Thursday July 18th, 2019 - 4:48:pm
topbanner
topbanner

കണ്ണൂർ ജില്ലാ ആശുപത്രിയില്‍ കാര്‍ഡിയോളജി വിഭാഗം തുടങ്ങും: ആരോഗ്യമന്ത്രി

Aswani
കണ്ണൂർ  ജില്ലാ ആശുപത്രിയില്‍ കാര്‍ഡിയോളജി വിഭാഗം തുടങ്ങും: ആരോഗ്യമന്ത്രി

കണ്ണൂർ: ജില്ലാ ആശുപത്രിയില്‍ അത്യാധുനിക സൗകര്യങ്ങളോടെ പുതുതായി നിര്‍മിച്ച സ്ത്രീകളുടെയും കുട്ടികളുടെയും ബ്ലോക്ക് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നാടിന് സമര്‍പ്പിച്ചു. ആശുപത്രിയുടെ സമഗ്രവികസനത്തിനായി ആസൂത്രണം ചെയ്ത 76 കോടിയുടെ മാസ്റ്റര്‍ പ്ലാന്‍ പ്രകാരമുള്ള ആദ്യ കെട്ടിടമാണ് ഇതിലൂടെ യാഥാര്‍ഥ്യമായിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്തിന്റെ 2.4 കോടി രൂപ ഉപേയാഗിച്ച് യുദ്ധകാലാടിസ്ഥാനത്തില്‍ നിര്‍മിച്ച കെട്ടിടം നിലവില്‍ വന്നതോടെ സൗകര്യങ്ങളുടെ പരിമിതി കാരണം രോഗികള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് വലിയ ആശ്വാസമാവും.

ജില്ലാ ആശുപത്രിയില്‍ കാര്‍ഡിയോളജി വിഭാഗം ഉള്‍പ്പെടെയുള്ള മികച്ച സംവിധാനങ്ങള്‍ ഒരുക്കുമെന്നും മന്ത്രി പറഞ്ഞു. രണ്ട് മാസത്തിനകം അത്യാധുനിക ലാബ് പ്രവര്‍ത്തനക്ഷമമാവും. ജില്ലാ ആശുപത്രിയില്‍ കാര്‍ഡിയോളജിസ്റ്റിനെ സര്‍ക്കാര്‍ നിയമിക്കുമെന്നും മന്ത്രി അറിയിച്ചു. ആശുപത്രിയുടെ മാസ്റ്റര്‍ പ്ലാന്‍ അനുസരിച്ചുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കിഫ്ബി മുഖേന ഫണ്ട് അനുവദിച്ചുവെങ്കിലും പാരിസ്ഥിതിക അനുമതി ഉള്‍പ്പെടെയുള്ള സാങ്കേതിക തടസ്സങ്ങള്‍ കാരണമാണ് ഏതാനും മാസം പ്രവൃത്തി വൈകിയതെന്നും മൂന്നുവര്‍ഷത്തിനുള്ളില്‍ തന്നെ നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാനാണ് ശ്രമമെന്നും മന്ത്രി അറിയിച്ചു.

നിപ വൈറസ് ഉയര്‍ത്തിയ ഭീഷണി നേരിടാന്‍ യുദ്ധകാലാടിസ്ഥാനത്തിലാണ് നമ്മുടെ ഡോക്ടര്‍മാര്‍ പ്രവര്‍ത്തിച്ചത്. നിപയുടെ രണ്ടാം ഘട്ടത്തിനുള്ള സാധ്യത ഇല്ലെന്ന വിലയിരുത്തലിലാണ് ഡോക്ടര്‍മാര്‍. രണ്ടാം ഘട്ടമുണ്ടായാല്‍ തന്നെ അതിനെ നേരിടാനുള്ള എല്ലാ സന്നാഹങ്ങളും ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ചടങ്ങില്‍ തുറമുഖ വകുപ്പ് മന്ത്രി രാമച്രന്ദന്‍ കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു.

നേരത്തേ ഒരു ദിവസം 700ല്‍ താഴെ രോഗികള്‍ വന്നിരുന്ന സ്ഥാനത്ത് ഇപ്പോഴത് രണ്ടായിരത്തിലേറെയായി വര്‍ധിച്ചിട്ടുണ്ടെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. സുമേഷ് അറിയിച്ചു. ഇത് രോഗികള്‍ക്ക് ചില പ്രയാസങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. ആശുപത്രിക്കെതിരായ ആരോഗ്യകരമായ വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളുന്നതായും എന്നാല്‍ ആശുപത്രിയെ തകര്‍ക്കുന്ന രീതിയിലുള്ള വിമര്‍ശനങ്ങള്‍ ആരുടെ ഭാഗത്തുനിന്നും ഉണ്ടായിക്കൂടെന്നും അദ്ദേഹം പറഞ്ഞു. ഉദ്ഘാടനം ചെയ്ത ബ്ലോക്ക് അടുത്തദിവസം തന്നെ പ്രവര്‍ത്തിച്ചുതുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു.

പുതിയ കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ സ്ത്രീരോഗ വിഭാഗം, ശിശുരോഗ വിഭാഗം ഒ.പികള്‍, അമ്മയ്ക്കും കുഞ്ഞിനുമുള്ള പ്രതിരോധ ചികില്‍സാ യൂനിറ്റ്, കുടുംബാസൂത്രണ ചികില്‍സാ യൂനിറ്റ്, മാമോഗ്രാം ഉള്‍പ്പെടെ കാന്‍സര്‍ തുടക്കത്തില്‍ തന്നെ കണ്ടെത്തുന്നതിനുള്ള യൂനിറ്റ് എന്നിവ പ്രവര്‍ത്തിക്കും. ഒന്നാം നിലയില്‍ പ്രസവാനന്തര ശുശ്രൂഷകള്‍ക്കായി 50 കിടക്കകളുണ്ടാവും. രണ്ടാം നിലയില്‍ കുട്ടികളുടെ വാര്‍ഡ് പ്രവര്‍ത്തിക്കും. മാസ്റ്റര്‍ പ്ലാന്‍ പ്രകാരമുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാവുന്നതോടെ കുട്ടികളുടെ വാര്‍ഡ് അവിടേക്ക് മാറ്റും.

ചടങ്ങില്‍ മേയര്‍ ഇ.പി. ലത, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ കെ.പി. ജയപാലന്‍ മാസ്റ്റര്‍, വി.കെ. സുരേഷ് ബാബു, അംഗങ്ങളായ അജിത്ത് മാട്ടൂല്‍, അന്‍സാരി തില്ലങ്കേരി, തോമസ് വര്‍ഗീസ്, പി ജാനകി ടീച്ചര്‍, ടി.ആര്‍ സുശീല, കണ്ണൂര്‍ കന്റോണ്‍മെന്റ് ബോര്‍ഡംഗം ഷീബ അക്തര്‍, ഡി.എം.ഒ ഇന്‍ ചാര്‍ജ് ഡോ. എം.കെ. ഷാജ്, ആശുപത്രി സൂപ്രണ്ട് ഡോ. വി.കെ. രാജീവന്‍, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. വി.പി. രാജേഷ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി. ചന്ദ്രന്‍, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. മനോജ്, കെ.വി ഗോവിന്ദന്‍, ആശുപത്രി മാനേജ്‌മെന്റ് സമിതി അംഗങ്ങള്‍ എന്നിവര്‍ സംസാരിച്ചു.

Read more topics: kannur, health minister, k k shylaja,
English summary
new cardiology block in kannur district hospital: health minister
topbanner

More News from this section

Subscribe by Email