Sunday November 18th, 2018 - 3:45:pm
topbanner

തളിപ്പറമ്പ് ടാഗോർ സ്കൂൾ പ്രവേശനവിവാദത്തിന് വിരാമം: നറുക്കെടുപ്പ് വഴി പ്രവേശനം നല്‍കി

Aswani
തളിപ്പറമ്പ് ടാഗോർ സ്കൂൾ പ്രവേശനവിവാദത്തിന് വിരാമം: നറുക്കെടുപ്പ് വഴി പ്രവേശനം നല്‍കി

തളിപ്പറമ്പ്: തളിപ്പറമ്പ് ടാഗോര്‍ വിദ്യാനികേതനില്‍ അഞ്ചാം ക്ലാസിലേക്കും എട്ടാം ക്ലാസിലേക്കും നറുക്കെടുപ്പ് വഴി പ്രവേശനം നല്‍കി. എട്ടാംക്ലാസിലേക്ക് മലയാളം ഡിവിഷനില്‍ 34 കുട്ടികളേയും അഞ്ചാംക്ലാസില്‍ ഇംഗ്ലീഷ്-മലയാളം ഡിവിഷനുകളിലേക്ക് 30 പേരെ വീതവുമാണ് തെരഞ്ഞെടുത്തത്. നേരത്തെ അപേക്ഷ നല്‍കിയവരെ മാത്രമാണ് പരിഗണിച്ചത്. ഇംഗ്ലീഷ് മീഡിയത്തിലേക്ക് 37 കുട്ടികളും മലയാളത്തിന് 49 കുട്ടികളുമാണ് എത്തിച്ചേര്‍ന്നത്.

പട്ടികജാതി വിഭാഗത്തിനുള്ള രണ്ട് സീറ്റുകളിലേക്ക് നറുക്കെടുപ്പില്ലാതെ പ്രവേശനം നടന്നു. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ സി. ഐ.വല്‍സല, ഡിഇഒ കെ.രാധാകൃഷ്ണന്‍, മുഖ്യാധ്യാപകന്‍ തോമസ് ഐസക് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു നറുക്കെടുപ്പ്. മാധ്യമപ്രവര്‍ത്തകനും തളിപ്പറമ്പ് പ്രസ്‌ഫോറം ജോ.സെക്രട്ടറിയുമായ വിമല്‍ ചേടിച്ചേരിയാണ് ആദ്യമായി നറുക്കെടുത്തത്. ഉച്ചക്ക് 12 നാണ് സ്‌കൂള്‍ ഓഫീസിൽ നറുക്കെടുപ്പ് നടന്നത്. ഹൈക്കോടതി നേരത്തെ നല്‍കിയ സ്‌റ്റേ നീക്കംചെയ്യുകയോ പുതിയ വിധി പ്രസ്താവിക്കുകയോ ചെയ്തിട്ടില്ലെന്നും പ്രവേശനം നല്‍കാന്‍ നിര്‍ദ്ദേശിക്കുക മാത്രാണുണ്ടായതെന്നും ഡിഇഒ പറഞ്ഞു.

നേരത്തെ ഇരുന്നൂറിലേറെ കുട്ടികള്‍ അപേക്ഷ നല്‍കിയിരുന്നുവെങ്കിലും പ്രവേശന നടപടികള്‍ നീണ്ടുപോയതിനാല്‍ പലരും മറ്റ് സ്‌കൂളുകളില്‍ ചേര്‍ന്നതിനാലാണ് പ്രവേശനത്തിനെത്തിയ കുട്ടികളുടെ എണ്ണം കുറഞ്ഞത്. ഇതോടെ രണ്ട് മാസങ്ങളായി നീണ്ട പ്രവേശനവിവാദം താല്‍ക്കാലികമായി അവസാനിച്ചിരിക്കയാണ്. കേരളത്തില്‍ ആദ്യമായാണ് ഒരു സര്‍ക്കാര്‍ വിദ്യാലയത്തിലേക്ക് നറുക്കെടുപ്പിലൂടെ പ്രവേശനം നല്‍കിയത്. കഴിഞ്ഞ 40 വര്‍ഷമായി സംസ്ഥാനത്തെ ഏക സ്‌പെഷ്യല്‍ സ്‌കൂള്‍ എന്ന നിലയില്‍ അഞ്ച്, എട്ട് ക്ലാസുകളിലേക്ക് പ്രവേശന പരീക്ഷയിലൂടെ ഇവിടെ കുട്ടികള്‍ക്ക് അഡ്മിഷന്‍ നല്‍കിയിരുന്നത്.

ശാസ്ത്രസാഹിത്യ പരിഷത്ത് ദേശീയ വിദ്യാഭ്യാസനിയമത്തിന് എതിരാണെന്നതിനാല്‍ പ്രവേശനപരീക്ഷ നിര്‍ത്തലാക്കണമെന്ന് വിദ്യാഭ്യാസമന്ത്രിക്ക് നിവേദനം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് പ്രവേശന പരീക്ഷ നിര്‍ത്തലാക്കിയത്. അതിനെതിരെ അലുംനി അസോസിയേഷനും ഒരു അപേക്ഷകയും ഹൈക്കോടതിയില്‍ നിന്ന് സ്‌റ്റേ വാങ്ങിയിരുന്നു. അഡൈ്വസറി ബോര്‍ഡ് മെമ്പര്‍ ഷൈല, എം.വി.രാമചന്ദ്രന്‍, കെ.കെ.ഗീതാമണി എന്നിവരും സന്നിഹിതരായിരുന്നു. പോലീസ് സുരക്ഷയും ഏര്‍പ്പെടുത്തിയിരുന്നു.

English summary
Tagore school entrance dispute: Admission through draw
topbanner

More News from this section

Subscribe by Email