Sunday April 21st, 2019 - 2:39:pm
topbanner
topbanner

കണ്ണൂരിൽ വഴിയരികിൽ അന്തിയുറങ്ങുന്നവർക്ക് ഉറങ്ങാനും ഭക്ഷണത്തിനും സൗകര്യമേർപ്പെടുത്തും

Aswani
കണ്ണൂരിൽ വഴിയരികിൽ അന്തിയുറങ്ങുന്നവർക്ക്  ഉറങ്ങാനും ഭക്ഷണത്തിനും  സൗകര്യമേർപ്പെടുത്തും

കണ്ണൂർ: മഴക്കാലത്ത് വഴിയരികിലും കടത്തിണ്ണകളിലും ബസ്‌സ്റ്റാൻറുകളിലും മറ്റും അന്തിയുറങ്ങുന്നവർക്ക് രാത്രികാലങ്ങളിൽ ഉറങ്ങാനും അത്താഴം നൽകാനുമുള്ള സംവിധാനം ഏർപ്പെടുത്താൻ ജില്ലാ സാമൂഹ്യ സുരക്ഷാ വകുപ്പിന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം നിർദേശം നൽകി. ഇത്തരത്തിലുള്ളവരുടെ ദുരന്തപൂർണമായ സാഹചര്യം പരിഗണിച്ച് സംസ്ഥാന സർക്കാറിന്റെ നിർദേശമനുസരിച്ചാണ് നടപടി.

വകുപ്പുകളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും കൈവശമുള്ള ഭൂമിയിലുള്ള അപകടകരമായ മരങ്ങളും മരച്ചില്ലകളും കണ്ടെത്തി മുറിച്ചു മാറ്റുവാൻ ദുരന്ത നിവാരണ നിയമപ്രകാരം യോഗം നിർദേശം നൽകി. ഇതിനായി വകുപ്പുകൾ സ്വന്തമായി പണം കണ്ടെത്തണം. അപകടകരവും അടിയന്തിരമായി മാറ്റേണ്ടതുമായ മരങ്ങളും മരച്ചില്ലകളും മുറിച്ചുമാറ്റാനുള്ള അനുമതി നൽകാൻ പ്രാദേശികമായി തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറി, വില്ലേജ് ഓഫീസർ, പ്രദേശത്തെ വനം റേഞ്ച് ഓഫീസർ എന്നിവരടങ്ങിയ സമിതിയെ ചുമതലപ്പെടുത്തണം. ഈ നിർദേശം അനുസരിക്കാത്ത വകുപ്പുകൾക്കായിരിക്കും അവരവരുടെ ഭൂമിയിലുള്ള മരം വീണുണ്ടാവുന്ന എല്ലാ അപകടങ്ങൾക്കും നഷ്ടപരിഹാരം നൽകാനുള്ള ബാധ്യത.

അതുപോലെ സ്വകാര്യ ഭൂമിയിലുള്ള അപകടകരമായ മരങ്ങളും മരച്ചില്ലകളും കണ്ടെത്തി മുറിച്ചുമാറ്റാൻ ദുരന്ത നിവാരണ നിയമപ്രകാരം സ്വകാര്യ വ്യക്തികൾക്ക് നിർദേശം നൽകി. ഈ നിർദേശം അനുസരിക്കാത്ത വ്യക്തികൾക്കും സ്വകാര്യ സ്ഥാപനങ്ങൾക്കുമായിരിക്കും അവരവരുടെ ഭൂമിയിലുള്ള മരം വീണുണ്ടാവുന്ന എല്ലാ അപകടങ്ങൾക്കും നഷ്ടപരിഹാരം നൽകാനുള്ള ബാധ്യത.

രണ്ടു ദിവസം അടുപ്പിച്ച് മഴ പെയ്താൽ, ഇത്തരത്തിൽ മഴ പെയ്യുന്ന വില്ലേജുകളിലുള്ള പാറമടകളിൽ പാറ പൊട്ടിക്കുന്നതിന്, മഴ പെയ്യാതെ 24 മണിക്കൂർ സമയം ഉണ്ടാവുന്നതുവരെ നിർത്തിവെക്കാൻ വില്ലേജ് ഓഫീസർമാർക്ക് യോഗം അനുമതി നൽകി. പാറമടകളിലെ കുളങ്ങൾക്ക് ചുറ്റും ഉറപ്പും ഉയരവുമുള്ള വേലിയോ മതിലോ കെട്ടി സംരക്ഷിക്കേണ്ടതാണ്. ഇത് വില്ലേജ് ഓഫീസർമാർ ഉറപ്പുവരുത്തേണ്ടതാണ്. ഈ നിർദേശം എല്ലാ പാറമട ഉടമസ്ഥരും 45 ദിവസത്തിനുള്ളിൽ പാലിച്ചുവെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ഉറപ്പുവരുത്തും. പ്രവർത്തനം നിലച്ച പാറമട, കുളങ്ങളുള്ള പാറമട ഉടമസ്ഥർക്കും ഈ തീരുമാനം ബാധകമാണ്. പുറമ്പോക്കിലുള്ള, നിലവിൽ പ്രവർത്തനം നിലച്ച പാറമടകളിലുള്ള ഇത്തരം കുളങ്ങൾക്ക് വേലി/മതിൽ കെട്ടേണ്ട ഉത്തരവാദിത്തം മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിനാണ്.

പുഴക്കടവുകളിലും ബീച്ചുകളിലും അപകടകരമായ കയമുള്ള പ്രദേശങ്ങളിലും അപകട സൂചനാ ബോർഡുകൾ വെക്കാൻ ഡി.ടി.പി.സിക്ക് നിർദേശം നൽകി. മലയോര മേഖലയിലെ റോഡുകൾക്ക് കുറുകെയുള്ള ചാലുകളിലുടെ മലവെള്ള പാച്ചിലും ഉരുൾപൊട്ടലും ഉണ്ടാവാൻ സാധ്യതയുള്ളതിനാൽ അവിടെ വാഹനം നിർത്തരുതെന്ന അപകട സൂചനാ ബോർഡുകൾ വെക്കാൻ പൊതുമരാമത്ത് വകുപ്പിന് നിർദേശം നൽകി. ജില്ലയിൽ അപടകരമായ തൂക്കുപാലങ്ങളുണ്ടെങ്കിൽ അറ്റകുറ്റപ്പണി നടത്താനോ പൊളിച്ചുകളയാനോ നിർദേശം നൽകി. സ്ഥിരമായി അപകടമുണ്ടാവുന്ന സ്ഥലങ്ങൾ കണ്ടെത്തി റിപ്പോർട്ട് ചെയ്യണം.

എല്ലാ സ്‌കൂളുകളും ജുൺ 15ന് മുമ്പ് പ്രത്യേക അസംബ്ലി വിളിച്ചു ചേർത്ത് ജലസംരക്ഷണം, മഴക്കാലത്തെ സുരക്ഷ, പകർച്ചവ്യാധി പ്രതിരോധം എന്നിവ സംബന്ധിച്ച് വിദ്യാർഥികളെ ബോധവത്കരിക്കേണ്ടതാണെന്നും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം നിർദേശം നൽകി. അടിയന്തിര സാഹചര്യങ്ങളിൽ സ്വീകരിക്കേണ്ട ദുരിതാശ്വാസ നടപടികൾ, ദുരന്ത നിവാരണ നടപടികൾ എന്നിവ സംബന്ധിച്ചും യോഗം ചർച്ച ചെയ്തു.തലശ്ശേരി സബ് കലക്ടർ എസ്. ചന്ദ്രശേഖർ, ഡെപ്യൂട്ടി കലക്ടർ എം.ടി. അനിൽകുമാർ, വിവിധ വകുപ്പ് മേധാവികൾ തുടങ്ങിയവർ സംസാരിച്ചു.

English summary
provide facilities for sleep and food to the people sleep on the path
topbanner

More News from this section

Subscribe by Email