Friday April 19th, 2019 - 8:44:pm
topbanner
topbanner

ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്; കാസർഗോഡ് ജില്ലയിൽ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് അഡ്വ.കെ.ശ്രീകാന്ത് മുഖ്യമന്ത്രിക്ക് കത്തയച്ചു

Aswani
ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്; കാസർഗോഡ് ജില്ലയിൽ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് അഡ്വ.കെ.ശ്രീകാന്ത് മുഖ്യമന്ത്രിക്ക് കത്തയച്ചു

കാസർഗോഡ്: കേന്ദ്രസര്‍ക്കാര്‍ കേരളത്തിനനുവദിക്കുമെന്ന് പ്രഖ്യാപിച്ച AIIMS കാസർഗോഡ് ജില്ലയില്‍ സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബിജെപി ജില്ല പ്രസിഡന്റ് അഡ്വ.കെ.ശ്രീകാന്ത് മുഖ്യമന്ത്രിക്ക് കത്തയച്ചു. ആവശ്യമുന്നയിച്ച് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍, ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍, കാസറകോട്ടെ എംഎല്‍എമാര്‍, എംപി പി.കരുണാകരന്‍ എന്നിവര്‍ക്കും അദ്ദേഹം കത്ത് നല്കി. എന്‍ഡോസള്‍ഫാന്‍ ദുരന്തമടക്കമുള്ള തീരാദുരിതങ്ങള്‍ ജില്ലയെ വേട്ടയാടുന്ന സാഹചര്യത്തില്‍ പ്രസ്തുത ആവശ്യം അനുഭാവപൂര്‍വ്വം പരിഗണിക്കണമെന്ന് അദ്ദേഹം കത്തില്‍ ആവശ്യപ്പെട്ടു.

കത്തിന്റെ പൂര്‍ണ്ണ രൂപം...

ബഹുമാനപ്പെട്ട മുഖ്യമന്ത്രി/റവന്യൂ മന്ത്രി/ആരോഗ്യ മന്ത്രി/ എംപി/ എംഎല്‍എമാര്‍..

നമുക്കെല്ലാം അറിയുന്നതുപോലെ ബഹു. നരേന്ദ്രമോദി സര്‍ക്കാര്‍ കേരളത്തിന് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് AIIMS മാതൃകയിലെ ഒരു അത്യാധുനിക ചികിത്സാ കേന്ദ്രം കേരളത്തിന് അനുവദിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടല്ലോ? നിര്‍ദ്ദിഷ്ട AIIMS ആശുപത്രി കാസർഗോഡ് ജില്ലയില്‍ സ്ഥാപിക്കണമെന്നാണ് ജനങ്ങളുടെ ആഗ്രഹം.

സംസ്ഥാനത്തെ മറ്റ് ജില്ലകളില്‍ നിന്നും വ്യത്യസ്തമായി എന്‍ഡോസള്‍ഫാന്‍ എന്ന മഹാദുരന്തം വര്‍ഷങ്ങളായി ജില്ലയ്ക്ക് തീരാദു:ഖമായി മാറിയ കാര്യം താങ്കള്‍ക്കും അറിവുള്ളതാണല്ലോ..? തന്റേതല്ലാത്ത കാരണങ്ങളാല്‍ ദുരിതം പേറേണ്ടി വന്ന കുട്ടികളെയും കൊണ്ട് അവരുടെ രക്ഷിതാക്കള്‍ ചികിത്സയ്ക്കായി അലയേണ്ട സാഹചര്യമാണുള്ളത്. വിദഗ്ധ ചികിത്സയ്ക്കായി അത്യാധുനിക സൗകര്യങ്ങളുള്ള ഒരു ആശുപത്രി പോലും ജില്ലയിലില്ല എന്നതാണ് നഗ്‌നസത്യം. ഇതിന് പുറമേ അര്‍ബുദം, കിഡ്നി സംബന്ധമായ അസുഖങ്ങള്‍ തുടങ്ങിയ മാരക രോഗങ്ങളും ജില്ലയില്‍ ക്രമാതീതമായി വര്‍ധിച്ചു വരുന്നതായി് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇപ്പോഴും വന്‍ തുക നല്‍കി കര്‍ണ്ണാടകയിലെ സ്വകാര്യാശുപത്രികളെ ആശ്രയിക്കേണ്ട ഗതികേടാണ് ജില്ലയിലെ ജനങ്ങള്‍ക്കുള്ളത്. വാഹനം അവിടെ എത്തുന്നതിന് മുമ്പ് തന്നെ രോഗികള്‍ മരിക്കുന്നും പതിവാണ്. AIIMS കാസറഗോഡ് സ്ഥാപിച്ചാല്‍ വലിയൊരളവ് വരെ ഇത് പരിഹരിക്കാന്‍ കഴിയുമെന്ന കാര്യത്തില്‍ സംശയമില്ല.

ധാരാളം റവന്യൂ ഭൂമി കാസർഗോഡ് ജില്ലയില്‍ ഉണ്ടെന്നതിനാല്‍ AIMS സ്ഥാപിക്കാന്‍ ഭൂമി സംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാകില്ലെന്നാണ് കരുതുന്നത്. ഒരിഞ്ച് ഭൂമിപോലും സ്വകാര്യ ഭൂമി ഏറ്റെടുക്കേണ്ടി വരില്ല. അതുകൊണ്ട് തന്നെ കുടിയൊഴിപ്പിക്കല്‍ തുടങ്ങിയ അനാവശ്യ തര്‍ക്കങ്ങള്‍ക്കും പ്രസക്തിയില്ല.

സംസ്ഥാനത്ത് അലോപ്പതി മെഡിക്കല്‍ കോളേജ് ഇല്ലാത്ത ഏക ജില്ലയാണ് കാസർഗോഡ്. ജനങ്ങള്‍ക്ക് ഏറെ പ്രതീക്ഷ നല്കി 2013 ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ജില്ലയ്ക്ക് ഒരു മെഡിക്കല്‍ കോളേജ് അനുവദിച്ചിരുന്നെങ്കിലും അക്കാദമിക് ബ്ലോക്കിന്റെ നിര്‍മ്മാണം മാത്രമാണ് ഇതുവരെ പൂര്‍ത്തിയായിട്ടുള്ളത്. അനുബന്ധമായുള്ള ആശുപത്രി കെട്ടിടത്തിന്റെ ടെണ്ടര്‍ നടപടികള്‍ പോലും എങ്ങുമെത്താത്ത സാഹചര്യമാണ്. മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും കേന്ദ്രസര്‍വ്വകലാശാല സന്ദര്‍ശിച്ചപ്പോള്‍ അനുബന്ധമായി മെഡിക്കല്‍ കോളേജ് സ്ഥാപിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും തീരുമാനമായിട്ടില്ല.

വികസനത്തില്‍ രാഷ്ട്രീയം കലര്‍ത്താതെ, ജില്ലയുടെ ദയനീയ സാഹചര്യവും എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കഷ്ടപ്പാടുകളും കണക്കിലെടുത്ത് നിര്‍ദ്ദിഷ്ട AIIMS കാസറഗോഡ് ജില്ലയില്‍ തന്നെ സ്ഥാപിക്കാനാവശ്യമായ മേല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Read more topics: kasargod, AIIMS, ad sreekanth, letter
English summary
All India Institute of Medical Science; ad srikanth wrote letter to chief minister to build it in kasargod district
topbanner

More News from this section

Subscribe by Email