Friday April 26th, 2019 - 5:35:am
topbanner
topbanner

ആലപ്പുഴ ജില്ലയിൽ ഗുണ്ടകൾ അരങ്ങ് വാഴുന്നു; കൂച്ച് വിലങ്ങിടാൻ എസ്.ഒ.ജിയും

suvitha
ആലപ്പുഴ ജില്ലയിൽ ഗുണ്ടകൾ അരങ്ങ് വാഴുന്നു; കൂച്ച് വിലങ്ങിടാൻ എസ്.ഒ.ജിയും

ആലപ്പുഴ: പരിശോധനകൾ തകൃതിയായി നടക്കുമ്പോഴും പൊലീസിന്റെ മൂക്കിന് താഴെ ഗുണ്ടകൾ അരങ്ങ് വാഴുന്നു. പണമിടപാട് വിഷയങ്ങളിൽ പോലും ഗുണ്ടകൾ ഇടപെടുന്നുണ്ട്. കഴിഞ്ഞ ദിവസം രാത്രി ഇരുചക്രവാഹനത്തിൽ എത്തിയ മുഖംമൂടി സംഘം ചെങ്ങന്നൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപത്ത് വെച്ച് ഒരു കുടുംബത്തെ ഭീഷണിപ്പെടുത്തി പണം വാങ്ങിയിരുന്നു.

പൊലീസിൽ പരാതിപ്പെട്ടാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായും ഇവർ പറഞ്ഞു. ബാം​ഗ്ലൂരുവിലേക്ക് പോകുന്നതിന് വേണ്ടി ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിലേക്ക് വരുംവഴിയാരുന്നു ഗുണ്ടകളുടെ ഭീഷണി. ജില്ലയിലെ പലവ്യാപാര സ്ഥാപനങ്ങളിൽ നിന്നും ഗുണ്ടകൾ മാസപ്പടിയടക്കം വാങ്ങുന്നുണ്ട്.

അക്രമം ഭയന്ന് പലരും വിവരങ്ങൾ പുറത്ത് പറയാറില്ല. ആലപ്പുഴ നഗരം, ചേർത്തല, ഹരിപ്പാട്, കായംകുളം തുടങ്ങിയ പ്രദേശങ്ങളിലാണ് ഗുണ്ടാസംഘങ്ങൾ ഏറ്റവും അധികം പ്രവർത്തിക്കുന്നതെന്ന് പൊലീസിന്റെ സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് വെളിപ്പെടുത്തുന്നു.

ബൈക്കുകൾ നൽകി യുവാക്കളെ വലയിൽ വീഴ്ത്തുന്നു!

ഗുണ്ടാമാഫിയുടെ പ്രവർത്തനം ലഹരിഉൽപ്പന്നങ്ങളുടെ വിൽപ്പനയുമായി ബന്ധപ്പെട്ടാണെന്ന് പൊലീസ് പറയുന്നു. വിൽപ്പന നടത്തുന്നതും ആവശ്യക്കാർക്ക് എത്തിച്ച് നൽകുന്നതും ഗുണ്ടകൾ തന്നെയാണ്. ഇവയുടെ കൈമാറ്റത്തിന് വേണ്ടി ഉപയോഗിക്കുന്നത് കോളേജ് വിദ്യാർത്ഥികളെയാണ്.

വിദ്യാർത്ഥികളുമായി നല്ല സൗഹൃദം സ്ഥാപിച്ചതിന് ശേഷം മുന്തിയ ഇനം ബൈക്കുകൾ ഇവർക്ക് കോളേജിൽ പോകാൻ നൽകും. ക്രമേണ ഇവരെ വലയിൽ വീഴ്ത്തും. ഗുണ്ടാപ്രവർത്തനങ്ങൾക്കും ലഹരി ഉൽപ്പന്നങ്ങളുടെ കൈമാറ്റത്തിനും പിന്നീട് ഇവരെ ഉപയോഗിക്കുന്നതാണ് പതിവ്. ഗുണ്ടാകേസുകളിലും കഞ്ചാവ് മയക്കുരുന്ന് ഉൽപ്പന്നങ്ങളുടെ വിൽപ്പനയ്ക്കിടയിലും പിടിയിലായവരിൽ അധികവും കോളേജ് വിദ്യാർത്ഥികളാണെന്ന് പൊലീസ് പറഞ്ഞു.

സഹായികളായി രാഷ്ട്രീയ നേതാക്കളും ഒരുവിഭാഗം പൊലീസും

ഗുണ്ടകളെ തുരത്താൻ നടപടികൾ കർശമാക്കിട്ടുണ്ടെങ്കിലും പലപ്പോഴും തടസമാകുന്നത് ഗുണ്ടകൾക്കുള്ള ഉന്നതങ്ങളിലെ ബന്ധങ്ങൾതന്നെയാണ്. പലരാഷ്ട്രീയ പാർട്ടികൾക്കും നേതാക്കൾക്കും ഏറ്റവും വേണ്ടപ്പെട്ടവരായിരിക്കും ഗുണ്ടാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

അതിനാൽ തന്നെ ഗുണ്ടാതലവന്മാരെ പിടികൂടാൻ പലപ്പോഴും പൊലീസിന് സാധിക്കാറില്ല. പൊലീസുകാർക്കിടയിലും ഗുണ്ടൾക്ക് വിവരങ്ങൾ ചോർത്തികൊടുക്കാൻ പ്രത്യേകം ഉദ്യോഗസ്ഥരുണ്ട്. റെയ്ഡിന് സ്റ്റേഷനിൽ നിന്ന് പൊലീസ് പുറപ്പെടും മുമ്പ് തന്നെ കൃത്യമായി വിവരങ്ങൾ ഗുണ്ടകൾ അറിയുന്നു.

ഗുണ്ടകളെ കുടുക്കാൻ എസ്.ഒ.ജി

ഗുണ്ടകളെ അമർച്ച ചെയ്യുന്നതിന് വേണ്ടി സ്പഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് (എസ്.ഒ.ജി)യുടെ പ്രവർത്തനം ജില്ലയിൽ ശക്തിപ്പെടുത്തി. യൂണിഫോമില്ലാതെ 24 മണിക്കുറും തിരക്കുള്ള പ്രദേശങ്ങളിലും ജനവാസം കുറഞ്ഞ പ്രദേശങ്ങളിലും പരിശോധനകൾ നടത്തുകയാണ് സംഘം. ഓരോ പ്രദേശത്തിന്റെ രീതിക്ക് അനുസരിച്ച് വേഷം മാറിയാണ് തിരച്ചിൽ. രാത്രികാലങ്ങളിൽ ഇരുചക്രവാഹനങ്ങളിലും കാൽനടയായും സംഘം എല്ലാപ്രദേശങ്ങളിലും എത്തുന്നുണ്ട്.

ഓരോരുത്തർ വീതമാണ് പരിശോധനയ്ക്ക് ഇറങ്ങുന്നത് മറുഭാഗത്ത് വാഹനത്തിൽ മറ്റ് ഉദ്യോഗസ്ഥർ ഉണ്ടാകും. സംശയാസ്പദമായി ആരെകണ്ടാലും ഉടൻ മറ്റ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ച് ആളെ കസ്റ്റഡിയിൽ എടുത്ത് ചോദ്യംചെയ്യുന്ന തരത്തിലാണ് എസ്.ഒ.ജിയുടെ പ്രവർത്തനം.

സ്ഥിരമായി അടിപിടികേസുകളിൽ ഉൾപ്പെടുന്നവരെ കേന്ദ്രീകരിച്ച് വിശദമായ അന്വേഷണത്തിന് പൊലീസ് തയ്യാറെടുക്കുന്നു. ഗുണ്ടകളെ അമർചെയ്യുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ നടപടി. ഓരോ പൊലീസ് സ്റ്റേഷനിൽ നിന്ന് റിപ്പോർട്ട് വാങ്ങുകയാണ് ആദ്യനടപടി.

ഇതിൽ നിന്ന് സ്ഥിരമായി കേസുകളിൽ ഉൾപ്പെടുന്നവർക്കെതിരെ നടപടി മുൻകരുതൽ നടപടി സ്വീകരിക്കും. 107 -ാം വകുപ്പ് പ്രകാരം ആർ.ഡി.ഒയ്ക്ക് മുമ്പാകെ ക്രമസമാധാനം തകരുന്ന നിലയിലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കില്ലന്ന് ബോണ്ടിൽ എഴുതി ഒപ്പിട്ടുവാങ്ങുന്നതാണ് ആദ്യനടപടി. ആറുമാസം മുതൽ ഒരു വർഷം വരെയാണ് ഇതിന് കാലാവധി. ഇതിനുള്ളിൽ കരാർ ലംഘിച്ചാൽ കാപ്പാനിയമ പ്രകാരം അറസ്റ്റ് ചെയ്യാൻ സാധിക്കും.

Read more topics: alappuzha, goonda, SGO
English summary
goondas active in alappuzha, SGO trying to supress the goondas
topbanner

More News from this section

Subscribe by Email