Sunday May 26th, 2019 - 5:15:am
topbanner
topbanner

നിയമങ്ങള്‍ നടപ്പാക്കുന്നതിലെ വീഴ്ച ഒഴിവാക്കണം: ബിനോയ് വിശ്വം

suvitha
നിയമങ്ങള്‍ നടപ്പാക്കുന്നതിലെ വീഴ്ച ഒഴിവാക്കണം: ബിനോയ് വിശ്വം

പത്തനംതിട്ട: നിയമങ്ങളുടെ അഭാവമല്ല അവ കാര്യക്ഷമമായി നടപ്പാക്കുന്നതിലെ വീഴ്ചയാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് മുന്‍ മന്ത്രി ബിനോയ് വിശ്വം പറഞ്ഞു. നിയമസഭാ വജ്രജൂബിലി ആഘോഷവുമായി ബന്ധപ്പെട്ട് പത്തനംതിട്ട കാതോലിക്കേറ്റ് കോളേജില്‍ പാരിസ്ഥിതിക സംരക്ഷണത്തില്‍ നിയമനിര്‍മാണങ്ങളുടെ പ്രസക്തി എന്ന സെമിനാറില്‍ വിഷയാവതരണം നടത്തുകയായിരുന്നു അദ്ദേഹം. പ്രവര്‍ത്തിപ്പിച്ചാല്‍ നിയമങ്ങള്‍ക്ക് പല്ലും നഖവും ഉണ്ടാവും. പലപ്പോഴും നിയമം ശരിയായി നടപ്പാക്കുന്നതില്‍ വരുത്തുന്ന വീഴ്ചയാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം.

രാഷ്ട്രീയ ഇച്ഛാശക്തിയുണ്ടെങ്കിലേ ഏതു നിയമവും കാര്യക്ഷമമായി നടപ്പാക്കാന്‍ കഴിയൂ. പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് കേരളം കൊണ്ടുവന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു നിയമമായിരുന്നു 2008 ലെ തണ്ണീര്‍ത്തട സംരക്ഷണ നിയമം. എന്നാല്‍ ഈ നിയമത്തെ ദുര്‍ബലപ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ പലഭാഗത്തുനിന്നും ഉണ്ടായി. ജലക്ഷാമം നേരിടുന്ന സാഹചര്യത്തില്‍ തണ്ണീര്‍ത്തടങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടത് അത്യാവശ്യമാണ്. നിയമങ്ങള്‍ക്ക് ജീവനുണ്ടായാല്‍ മാത്രമേ അവ കൊണ്ട് ഉദ്ദേശിക്കുന്ന ഫലം ഉണ്ടാകൂ.

പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ നടപ്പാക്കിയ ഏറ്റവും കാര്യക്ഷമമായ നിയമമാണ് 1980 ലെ വന സംരക്ഷണ നിയമം. പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ നിയമ നിര്‍മാണ ചരിത്രത്തിലെ സുവര്‍ണ അധ്യായമായിരുന്നു ഈ നിയമം. പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട സ്റ്റോക്ക് ഹോം സമ്മേളനത്തില്‍ പങ്കെടുത്ത അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിക്ക് ആ സമ്മേളനത്തില്‍ നിന്ന് കിട്ടിയ ഉള്‍ക്കാഴ്ച ഈ നിയമത്തിന്റെ രൂപീകരണത്തിന് നിര്‍ണായകമായി. ഇത്തരമൊരു നിയമനിര്‍മാണം നടത്തുന്നതിന് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി കാട്ടിയ ഇച്ഛാശക്തി എക്കാലവും ഓര്‍മിക്കപ്പെടുമെന്നും ബിനോയ് വിശ്വം പറഞ്ഞു.

ആഗോള താപനത്തെക്കുറിച്ചും പരിസ്ഥിതി വ്യതിയാനത്തെക്കുറിച്ചും നാം ഏറെ ചര്‍ച്ച ചെയ്യുന്നുണ്ട്. ആഗോളവത്കരണത്തിന്റെയും ആഗോള താപനത്തിന്റെയും മാതാവും പിതാവും ലാഭേച്ഛ മാത്രമാണ്. ലോകത്തിലുള്ള എല്ലാത്തിനെയും നിയന്ത്രിക്കുന്നത് മൂലധന ശക്തികളായി മാറി. ലാഭം മാത്രമാണ് അവരുടെ ലക്ഷ്യം. ഒരു കാലത്ത് മതങ്ങള്‍ ശത്രുക്കളായി കണക്കാക്കിയിരുന്നത് കമ്മ്യൂണിറ്റുകാരെ ആയിരുന്നെങ്കില്‍ ഇന്ന് മൂലധനശക്തികള്‍ മതങ്ങളുടെപോലും ശത്രുക്കളായി മാറി. പാരീസ് ഉടമ്പടിയില്‍ നിന്നും ഏകപക്ഷീയമായി പിന്മാറാനുള്ള അമേരിക്കയുടെ തീരുമാനം പരിസ്ഥിതി സംരക്ഷണത്തിനുള്ള ആഗോള ശ്രമങ്ങള്‍ക്ക് കനത്ത തിരിച്ചടിയാകും.

വികസനം പരിസ്ഥിതിയുടെ ചെലവിലാകരുത്. വരുംതലമുറയ്ക്ക് ജീവിക്കാനുള്ള അവകാശം നല്‍കാന്‍ നാം ഓരോരുത്തരും ബാധ്യസ്ഥരാണെന്നും ബിനോയ് വിശ്വം പറഞ്ഞു. ആറന്മുള വിമാനത്താവള വിരുദ്ധ സമരത്തിലൂടെ പരിസ്ഥിതി സംരക്ഷണത്തില്‍ തിളക്കമാര്‍ന്ന ഒരു അധ്യായം രചിക്കാന്‍ പത്തനംതിട്ട ജില്ലയ്ക്ക് കഴിഞ്ഞതായി സെമിനാറില്‍ സംസാരിച്ച ജോണ്‍ ഫെര്‍ണാണ്ടസ് എം.എല്‍.എ പറഞ്ഞു. ഏറ്റവും കൂടുതല്‍ പാറമടകള്‍ പ്രവര്‍ത്തിക്കുന്ന ഒരു ജില്ലയാണ് പത്തനംതിട്ട. കുന്നിടിച്ചും പാറകള്‍ പൊട്ടിച്ചും തണ്ണിര്‍ത്തടങ്ങള്‍ നികത്തിയും നടന്നുവരുന്ന പ്രകൃതിവിരുദ്ധ പ്രവര്‍ത്തനങ്ങളെ തടയുവാന്‍ ശക്തമായ നിയമങ്ങള്‍ ഉണ്ടെങ്കിലും ഇടക്കാലത്ത് അവ നടപ്പാക്കുന്നതില്‍ അമാന്തം കാണിച്ചിരുന്നു.

കോടിക്കണക്കിനു തീര്‍ഥാടകരെത്തുന്ന ശബരിമല സ്ഥിതി ചെയ്യുന്ന ജില്ല എന്ന നിലയില്‍ പമ്പയിലെ ജലമലിനീകരണം പരിസ്ഥിതി വാദികളുടെ ശ്രദ്ധ പതിയേണ്ട ഒരു വിഷയമാണ്. ആഗോളതാപനത്തിന്റെ വര്‍ധനവ് ദ്വീപുകളെ വെള്ളത്തിനടിയിലാക്കും. കൊല്ലം ജില്ലയിലുള്ള മണ്‍റോതുരുത്തിന്റെ കൂടുതല്‍ ഭാഗങ്ങള്‍ വെള്ളത്തിനടിയിലാകുന്ന സ്ഥിതി വിശേഷം നിലനില്‍ക്കുന്നു. പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് വിരലിലെണ്ണാവുന്ന നിയമങ്ങളേ കേരള നിയമസഭ പാസാക്കിയിട്ടുള്ളൂ. ഇതില്‍ ഏറ്റവും പ്രധാനം 2008 ലെ തണ്ണീര്‍ത്തട സംരക്ഷണ നിയമമാണ്. ഈ നിയമത്തെ അട്ടിമറിച്ചുകൊണ്ട് 2014ല്‍ സര്‍ക്കാര്‍ ഒരു ഉത്തരവ് ഇറക്കിയെങ്കിലും ബഹുജന പ്രക്ഷോഭത്തെത്തുടര്‍ന്ന അത് പിന്‍വലിക്കേണ്ടിവന്നു.

നെല്‍വയലുകള്‍ പരിവര്‍ത്തപ്പെടുത്തിയതിന്റെ ഫലമായി നെല്ല് ഉത്പാദനത്തില്‍ കുറവ് വന്നതോടൊപ്പം നമ്മുടെ ജലസംഭരണ കേന്ദ്രങ്ങള്‍ നഷ്ടപ്പെടുന്നതിനും കാരണമായി. ഭൂഗര്‍ഭജലത്തിന്റെ അളവ് 60 സെന്റീമീറ്റര്‍ താഴ്ന്നിട്ടുള്ളതായും പഠനങ്ങള്‍ കാണിക്കുന്നു. നിയമനിര്‍മാണത്തെക്കാള്‍ അത് നടപ്പാക്കുന്നതിനുള്ള ഇച്ഛാശക്തിയാണ് ഉണ്ടാകേണ്ടതെന്നും കുടിയേറ്റവും കൈയ്യേറ്റവും രണ്ടായികണ്ട് കൈയേറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. വീണാ ജോര്‍ജ് എം.എല്‍.എ സെമിനാറില്‍ മോഡറേറ്ററായിരുന്നു. കാതോലിക്കേറ്റ് കോളേജിലെ വിദ്യാര്‍ഥികള്‍, പൊതുജനങ്ങള്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സെമിനാറില്‍ പങ്കെടുത്തു.

English summary
The fall of the implementation of the laws should be avoided: binoy viswam
topbanner

More News from this section

Subscribe by Email