Monday July 15th, 2019 - 11:49:pm
topbanner
topbanner

കുറിഞ്ഞി ഒരുക്കങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കും: ടൂറിസം മന്ത്രി

Aswani
കുറിഞ്ഞി ഒരുക്കങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കും: ടൂറിസം മന്ത്രി

ഇടുക്കി: പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ പൂക്കുന്ന നീലക്കുറിഞ്ഞി വസന്തത്തെ വരവേല്‍ക്കാൻ ഔദ്യോഗിക തലത്തിലുള്ള ഒരുക്കങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കുമെന്ന് ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. തുടര്‍ച്ചയായുള്ള മഴ മൂലം അടിസ്ഥാന സൗകര്യങ്ങള്‍ പൂര്‍ത്തിയാക്കുന്നതില്‍ തടസ്സങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടെങ്കിലും പതിനഞ്ച് ദിവസങ്ങള്‍ക്കുള്ളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് മന്ത്രി വ്യക്തമാക്കി.

ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ ജില്ലാ കലക്ടറുടെ നേത്യത്വത്തില്‍ വിവിധ വകുപ്പുകളുടെയും ജനപ്രതിനിധികളുടെയും വിവിധ സംഘടനകളുടെയും സഹകരണത്തോടെ പൂര്‍ത്തിയാക്കും. ഈ നീലക്കുറിഞ്ഞി കാലത്തെ മൂന്നാറിന്റെ ചരിത്രത്തിലെ അവിസ്മരണീയ മുഹൂര്‍ത്തമാക്കി തീര്‍ക്കാനുള്ള നടപടികള്‍ ത്വരിതഗതിയില്‍ നടപ്പാക്കും. സര്‍ക്കാര്‍ ഇതിനായി 2.19 കോടി രൂപ വിവിധ വകുപ്പുകള്‍ക്കായി നല്‍കിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.

സുഗമമായ ഗതാഗതത്തിന് റോഡുകളുടെ അറ്റകുറ്റപണികളും ആവശ്യമായ ഇടങ്ങളില്‍ ക്രാഷ് ഗാര്‍ഡുകള്‍ സ്ഥാപിക്കും. പാര്‍ക്കിംഗിനും ആവശ്യമായ ക്രമീകരണങ്ങള്‍ മൂന്നാറിലെ വിവിധ സ്ഥലങ്ങളിലായി നടന്നു വരികയാണ്.ആധുനിക താത്കാലിക ടോയ്‌ലെറ്റു സംവിധാനങ്ങള്‍ ഒരുക്കാന്‍ രണ്ടു ദിവസങ്ങള്‍ മതിയാകും. വലിയ വാഹങ്ങള്‍ മൂന്നാര്‍ കെഎസ്ആര്‍ടിസി സ്റ്റേഷനു സമീപമുള്ള ഹൈ ആള്‍ട്ടിറ്റിയൂഡ് സെന്റര്‍ കേന്ദ്രീകരിച്ച് പാര്‍ക്കിംഗ് ഒരുക്കി, വനം വകുപ്പിന്റെയും കെഎസ്ആര്‍ടിസിയുടെയും ബസുകളില്‍ ഇരവികുളത്തേക്ക് സൗകര്യമൊരുക്കും. പ്രാദേശിക ഓട്ടോ ടാക്‌സികള്‍ക്കും സഞ്ചാരികളെ കൊണ്ടുപോകുന്നതിന് സൗകര്യമുണ്ടാകും.

ആതുരസേവനം ലഭ്യമാക്കാന്‍ രണ്ട് മെഡിക്കല്‍ ടീമുകള്‍ ഇരവികുളത്തും മൂന്നാറിലും പ്രവര്‍ത്തന സജ്ജമാക്കും. എഎല്‍എസ് ആംബുലന്‍സ് സൗകര്യമുള്‍പ്പെടെ സൗകര്യങ്ങള്‍ ലഭ്യമാക്കാന്‍ ഹെല്‍ത്ത് ഡയറക്ടറുമായി ബന്ധപ്പെട്ട് സംവിധാനമുണ്ടാക്കും. കുടിവെള്ളത്തിനും ന്യായ വിലയ്ക്ക് ഭക്ഷണ സൗകര്യം ഏര്‍പ്പെടുത്തും. സമീപ പഞ്ചായത്തുകളിലെ കുടുംബശ്രീ യൂണിറ്റുകളെ ചുമതലപ്പെടുത്തും. വിവിധ വകുപ്പുകളുടെ ചുമതലയില്‍ ചെയ്തു തീര്‍ക്കേണ്ട ജോലികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കുന്നത് മോണിറ്റര്‍ ചെയ്യുന്നതിന് ഉദ്യോഗസ്ഥ തലത്തിലും ജനപ്രതിനിധികളുടെ തലത്തിലും രണ്ട് സമിതികള്‍ ഉണ്ടാകും. ഇതിന് ജില്ലാ കലക്ടര്‍ നേത്യത്വം നല്‍കും.

സുരക്ഷ ഒരുക്കാന്‍ 369 പേരടങ്ങുന്ന പോലീസ് സേന ഉണ്ടാകും. ട്രാഫിക് നിയന്ത്രണത്തിനും പാര്‍ക്കിംഗിനും സഹായകമായവിധം സിസിടിവി സംവിധാനം ഉണ്ടാകും. മൂന്ന് മാസത്തെ കുറിഞ്ഞി സീസണില്‍ വിദേശ സ്വദേശീയരായ സഞ്ചാരികള്‍ക്ക് പരമാവധി സൗകര്യങ്ങള്‍ ഒരുക്കുന്നതിന് ഉദ്യോഗസ്ഥ സംവിധാനവും പൊതുജനങ്ങളും ജനപ്രതിനിധികളും വ്യാപാരി വ്യവസായി സമൂഹവും തൊഴിലാളികളും ഒത്തൊരുമയോടെ പ്രവര്‍ത്തിക്കണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു.

കുറിഞ്ഞി സീസൺ മുന്നില്‍ കണ്ട് ഇതുവരെ നടത്തിയ ഒരുക്കങ്ങള്‍ അവലോകനം ചെയ്യുന്നതിന് മൂന്നാര്‍ ഗ്രാമ പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ നടന്ന യോഗത്തില്‍ എസ് രാജേന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ടൂറിസം സെക്രട്ടറി റാണി ജോര്‍ജ്, ഡയറക്ടര്‍ പി ബാലകിരൻ, അസി.ഡയറക്ടര്‍ മ്യമയിജോഷി, ജില്ലാ കലക്ടര്‍ കെ ജീവന്‍ബാബു,ഡിവൈഎസ്പി ഡി എസ് സുരേഷ്ബാബു, വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആര്‍ ലക്ഷ്മി, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാർട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

English summary
neelakurinji Preparations are ready to be fast: tourism minister
topbanner

More News from this section

Subscribe by Email