Thursday November 15th, 2018 - 2:46:pm
topbanner

ധര്‍മ്മശാലയിലെ ആസാം സ്വദേശിയുടെ മരണകാരണം, ജപ്പാന്‍ ജ്വരമാണെന്ന് സ്ഥിരീകരിച്ചില്ലെന്ന് ഡി.എം.ഒ

NewsDesk
ധര്‍മ്മശാലയിലെ ആസാം സ്വദേശിയുടെ മരണകാരണം, ജപ്പാന്‍ ജ്വരമാണെന്ന് സ്ഥിരീകരിച്ചില്ലെന്ന് ഡി.എം.ഒ

തളിപ്പറമ്പ്: ധര്‍മ്മശാലയിലെ ആസാം സ്വദേശിയായ പ്ലൈവുഡ് ഫാക്ടറി തൊഴിലാളിയോടൊപ്പം നാട്ടില്‍ നിന്നെത്തിയ യുവാവ് മരിച്ചത് ജപ്പാന്‍ ജ്വരം ബാധിച്ചാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് ഡിഎംഒ.

ആസാം സ്വദേശി മനോജ് ആണ് ഞായറാഴ്ച്ച രാത്രി 8 മണിയോടെ മരിച്ചത്. മൂന്നു ദിവസമായി പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ജപ്പാന്‍ ജ്വരം ബാധിച്ചാണ് ഇയാള്‍ മരിച്ചതെന്ന് ആദ്യം ആശുപത്രി അധികൃതര്‍ പറഞ്ഞിരുന്നെങ്കിലും ഇപ്പോള്‍ ഇക്കാര്യത്തില്‍ സാധ്യതമാത്രമേ പറയാന്‍ പറ്റൂ എന്നും, അതേസമയം, രോഗം ബാധിച്ച് ഗുരുതരാവസ്ഥയില്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുളള മറ്റെയാളുടെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്നും ഡിഎംഒ വെളിപ്പെടുത്തി.

പരിയാരം മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി ഹെല്‍ത്ത് വിഭാഗം നിപ ഉള്‍പ്പെടെയുള്ള എല്ലാ രോഗസാധ്യതകളും പരിശോധിച്ചു വരികയാണ്. ഫാക്ടറിയിലെ മറ്റു തൊഴിലാളികള്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്.

ആരോഗ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം ഡി.എം.ഒയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം തിങ്കളാഴ്ച പ്ലൈവുഡ് ഫാക്ടറിയില്‍ സന്ദര്‍ശനം നടത്തി. ഫാക്ടറി പരിസരവും, തൊഴിലാളികളുടെ താമസസ്ഥലവും വൃത്തിഹീനമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

ചൊവ്വാഴ്ച ലേബര്‍ ഓഫീസര്‍, മുനിസിപ്പാലിറ്റി അധികാരികള്‍, ആരോഗ്യവിഭാഗം അധികാരികള്‍, ഡോക്ടര്‍മാര്‍ തുടങ്ങിയവര്‍ യോഗം ചേര്‍ന്ന് പ്രതിരോധ നടപടികള്‍ ശക്തമാക്കും.

അതേസമയം നിരവധി അന്യസംസ്ഥാന തൊഴിലാളികള്‍ ജോലിചെയ്യുകയും താമസിക്കുകയും ചെയ്യുന്ന ധര്‍മ്മശാലയിലെ വ്യാവസായിക മേഖലയില്‍ ആന്തൂര്‍ നഗരസഭയുടെ ഇടപെടല്‍ കാര്യക്ഷമമല്ലെന്ന ആരോപണവും ഉയരുന്നുണ്ട്.

ഒന്‍പതു ദിവസം മുന്‍പാണ് മരിച്ച ആസാം സ്വദേശി ബന്ധുവിനോടൊപ്പം ധര്‍മ്മശാലയില്‍ എത്തിയത്. നാട്ടില്‍ നിന്ന് വരുമ്പോള്‍ തന്നെ ഇയാള്‍ക്ക് പനി ബാധിച്ചിരുന്നു. മൂന്ന് ദിവസം മുന്‍പ് പനി അധികമായതോടെയാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇയാളുടെ മരണം നിപ ബാധ കാരണം ആണെന്ന പ്രചാരണത്തെ തുടര്‍ന്ന് പ്രദേശത്തെ ജനങ്ങള്‍ കടുത്ത ആശങ്കയില്‍ ആയിരുന്നു.

 

Read more topics: kannur, japan jwaram, anthoor,
English summary
kannur japan jwaram death
topbanner

More News from this section

Subscribe by Email