Tuesday May 21st, 2019 - 8:34:pm
topbanner
topbanner

കനത്ത മഴയ്ക്ക് സാധ്യത: പാലക്കാട്ട് ജാഗ്രതാ നിര്‍ദേശം

NewsDesk
കനത്ത മഴയ്ക്ക് സാധ്യത: പാലക്കാട്ട് ജാഗ്രതാ നിര്‍ദേശം


പാലക്കാട്: ജില്ലയില്‍ വരും ദിവസങ്ങളിലും ഇടിമിന്നലോടു കൂടിയ കനത്തമഴ, ശക്തമായ കാറ്റ്, ഉരുള്‍പൊട്ടല്‍ എന്നിവയ്ക്ക് സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി അറിയിച്ചു. സംസ്ഥാനത്ത് ഇപ്പോള്‍ ലഭിക്കുന്ന വേനല്‍ മഴയോടനുബന്ധിച്ച് ഉച്ചക്ക് രണ്ടു മുതല്‍ വൈകിട്ട് എട്ടു വരെയുള്ള സമയത്ത് ശക്തമായ ഇടിമിന്നലിനുള്ള സാധ്യത ഉള്ളതിനാല്‍ പൊതുജനങ്ങള്‍ കാര്‍മേഘം കണ്ടുതുടങ്ങുന്നത് മുതല്‍ തന്നെ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും ഇടിമിന്നല്‍ കണ്ടില്ലെങ്കിലും മുന്‍കരുതല്‍ എടുക്കാതിരിക്കരുതെന്നും സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി അറിയിച്ചു. ഇത്തരം ഇടിമിന്നല്‍ അപകടകരവും മനുഷ്യ ജീവനും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കും. സ്ത്രീകളും കുട്ടികളും പ്രത്യേകം ശ്രദ്ധിക്കണം.

ഉച്ചക്ക് രണ്ടു മുതല്‍ വൈകിട്ട് എട്ടു വരെയുള്ള സമയത്ത് കുട്ടികളെ തുറസായ സ്ഥലത്ത് കളിക്കാന്‍ അനുവദിക്കരുത്. സ്ത്രീകള്‍ മഴക്കാര്‍ കാണുമ്പോഴും ഇടിമിന്നല്‍ ഉള്ളപ്പോഴും ടെറസിലേക്കോ, മുറ്റത്തേക്കോ പോകുന്നത് ഒഴിവാക്കണം. ഇടിമിന്നലുള്ളപ്പോള്‍ നനഞ്ഞ വസ്ത്രങ്ങള്‍ സ്പര്‍ശിക്കരുത്.

ചൂട് 38 ഡിഗ്രി

തുടര്‍ച്ചയായി രണ്ടാം ദിവസവും ജില്ലയില്‍ കൂടിയ താപനില 38 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത വേനല്‍ മഴയാണ് ചൂട് കുറച്ചത്. മുണ്ടൂര്‍ ഐ.ആര്‍.ടി.സിയിലെ താപമാപിനിയിലാണ് ഇന്നലെ ഉയര്‍ന്ന ചൂട് 38 ഡിഗ്രി രേഖപ്പെടുത്തിയത്. താഴ്ന്ന താപനില 25 ഡിഗ്രി. ആര്‍ദ്രത 58 ശതമാനം. മലമ്പുഴ ഡാം പരിസരത്ത് കൂടിയ താപനില 37.1 ഡിഗ്രിയാണ്. കുറഞ്ഞ താപനില 24.9 ഡിഗ്രിയും ആര്‍ദ്രത 60 ശതമാനവും രേഖപ്പെടുത്തി. 35.6 ഡിഗ്രിയാണ് പട്ടാമ്പിയില്‍ രേഖപ്പെടുത്തിയ ഉയര്‍ന്ന താപനില. കുറഞ്ഞ ചൂട് 22.5 ഡിഗ്രി. ആര്‍ദ്രത രാവിലെ 77 ശതമാനവും വൈകുന്നേരം 51 ശതമാനവുമായിരുന്നു.

വെള്ളിയാഴ്ച പട്ടാമ്പി മേഖലയിലാണ് ഏറ്റവും കൂടുതല്‍ മഴ പെയ്തത്. 40.1 മില്ലി മീറ്റര്‍. മുണ്ടൂരില്‍ 15 മില്ലി മീറ്ററും മലമ്പുഴയില്‍ 3.4 മില്ലി മീറ്ററും മഴ പെയ്തു. മാസങ്ങളോളം കനത്ത ചൂടില്‍ വെന്തുരുകിയ ജില്ലയ്ക്ക് വേനല്‍ മഴ ആശ്വാസം നല്‍കുന്നുണ്ടെങ്കിലും വിവിധ ഭാഗങ്ങളില്‍ നാശവും വിതച്ചിട്ടുണ്ട്. ചെര്‍പ്പുളശ്ശേരി, കോങ്ങാട്, കല്ലടിക്കോട്, ഒറ്റപ്പാലം, പറക്കാട്, മുണ്ടൂര്‍ തുടങ്ങിയവിടങ്ങളില്‍ ശക്തമായ കാറ്റില്‍ മരം പൊട്ടിവീണും മറ്റും വീടുകള്‍ തകര്‍ന്നു. വൈദ്യുത പോസ്റ്റുകള്‍ പൊട്ടിവീണ് വൈദ്യുതി ബന്ധം നിലയ്ക്കുകയും കൃഷി നാശം ഉണ്ടാവുകയും ചെയ്തു. വരും ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്.

Read more topics: palakkad, rain
English summary
heavy rain palakkad
topbanner

More News from this section

Subscribe by Email