Sunday July 21st, 2019 - 1:41:am
topbanner
topbanner

മഴക്കെടുതി: നഷ്ടപരിഹാരം കാലതാമസമില്ലാതെ അർഹർക്ക് തന്നെ ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തണമെന്ന് റവന്യൂ മന്ത്രി

bincy
മഴക്കെടുതി: നഷ്ടപരിഹാരം കാലതാമസമില്ലാതെ അർഹർക്ക് തന്നെ ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തണമെന്ന് റവന്യൂ മന്ത്രി

കണ്ണൂർ : മഴക്കെടുതി മൂലം വീടും കൃഷിയും ഭൂമിയും നഷ്ടപ്പെട്ടവർക്ക് സർക്കാർ നിശ്ചയിച്ച നഷ്ടപരിഹാരത്തുക കാലതാമസമില്ലാതെ അർഹരയാവർക്കു മാത്രം ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്താൻ റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ജില്ലയിലെ മഴക്കെടുതി ദുരിതാശ്വാസവുമായി ബന്ധപ്പെട്ട അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. 

എന്തെങ്കിലും സമ്മർദ്ദത്തിനു വഴങ്ങി അർഹതയില്ലാത്തവരുടെ കരങ്ങളിലേക്ക് അത് ചെന്നെത്തുന്ന അവസ്ഥയുണ്ടാവരുത്. അതേസമയം ന്യായമായും നഷ്ടപരിഹാരം ലഭിക്കേണ്ട ഒരാൾക്കും അത് വൈകരുതെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി എത്രയും വേഗം നാശനഷ്ടങ്ങളുടെ കണക്കുകൾ ശേഖരിക്കണം. ഉരുൾപൊട്ടലിനെ തുടർന്ന് വാസയോഗ്യമല്ലാതായി തീർന്ന വീടുകൾ ആരീതിയിൽ തന്നെ പരിഗണിക്കണമെന്നും മന്ത്രി പറഞ്ഞു.

നിലവിൽ ക്യാമ്പുകളിൽ കഴിയുന്നവർ വീടുകളിലേക്ക് തിരിച്ചുപോവുമ്പോഴുണ്ടാവുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സംവിധാനമൊരുക്കണം. ഉരുൾപൊട്ടലും വെള്ളപ്പൊക്കവും ഉണ്ടായ സ്ഥലങ്ങളിലെ വീടുകൾ വാസയോഗ്യമാക്കുന്നതിനും പരിസരം മാലിന്യമുക്തമാക്കുന്നതിനും സന്നദ്ധ പ്രവർത്തകരുടെ സഹകരണത്തോടെ തദ്ദേശ സ്ഥാപനങ്ങൾ മുന്നിട്ടിറങ്ങണമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് കേട്ടുകേൾവിയില്ലാത്ത രീതിയിലുള്ള വൻദുരന്തമാണ് ഇത്തവണ ഉണ്ടായത്. സർക്കാർ വകുപ്പുകളുടെ ഏകോപിച്ചുള്ള പ്രവർത്തനങ്ങൾക്കൊപ്പം പൊതുജനങ്ങളും സംഘടനകളും ഒറ്റക്കെട്ടായി അണിനിരന്നതാണ് ഇൗ വലിയ ദുരന്തം അതിജീവിക്കാൻ സഹായകമായതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സംസ്ഥാനത്ത് മഴക്കെടുതി മൂലം എണ്ണായിരത്തിലേറെ കോടി രൂപയുടെ നാശനഷ്ടമാണ് ഇതിനകം ഉണ്ടായിരിക്കുന്നതെന്നും മന്ത്രി അറിയിച്ചു.

കേന്ദ്ര സർക്കാരിന്റെ മാനദണ്ഡപ്രകാരം മലയോരമേഖലയിലെ പൂർണമായും തകർന്ന വീടുകൾക്ക് 101900 രൂപയാണ് നഷ്ടപരിഹാരം. മറ്റിടങ്ങളിൽ 95000 രൂപയും. സംസ്ഥാന സർക്കാർ പ്രത്യേക താൽപര്യമെടുത്താണ് നഷ്ടപരിഹാരം നാലു ലക്ഷമായി നിശ്ചയിച്ചത്. ആളുകൾക്കുണ്ടായ നഷ്ടം പൂർണമായും നികത്താൻ ഇതു മതിയാവില്ലെങ്കിലും സംസ്ഥാന സർക്കാരിന് താങ്ങാവുന്നതിലേറെ തുകയാണ് നഷ്ടപരിഹാരമായി പ്രഖ്യാപിച്ചിരിക്കുന്നത്.

ഭാഗികമായി വീടു തകർന്നവരുടെ കാര്യത്തിൽ യഥാർത്ഥ സ്ഥിതി നോക്കിത്തന്നെ നഷ്ടപരിഹാരം നിശ്ചയിക്കണമെന്നും മന്ത്രി പറഞ്ഞു. നഷ്ടങ്ങളുടെ കണക്കെടുക്കുന്ന പ്രവൃത്തി അന്തിമഘട്ടത്തിലാണെന്ന് ജില്ലാ കലക്ടർ മീർ മുഹമ്മദലി അറിയിച്ചു. ഒാവർസീയർമാറും കൃഷി ഒാഫീസറുമടങ്ങുന്ന സംഘത്തിന് നേരിട്ടെത്താൻ പറ്റാത്തതോ ഒഴിഞ്ഞുപോയതോ അവരുടെ ശ്രദ്ധയിൽപ്പെടാത്തതോ ആയ കേസുകൾ 16ന് പഞ്ചായത്ത് ഒാഫീസുകളിൽ നടക്കുന്ന പബ്ലിക് ഹിയറിംഗിൽ അവതരിപ്പിക്കാൻ അവസരമുണ്ടായിരിക്കുമെന്നും കലക്ടർ പറഞ്ഞു.

പൂർണമായി തകർന്ന വീടുകളിൽ 63 എണ്ണത്തിന്റെ കണക്കെടുപ്പ് പൂർത്തിയായി. ബാക്കിയുള്ളവ ചൊവ്വാഴ്ചയോടെ പൂർത്തിയാക്കും. കൃഷിനാശത്തിന്റെ കണക്കെടുപ്പ് രണ്ടു ദിവസത്തിനകം പൂർത്തിയാക്കും. മഴക്കെടുതിയെ തുടർന്ന് ജില്ലയിൽ ഇതുവരെ 24 പേരാണ് മരിച്ചത്. ഇവരിൽ 18 പേരുടെ കുടുംബങ്ങൾക്ക് ഇതിനകം നഷ്ടപരിഹാരം വിതരണം ചെയ്തതായും കലക്ടർ അറിയിച്ചു.

കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ എസ്പി ജി ശിവവിക്രം, സബ് കലക്ടർ എസ് ചന്ദ്രശേഖർ, അസിസ്റ്റന്റ് കലക്ടർ അർജുൻ പാണ്ഡ്യൻ, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി കെ സുരേഷ് ബാബു, മെമ്പർ തോമസ് വർഗീസ്, പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി ഷാജി, ഡെപ്യൂട്ടി കലക്ടർമാർ, ജില്ലാതല ഉദ്യോഗസ്ഥർ, തഹസിൽദാർമാർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Read more topics: kannur, Rainfall,Revenue, Minister,
English summary
Rainfall: Revenue Minister to ensure that compensation is given to him without delay
topbanner

More News from this section

Subscribe by Email