Monday December 17th, 2018 - 5:45:pm
topbanner

നൂതന ചികിത്സാ സൗകര്യവുമായി ഇടുക്കിയിലെ ഇരട്ടയാര്‍ ഗവ. ആയുര്‍വേദ ആശുപത്രി

Aswani
നൂതന ചികിത്സാ സൗകര്യവുമായി ഇടുക്കിയിലെ ഇരട്ടയാര്‍ ഗവ. ആയുര്‍വേദ ആശുപത്രി

ഇടുക്കി: ഇരട്ടയാര്‍ ഗവ. ആയുര്‍വേദ ആശുപത്രിയില്‍ പൊതുജനങ്ങള്‍ക്കായി നൂതനചികിത്സാസൗകര്യങ്ങള്‍ ഒരുക്കി. കാഴ്ച പരിശോധിക്കുന്നതിനും കണ്ണട കുറിച്ചുവാങ്ങുന്നതിനുമുളള സൗകര്യം, കണ്ണിലെ ഞരമ്പുകളെ ബാധിക്കുന്ന രോഗങ്ങള്‍ക്ക് വിശദമായ പരിശോധനയും ചികിത്സയും, അസ്ഥി-സന്ധി സംബന്ധമായ രോഗങ്ങള്‍ക്ക് അഗ്നി കര്‍മ്മ ചികിത്സ, സ്വേദന ചികിത്സ തുടങ്ങിയവ, ശ്വാസകോശ സംബന്ധമായ രോഗങ്ങൾക്ക് ആയുര്‍വേദ മരുന്നുപയോഗിച്ച് നെബുലൈസേഷന്‍, ഫിസിയോതെറാപ്പി സൗകര്യങ്ങള്‍, മൂക്ക്, ചെവി, തൊണ്ട (ഇഎന്‍ടി) ഇവയെ ബാധിക്കുന്ന രോഗങ്ങള്‍, കേൾവിക്കുറവ് എന്നിവയ്ക്ക് പ്രത്യേക ചികിത്സ, പക്ഷാഘാതം വന്ന് കിടപ്പിലായതോ തളര്‍ച്ച ബാധിച്ചതോ ആയ രോഗികള്‍ക്ക് ഇലക്ട്രിക് സ്റ്റിമുലേഷന്‍ അഥവാ ടെന്‍സ് ചികിത്സ തുടങ്ങിയവയാണ് പുതുതായി ഏര്‍പ്പെടുത്തിയ ചികിത്സാ സംവിധാനങ്ങള്‍.

രോഗികള്‍ക്ക് വിശ്രമിക്കുന്നതിന് മെച്ചമായ സൗകര്യങ്ങളും ഇരിപ്പിടങ്ങളും ടോക്ക സംവിധാനവും ടെലിവിഷനും വാട്ടർ പ്യൂരിഫയര്‍ ഉള്‍പ്പെടെയുളള സൗകര്യങ്ങളും ആശുപത്രിയില്‍ പുതുതായി ഏര്‍പ്പെടുത്തി. എല്ലാ ചൊവ്വാഴ്ചയും നേത്രരോഗ വിഭാഗത്തിന് പ്രത്യേക ഒ.പിയും പ്രവര്‍ത്തിക്കുന്നുണ്ട്. പുതിയ സൗകര്യങ്ങളോടുകൂടിയ ആശുപത്രിയുടെ നവീകരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനിയമ്മ ജോസഫ് ഉദ്ഘാടനം ചെയ്തു. ആശുപത്രിയുടെ അടിസ്ഥാനസൗകര്യങ്ങള്‍ വിപുലീകരിക്കുന്നത് പഞ്ചായത്തിന്റെ പരിഗണനയിലുളളതായും ആശുപത്രിയുടെ മികച്ച സേവനങ്ങള്‍ പൊതുജനങ്ങള്‍ പ്രയോജനപ്പെടുത്തണമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

വൈസ്പ്രസിഡന്റ് റെജി ഇലിപ്പുലിക്കാട്ട് അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ജോസുകുട്ടി അരീപ്പറമ്പില്‍, പഞ്ചായത്ത്സെക്രെട്ടറി കെ.എസ് രാജീവ്, മെഡിക്കല്‍ ഓഫീസര്‍ ഡോ.ജിനേഷ്.ജെ. മേനോന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഗ്രാമപഞ്ചായത്തംഗങ്ങള്‍, കുടുംബശ്രീ ചെയർപേഴ്സൺ ജാന്‍സി തോമസ്, ആശുപത്രി ജീവനക്കാര്‍, വിവിധ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ചികിത്സാ ഉപകരണങ്ങള്‍ക്കും ഇതരസൗകര്യങ്ങള്‍ക്കും മരുന്നിനുമായി ഏഴു ലക്ഷത്തോളം രൂപയാണ് ആശുപത്രി നവീകരണത്തിനായി ഗ്രാമപഞ്ചായത്ത് ചെലവഴിച്ചത്. മെഡിക്കല്‍ ഓഫീസര്‍ ഉള്‍പ്പെടെ അഞ്ചു ജീവനക്കാരാണ് ഇവിടെ സേവനമനുഷ്ഠിക്കുന്നത്. ശരാശരി എപതോളം പേര്‍ ദിവസേന ചികിത്സയ്ക്കായി എത്തുന്ന ഈ ആശുപത്രിയില്‍ പുതുതായി സജ്ജീകരിച്ച സൗകര്യങ്ങള്‍ രോഗികള്‍ക്ക് ഏറെ പ്രയോജനപ്രദമാകുമെന്നു മെഡിക്കല്‍ ഓഫീസര്‍ ഡോ. ജിനേഷ്.ജെ.മേനോന്‍ പറഞ്ഞു.

English summary
idukki erattayar Ayurvedic hospital came with advanced treatment facilities
topbanner

More News from this section

Subscribe by Email