Friday April 19th, 2019 - 12:25:am
topbanner
topbanner

ഇന്ത്യന്‍ റബര്‍ഗവേഷണകേന്ദ്രത്തിന്റെ ഡയമണ്ട് ജൂബിലി ബ്ലോക്ക് റീത്ത തിയോത്തിയ ഉദ്ഘാടനം ചെയ്തു

NewsDesk
ഇന്ത്യന്‍ റബര്‍ഗവേഷണകേന്ദ്രത്തിന്റെ ഡയമണ്ട് ജൂബിലി ബ്ലോക്ക്  റീത്ത തിയോത്തിയ ഉദ്ഘാടനം ചെയ്തു

കോട്ടയം: കേന്ദ്ര വാണിജ്യസെക്രട്ടറി റീത്ത തിയോത്തിയ ഇന്ത്യന്‍ റബര്‍ഗവേഷണകേന്ദ്രത്തിന്റെ ഡയമണ്ട് ജൂബിലി ബ്ലോക്ക് ഉദ്ഘാടനം ചെയ്തു. ഗവേഷണകേന്ദ്രത്തിലെ അഡ്വാന്‍സ്ഡ് സെന്റര്‍ ഫോര്‍ മോളിക്കുലര്‍ ബയോളജി ആന്റ് ബയോടെക്‌നോളജി (എ.സി.എം.ബി.ബി.) ഇവിടെയാണ് പ്രവര്‍ത്തിക്കുക. അന്താരാഷ്ട്ര റബര്‍ ക്ലോണ്‍ മ്യൂസിയത്തിന്റെ രണ്ടാംഘട്ടം ഉദ്ഘാടനവും റബ്ബര്‍ കപ്പുതൈ നട്ടുകൊണ്ട് കേന്ദ്ര സെക്രട്ടറി നിര്‍വഹിച്ചു. തുടര്‍ന്നു നടന്ന ഉദ്ഘാടനയോഗത്തില്‍ ബോര്‍ഡ് ചെയര്‍മാന്‍ എ. അജിത്കുമാര്‍ , ഗവേഷണകേന്ദ്രം ഡയറക്ടര്‍ ഡോ. ജെയിംസ് ജേക്കബ് , റബ്ബര്‍ബോര്‍ഡിലെ സെക്രട്ടറി ഇന്‍ ചാര്‍ജ്ജ് എന്‍. രാജഗോപാല്‍, കേന്ദ്ര വാണിജ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്‍മാരായ സഞ്ജയ് ഛദ്ദ (ജോയിന്റ് സെക്രട്ടറി), ദമ്മു രവി (ജോയിന്റ് സെക്രട്ടറി), ബി. പ്രവീണ്‍ (ഡയറക്ടര്‍) എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

പ്രകൃതിദത്തറബറിന്റെ ജനിതകനിലവാരം ഉയര്‍ത്താനുതകുന്ന ഗവേഷണങ്ങളും ബയോ ടെക്‌നോളജിയിലൂടെ വാണിജ്യപ്രാധാന്യമുള്ള ജീനുകളുപയോഗിച്ച് ജെനിറ്റിക്കലി മോഡിഫൈഡ് (ജി.എം.) റബ്ബറുത്പാദിപ്പിക്കുന്നതിനായുള്ള ഗവേഷണങ്ങളും അഡ്വാന്‍സ്ഡ് സെന്ററിലാണ് നടക്കുന്നത്. ഇതിനു പുറമെ ജീനോമിക്‌സ്, ബയോ ഇന്‍ഫോര്‍മാറ്റിക്‌സ്, മോളിക്കുലര്‍ ഫിസിയോളജി, മോളിക്കുലര്‍ പതോളജി എന്നീ വിഷയങ്ങളിലുള്ള ഗവേഷണങ്ങളും ഇവിടെയാണ് നടക്കുക. ഇവിടെ നടക്കുന്ന പഠനങ്ങള്‍ റബറിന്റെ ജനിറ്റിക് കോഡുകള്‍ വായിച്ചെടുക്കാനും ഉയര്‍ന്ന ഉത്പാദനം, കൂടിയ വളര്‍ച്ച, കൂടിയ തടിയുത്പാദനം, രോഗപ്രതിരോധം, കാലാവസ്ഥാവ്യതിയാനങ്ങള്‍ മൂലമുള്ള പ്രശ്‌നങ്ങള്‍ എന്നിവ തന്‍മാത്രാതലത്തില്‍ അപഗ്രഥിക്കാനും ഉതകുന്നതാണ്. ഈ പഠനങ്ങളില്‍ ചിലത് അവസാനഘട്ടത്തിലാണ്.

പ്രതികൂലസാഹചര്യങ്ങളിലും ഉയര്‍ന്ന ഉത്പാദനം നല്‍കുന്ന ഇനങ്ങള്‍ വികസിപ്പിക്കുന്നതിന് കാര്‍ഷികഗവേഷണത്തില്‍ എന്നും മുന്‍ഗണനയുണ്ട്. കാലാവസ്ഥാവ്യതിയാനം, ആഗോളതാപനം, പുതുതായി ഉണ്ടാകുന്ന രോഗകീടബാധകള്‍, മണ്ണിന്റെ ഗുണനിലവാരശോഷണം എന്നിവ ഉത്പാദനത്തെ ബാധിക്കുന്ന ഘടകങ്ങളാണ്. റബറിന്റെ ഒരു പുതിയ ക്ലോണ്‍ നടീലിനായി ശുപാര്‍ശ ചെയ്യപ്പെടണമെങ്കില്‍ 23 വര്‍ഷത്തിലധികം നീണ്ട പരീക്ഷണങ്ങള്‍ ആവശ്യമാണ്.

ഈ കാലയളവ് 10 വര്‍ഷമെങ്കിലും കണ്ടു കുറയ്ക്കാന്‍ ലക്ഷ്യം വച്ചുള്ള പഠനങ്ങളാണ് അഡ്വാന്‍സ്ഡ് സെന്ററില്‍ നടക്കുന്നത്. റബ്ബര്‍ഗവേഷണകേന്ദ്രത്തില്‍ ഉദ്ഘാടനം ചെയ്യപ്പെട്ട ഇന്റര്‍നാഷണല്‍ 'ഹീവിയ' ക്ലോണ്‍ മ്യൂസിയം റബ്ബറിന്റെ ജനിതക ക്ലോണുകളുടെ കലവറയാണ്. ഇന്റര്‍ നാഷണല്‍ റബ്ബര്‍ റിസേര്‍ച്ച് ആന്റ് ഡെവലപ്പ്‌മെന്റ് ബോര്‍ഡിന്റെ റബര്‍ ക്ലോണ്‍ കൈമാറ്റപരിപാടിയുടെ ഭാഗമായി കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ കമ്പോഡിയ, ചൈന, ഐവറികോസ്റ്റ്, ഘാന, ഇന്തോനേഷ്യ, മ്യാന്‍മര്‍, ഫിലിപ്പീന്‍സ്, ശ്രീലങ്ക, തായ്‌ലന്റ്, വിയറ്റ്‌നാം എന്നീ രാജ്യങ്ങളില്‍ നിന്നായി അത്യുത്പാദനശേഷിയുള്ള 44 റബ്ബറിനങ്ങള്‍ ഇന്ത്യക്ക് ലഭിച്ചിട്ടുണ്ട്. ഈ ഇനങ്ങള്‍ അതതു രാജ്യങ്ങളില്‍ ഫീല്‍ഡ് ട്രയലുകള്‍ പൂര്‍ത്തായാക്കിയവയോ ട്രയലിന്റെ അവസാന ഘട്ടത്തിലെത്തിയവയോ ആണ്. ഉയര്‍ന്ന ഉത്പാദനക്ഷമതയും രോഗപ്രതിരോധശേഷിയും ഉള്ളവയാണിവ.

ഇന്ത്യന്‍ റബര്‍ഗവേഷണകേന്ദ്രത്തില്‍ ഈ ക്ലോണുകളെയെല്ലാം വീണ്ടും ഫീല്‍ഡ് ട്രയലുകള്‍ക്ക് വിധേയമാക്കും. തന്‍മാത്രാപ്രജനനത്തിനും പരമ്പരാഗതരീതിയിലുള്ള പ്രജനനത്തിനും ഉപയോഗിക്കാന്‍ പറ്റിയവയാണിവ. ഇതിനുപുറമെ ബ്രസീല്‍, പെറു എന്നീ രാജ്യങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന ആമസോണ്‍ വനപ്രദേശത്തുനിന്ന് കൂടുതല്‍ വിത്തുകള്‍ ശേഖരിച്ച് ഇന്ത്യയിലെ റബ്ബറിന്റെ ജനിതക അടിത്തറ വിപൂലീകരിക്കാനും ഗവേഷണകേന്ദ്രം ഉദ്ദേശിക്കുന്നു.

 

English summary
indian rubber research diamond jubilee building kottayam inaugurated
topbanner

More News from this section

Subscribe by Email