആരോപിച്ചു.

കോടിക്കണക്കിന് രൂപയുടെ മരുന്ന് വ്യവസായമാണ് വര്‍ഷം തോറും സ്വകാര്യ ആതുരശ്രുശൂഷ മേഖലകള്‍ കേന്ദ്രമാക്കി നടക്കുന്നത്. സംസ്ഥാന സര്‍ക്കാറിന്റെ ഭാഗത്തു നിന്നുണ്ടായ ഗുരുതരമായ വീഴ്ച കാരണമാണ് മെഡിക്കല്‍ കോളേജ് യാഥാര്‍ത്ഥ്യമാകാത്തത്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുള്‍പ്പെടെയുള്ള രോഗികള്‍ മംഗലാപുരത്തെയും സമീപ ജില്ലകളെയുമാണ് ആശ്രയിക്കുന്നത്. മംഗലാപുരത്തുള്ള ആശുപത്രികള്‍ക്ക് കേരള സര്‍ക്കാര്‍ ലക്ഷക്കണക്കിന് രൂപ കുടിശ്ശിക വരുത്തിയതോടെ എന്‍ഡോസള്‍ഫാന്‍ രോഗികള്‍ക്കുള്‍പ്പെടെ അവിടങ്ങളില്‍ ചികിത്സ നിഷേധിക്കപ്പെടുന്ന സ്ഥിതിവിശേഷമാണ് നിലവിലുള്ളത്.

ആഴ്ചയ്ക്ക് രണ്ടുതവണ മാത്രം സര്‍വ്വീസ് നടത്തുന്ന ട്രെയിന്‍ ചെയിന്‍ വലിച്ച് നിര്‍ത്തി അവകാശവാദം ഉന്നയിക്കുന്നത് വലിയ കാര്യമല്ല. ജില്ലയിലെ ലക്ഷക്കണക്കിന് ആളുകളുടെ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന പ്രധാന ആവശ്യമായ വിദഗ്ധ ചികിത്സാ രംഗത്തെ ആധുനിക സൗകര്യങ്ങളോടുകൂടിയ ആശുപത്രിയെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാന്‍ എന്തുകൊണ്ട് പി.കുരണാകരന്‍ എം.പിയും, എംഎല്‍എമാരായ എന്‍.എനെല്ലിക്കുന്നും, പി.ബി. അബ്ദുള്‍ റസാഖും ശ്രമിക്കുന്നില്ലെന്ന് ശ്രീകാന്ത് ചോദിച്ചു.

പണവും ആവശ്യമായ സ്ഥലവും ലഭ്യമായിട്ടും മെഡിക്കല്‍ കോളേജിനായി അനിശ്ചിതകാല സമരങ്ങളുമായി രംഗത്ത് വരാതെ ജില്ലയെ പ്രതിനിധീകരിക്കുന്ന എംപിയും, എംഎല്‍എമാരും പാലിക്കുന്ന മൗനം ജനങ്ങളെ അവഹേളിക്കുന്നതിന് തുല്യമാണ്. ഇന്ന് പശുക്കളുമായെത്തി സമരം നടത്തിയ ജനങ്ങള്‍ കാസര്‍കോട്ടെ എംഎല്‍എമാരെ കെട്ടിവലിച്ചിവിടെ കൊണ്ടുവന്ന് സമരം നടത്തിയാല്‍ അവരെ കുറ്റം പറയാന്‍ കഴിയില്ല. നല്ലൊരു സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി പോലുമില്ലാതെ ജനങ്ങളെ ദ്രോഹിക്കുന്ന സംസ്ഥാന സര്‍ക്കാറിനെതിരെയുള്ള ജനരോഷമാണതിലൂടെ പ്രകടമാവുകയെന്ന് ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു.

ബിജെപി മഞ്ചേശ്വരം മണ്ഡലം പ്രസിഡണ്ട് കെ.സതീഷ്ചന്ദ്ര ഭണ്ഡാരി അദ്ധ്യക്ഷത വഹിച്ചു. സമരം ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.ശ്രീകാന്ത് ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡണ്ട് പ്രമീള സി നായ്ക്, സമിതിയംഗങ്ങളായ പി.സുരേഷ്‌കുമാര്‍ ഷെട്ടി, രവീശതന്ത്രി കുണ്ടാര്‍, എം.സജ്ജീവ ഷെട്ടി, അഡ്വ.ബാലകൃഷണ ഷെട്ടി, ജില്ലാ വൈസ് പ്രസിഡണ്ടുമാരായ എം.പി.രാമപ്പ, അഡ്വ.കെ.സദാനന്ദ റൈ, എം.ജനനി, ജനപ്രതിനിധികളായ പുഷ്പ അമേക്കള, മാലതി സുരേഷ്, രൂപവാണി ആര്‍ ഭട്ട്, ശൈജല ഭട്ട്, കെ.ജി.മനോഹരന്‍, കാസര്‍കോട് മണ്ഡലം പ്രസിഡണ്ട് സുധാമ ഗോസാഡ, സെക്രട്ടറി ചന്തുമാസ്റ്റര്‍, ജനറല്‍ സെക്രട്ടറി സുകുമാരന്‍ കുതിരപ്പാടി, എസ്ടി എസ്‌സി മോര്‍ച്ച ജില്ലാ പ്രസിഡണ്ട് എം.കെ.കൈയ്യാര്‍, യുവമോര്‍ച്ച ജില്ലാ സെക്രട്ടറി സുമിത്ത് രാജ് പെര്‍ള തുടങ്ങിയവര്‍ സമരത്തില്‍ പങ്കെടുത്തു.

Read more topics: kasargod, bjp, medical college
English summary
Kasargod Medical College; bjp conduct protest
topbanner

More News from this section

Subscribe by Email