Saturday March 23rd, 2019 - 2:33:pm
topbanner
topbanner

മാലിന്യ മുക്ത കണ്ണൂർ ക്യാമ്പയിൻ രണ്ടാം ഘട്ടത്തിലേക്ക്; പ്ലാസ്റ്റിക്ക് സഞ്ചിയുമായി പോകുന്നത് നാണക്കേടായി കാണുന്ന സ്ഥിതിയുണ്ടായി: കളക്‌ടർ

Aswani
മാലിന്യ മുക്ത കണ്ണൂർ  ക്യാമ്പയിൻ  രണ്ടാം ഘട്ടത്തിലേക്ക്; പ്ലാസ്റ്റിക്ക് സഞ്ചിയുമായി പോകുന്നത് നാണക്കേടായി കാണുന്ന സ്ഥിതിയുണ്ടായി: കളക്‌ടർ

കണ്ണൂർ: മാലിന്യ മുക്ത കണ്ണൂർ കാമ്പയിനിൽ നിന്ന് പിറകോട്ടേക്കുള്ള തിരിച്ചുപോക്ക് അനുവദിക്കാനാവില്ലെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്. പ്ലാസ്റ്റിക് സഞ്ചിയുൾപ്പെടെ അപകടകരമായ മാലിന്യങ്ങളുടെ തോത് ഗണ്യമായി കുറയ്ക്കുന്നതിൽ രണ്ടുവർഷം കൊണ്ട് ജില്ല കൈവരിച്ച മുഴുവൻ നേട്ടങ്ങളെയും ഇല്ലാതാക്കുന്നതിന് തുല്യമായിരിക്കും അതെന്നും അദ്ദേഹം പറഞ്ഞു. മാലിന്യമുക്ത കണ്ണൂർ ക്യാമ്പയിൻ രണ്ടാം ഘട്ടത്തിലേക്ക് പ്രവേശിക്കുന്നതിന്റെ ഭാഗമായി മാസ്കോട്ട് ഹോട്ടലിൽ നടത്തിയ വിവിധ അസോസിയേഷനുകളുടെ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്ലാസ്റ്റിക് സഞ്ചികൾ, ഡിസ്പോസബ്ൾ കപ്പുകൾ, പ്ലേറ്റുകൾ, പി.വി.സി ഫ്ളക്സുകൾ എന്നിവയുടെ ഉപയോഗം ഗണ്യമായി കുറയ്ക്കാൻ രണ്ടുവർഷം നീണ്ട കാംപയിനിലൂടെ നമുക്ക് സാധിച്ചു. കണ്ണൂർ കോർപറേഷനും ചില ഗ്രാമപഞ്ചായത്തുകളും നഗരസഭകളും ഇക്കാര്യത്തിൽ മികച്ച നേട്ടം കൈവരിച്ചപ്പോൾ ചില പട്ടണങ്ങളിൽ വേണ്ടത്ര നടപ്പിലാക്കാനായില്ലെന്നും അദ്ദേഹം പറഞ്ഞു. ചെറിയ യുക്തിയിൽ മാത്രം കാര്യങ്ങൾ കാണുന്ന ചിലർ പദ്ധതിയെ പരാജയപ്പെടുത്താൻ ശ്രമങ്ങൾ നടത്തുന്നുണ്ടെങ്കിലും പൊതജനങ്ങളിൽ നിന്ന് ലഭിച്ച വലിയ പിന്തുണ പ്രോൽസാഹനജനകമാണെന്നും അദ്ദേഹം പറഞ്ഞു. ആരുടെയും വ്യക്തിപരമായ നേട്ടത്തിനു വേണ്ടിയല്ല, സമൂഹത്തിന്റെയും നാടിന്റെയും മൊത്തത്തിനുള്ള നൻമയ്ക്കു വേണ്ടിയാണിതെന്ന ബോധമാണ് ഇക്കാര്യത്തിൽ എല്ലാവർക്കുമുണ്ടാവേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

പ്ലാസ്റ്റിക് സഞ്ചിയുമായി പോകുന്നതും ഡിസ്പോസബ്ൾ കപ്പുകളിൽ ചായകുടിക്കുന്നതും നാണക്കേടായി തോന്നുന്ന ഒരു അവസ്ഥ സമൂഹത്തിലുണ്ടാക്കാൻ സാധിച്ചുവെന്നതു തന്നെ കാംപയിനിന്റെ ഏറ്റവും വലിയ വിജയമാണെന്ന് ജില്ലാ കളക്ടർ മീർ മുഹമ്മദലി അഭിപ്രായപ്പെട്ടു. ജില്ലയിലെ സർക്കാർ സ്ഥാപനങ്ങൾ, സ്കൂളുകൾ, ഒാഡിറ്റോറിയങ്ങൾ തുടങ്ങിയവയിൽ സ്റ്റീൽ ഗ്ലാസ്സുകളും പ്ലേറ്റുകളും ഉപയോഗിക്കുന്നതും ജില്ലയിലെ പ്രധാന സൂപ്പർമാർക്കറ്റുകളും ബേക്കറികളുമുൾപ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങൾ പ്ലാസ്റ്റിക്കിനു പകരം തുണിസഞ്ചി വിതരണം ചെയ്യുന്നതും ചെറിയ കാര്യമല്ല. മാലിന്യനിർമാർജനത്തിൽ പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറച്ചുകൊണ്ടുവരികയാണ് ഏറ്റവും പ്രധാനം. ഇക്കാര്യത്തിൽ ജില്ലയ്ക്ക് മാതൃകാപരമായ പുരോഗതി കൈവരിക്കാനായതായും ജില്ലാ കളക്ടർ പറഞ്ഞു.

നിയമം അടിച്ചേൽപ്പിച്ചുകൊണ്ടല്ല, സമവായത്തിലൂടെയാണ് ജില്ലയിൽ ക്യാമ്പയിൻ മുന്നോട്ടുപോയത്. ഇക്കാര്യത്തിൽ മറ്റുള്ളവർ ചെയ്യുന്നത് വരെ കാത്തുനിൽക്കാതെ സ്വന്തം ജീവിത പരിസരങ്ങളിൽ നിന്ന് ഇത്തരം മാലിന്യങ്ങളെ ഇല്ലാതാക്കുകയെന്നതാണ് പ്രധാനം. പ്ലാസ്റ്റിക് സഞ്ചിയും ഡിസ്പോസബ്ൾസും നിരോധിച്ചുകൂടെ എന്ന വാദത്തിൽ അർഥമില്ല. ആരോഗ്യത്തിന് ഹാനികരമായ സിഗരറ്റ് നിരോധിക്കപ്പെടുന്നതു വരെ പുകവലി തുടരുമെന്ന് ആരും പറയാറില്ലല്ലോ എന്നും കളക്ടർ ചോദിച്ചു. എന്തുകൊണ്ട് കണ്ണൂർ എന്നുചോദിക്കുന്നതവരോട് എന്തു കൊണ്ട് കണ്ണൂരിൽ ആയിക്കൂടാ എന്നാണ് കളക്ടറുടെ മറുചോദ്യം. രാജ്യത്തിന്റെ തന്നെ അംഗീകാരം നേടിയ ഇത്തരമൊരു മികച്ച പദ്ധതി ആദ്യമായി നടപ്പിലാക്കാനുള്ള അവസരം കണ്ണൂർ ജില്ല നഷ്ടപ്പെടുത്തണമായിരുന്നോ എന്നും അദ്ദേഹം ചോദിച്ചു.

അന്താരാഷ്ട്ര വിമാനത്താവളം പ്രവർത്തനം തുടങ്ങുന്നതോടെ വ്യവസായം, വിനോദസഞ്ചാരം തുടങ്ങിയ മേഖലകളിലുണ്ടാവുന്ന പുരോഗതി ജില്ലയിൽ മാലിന്യ പ്രശ്നം കൂടുതൽ രൂക്ഷമാക്കാനുള്ള സാധ്യതയുണ്ട്. ഇപ്പോൾ തന്നെ ഇക്കാര്യത്തിൽ വ്യക്തമായ മാതൃക സൃഷ്ടിക്കാനും പെരുമാറ്റച്ചട്ടങ്ങളുണ്ടാക്കാനും സാധിച്ചാൽ മാത്രമേ ഇൗ ഭീഷണി അതിജീവിക്കാൻ ജില്ലയ്ക്ക് സാധിക്കൂ എന്നും ജില്ലാ കളക്ടർ പറഞ്ഞു.

കാംപയിനിന്റെ രണ്ടാം ഘട്ടത്തിലേക്ക് പ്രവേശിക്കുന്ന ഇൗ ഘട്ടത്തിൽ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ബോധവൽക്കരണം ഉൾപ്പെടെയുള്ള നടപടികൾ കാര്യക്ഷമമാക്കണം. ഇക്കാര്യത്തിൽ ബന്ധപ്പെട്ട കക്ഷികളുമായെല്ലാം കൂടുതൽ ചർച്ചകളും ആലോചനകളും നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന കാറ്ററിംഗ് സർവീസുകൾ, ഒാഡിറ്റോറിയങ്ങൾ തുടങ്ങിയവയുടെ ഭാഗത്തുനിന്ന് ഇക്കാര്യത്തിൽ അനുകൂല നടപടികളുണ്ടാവുന്നില്ലെന്ന് യോഗത്തിൽ സംസാരിച്ചവർ ചൂണ്ടിക്കാട്ടി. ചിലയിടങ്ങളിൽ ആരാധനാലയങ്ങളിൽ നടക്കുന്ന ചടങ്ങുകളിൽ വലിയതോതിൽ ഡിസ്പോസബ്ൾ സാധനങ്ങൾ ഉപയോഗിക്കുന്നതായും ചിലർ ശ്രദ്ധയിൽപ്പെടുത്തി.

മസ്കോട്ട് ഹോട്ടലിൽ നടന്ന ചടങ്ങിൽ ഒാഡിറ്റോറിയം ഒാണേഴ്സ് അസോസിയേഷൻ, കാറ്ററിംഗ് അസോസിയേഷൻ, കുക്കിംഗ് അസോസിയേഷൻ, ഹയർ ഗുഡ്സ് ഒാണേഴ്സ് അസോസിയേഷൻ, റസിഡൻസ് അസോസിയേഷൻ ജില്ലാ പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു. ശുചിത്വമിഷനിൽ നിന്ന് സ്ഥലംമാറിപ്പോവുന്ന അസിസ്റ്റന്റ് കോ-ഒാഡിനേറ്റർ സുരേഷ് കസ്തൂരിയെ ജില്ലാ കളക്ടർ പൊന്നാടയണിയിച്ചു.

English summary
waste free kannur campaign in second stage; Going with a plastic bag is shame to people today : collector
topbanner

More News from this section

Subscribe by Email