Sunday November 18th, 2018 - 5:49:am
topbanner

ഓക്‌സിജന്‍ വാങ്ങാനായി പ്രതിമാസം പതിനായിരം; സഹായം കാത്ത് ഒരു നിർധനകുടുംബം

dilmadeepa
ഓക്‌സിജന്‍ വാങ്ങാനായി പ്രതിമാസം പതിനായിരം; സഹായം കാത്ത് ഒരു നിർധനകുടുംബം

കഴിഞ്ഞ എട്ട്‌ മാസക്കാലമായി നെല്ലിത്താനത്ത്‌ എന്‍ കെ ശ്രീനിവാസന്റെ (48) ജീവതാളം മുന്നോട്ട്‌ പോകുന്നത്‌ വാടകയ്‌ക്കെടുത്ത മൂന്ന്‌ ഓക്‌സിജന്‍ സിലിണ്ടറുകളുമായാണ്‌. ഓക്‌സിജന്‍ സിലിണ്ടറിനായി മാത്രം പ്രതിമാസം പതിനായിരത്തോളം രൂപയാണ്‌ ഈ നിര്‍ദ്ധന കുടുംബം കണ്ടെത്തേണ്ടിവരുന്നത്‌. വൈദ്യുതി ബില്ലിന്‌ പുറമേ പ്രതിമാസം നാലായിരത്തോളം രൂപയുടെ ഇന്‍ഹേലറും മരുന്നും വേണം.

തൊടുപുഴയിലെ ലോറി വര്‍ക്ക്‌ ഷോപ്പില്‍ ബോഡി നിര്‍മ്മാണ തൊഴിലാളിയായിരുന്നു ശ്രീനിവാസന്‍. ശ്രീനിവാസന്റെ ശരീരത്തില്‍ ഓക്‌സിജന്റെ അളവ്‌ 83 ശതമാനം മാത്രമേയുള്ളൂ. കഴിഞ്ഞ എട്ട്‌ മാസക്കാലമായി തന്റെ ശരീരത്തോട്‌ ചേര്‍ത്ത്‌ കൂട്ടായി ഇരുമ്പിന്റെ രണ്ട്‌ കൂറ്റന്‍ ഓക്‌സിജന്‍ സിലിണ്ടറുകളെത്തി. പല ആശുപത്രികളിലും ചികിത്സിച്ചെങ്കിലും ഫലമുണ്ടായില്ല. എറണാകുളം അമൃത ആശുപത്രിയിലാണ്‌ ഇപ്പോള്‍ ചികിത്സ. ഇതുവരെ അഞ്ച്‌ ലക്ഷത്തോളം രൂപ ചെലവായിട്ടുണ്ട്‌.

കുടുംബ വിഹിതമായി കിട്ടിയ അഞ്ച്‌ സെന്റ്‌ സ്ഥലമാണ്‌ ആകെയുള്ളത്‌. വൈദ്യുതി ഉപയോഗിച്ച്‌ പ്രവര്‍ത്തിക്കുന്ന പോര്‍ട്ടബിള്‍ ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്റര്‍ ഉപയോഗിക്കുന്നത്‌ കൊണ്ട്‌ വൈദ്യുതി ചാര്‍ജ്ജ്‌ ഇനത്തില്‍ കഴിഞ്ഞ മാസം 2,700 രൂപയാണ്‌ ബില്ല്‌ വന്നത്‌. ശ്രീനിവാസന്റെ ഭാര്യ നല്‍കിയ അപേക്ഷ പരിഗണിച്ച്‌ അഞ്ഞൂറ്‌ രൂപയാണ്‌ വൈദ്യുതി ബോര്‍ഡ്‌ അധികൃതര്‍ കുറച്ച്‌ നല്‍കിയിരിക്കുന്നത്‌.

തൊഴിലുറപ്പ്‌ പണിക്ക്‌ പോയിരുന്ന മിനിയ്‌ക്ക്‌ ശ്രീനിവാസനെ ഒറ്റയ്‌ക്കിട്ട്‌ ഇപ്പോള്‍ മറ്റ്‌ പണികള്‍ക്ക്‌ പോകാന്‍പോലും നിവൃത്തിയില്ലാത്ത ഗതികേടിലാണ്‌.കൂടാതെ പണി തീരാത്ത രണ്ട്‌ മുറി വീട്ടിലെ പൊടിയും പുകയും ശ്രീനിവാസന്റെ ജീവന്‌ ഭീഷണിയാകുന്നുണ്ട്‌. ജനലുകളില്ലാത്ത മുറിയില്‍ തുണികള്‍ കൊണ്ടാണ്‌ തണുപ്പിനേയും പൊടിപടലങ്ങളേയും തടഞ്ഞാണ്‌ ശ്രീനിവാസന്‌ സുരക്ഷയൊരുക്കുന്നത്‌.നാട്ടുകാരുടേയും ബന്ധുക്കളുടേയും ചെറിയ സഹായങ്ങളാലാണ്‌ ഓക്‌സിജന്‍ സിലിണ്ടറുകള്‍ കാലിയാകാതെയിരിക്കുന്നത്‌ ഭാര്യ മിനി പറയുന്നു.

ഒരു വലിയ കുറ്റി മൂന്ന്‌ ദിവസത്തേക്ക്‌ മാത്രമേയുള്ളൂ. 24 മണിക്കൂറും ഓക്‌സിജന്‍ സിലിണ്ടറിന്റെ സഹായം വേണം. സിലിണ്ടറിലെ റ്റിയൂബ്‌ മാറ്റിയാല്‍ തളര്‍ന്ന്‌ വീഴും. ബോധം മറയും. ശുചിമുറിയില്‍ പോകണമെങ്കിലും ഓക്‌സിജന്‍ സിലിണ്ടറിന്റെ റ്റിയൂബ്‌ വേണമെന്ന്‌ പുറപ്പുഴ സ്‌കൂളില്‍ പത്താം ക്ലാസില്‍ പഠിക്കുന്ന ഏക മകള്‍ കാര്‍ത്തിക പറയുന്നു. മുഖ്യമന്ത്രിയുടെ സഹായധനമായി 5,000 രൂപയാണ്‌ ആകെ ലഭിച്ചിരിക്കുന്നത്‌.

ശ്രീനിവാസന്റെ ചികിത്സാര്‍ത്ഥം നാട്ടുകാര്‍ സഹായനിധി രൂപീകരിച്ചിട്ടുണ്ട്‌.എസ്‌ബിഐ നെടിയശാല ശാഖയില്‍ എസ്‌ബിഐ നെടിയശാല ശാഖയില്‍ ശ്രീനിവാസന്റെ പേരില്‍ അക്കൗണ്ടും തുറന്നു. അക്കൗണ്ട്‌ നമ്പര്‍ 30707450308, ഐഎഫ്‌എസ്‌ കോഡ്‌ SBIN 0006457 ഫോണ്‍ നമ്പര്‍ 9645088348. രണ്ട്‌ മിനുറ്റ്‌ ഓക്‌സിജന്‍ റ്റിയൂബിലൂടെ കിട്ടിയില്ലെങ്കില്‍
ശ്വാസം മുട്ടി പിടയുന്ന ശ്രീനിവാസനെ നിങ്ങള്‍ സഹായിക്കില്ലേ?

Read more topics: sreenivasan, purappuzha, idukki
English summary
10000 rupees for buy oxygen cylinder for month
topbanner

More News from this section

Subscribe by Email