Wednesday January 16th, 2019 - 9:30:am
topbanner

വിശുദ്ധി സേനാംഗങ്ങളുടെ സേവനം മഹനീയ മാതൃക: മന്ത്രി മാത്യു ടി. തോമസ്

Neethu
വിശുദ്ധി സേനാംഗങ്ങളുടെ സേവനം മഹനീയ മാതൃക: മന്ത്രി മാത്യു ടി. തോമസ്

പത്തനംതിട്ട: ശബരിമലയിലും പരിസര പ്രദേശങ്ങളിലും മണ്ഡല മകരവിളക്ക് കാലയളവില്‍ അര്‍പ്പണ മനോഭാവത്തോടെ പ്രവര്‍ത്തിക്കുന്ന വിശുദ്ധി സേനാംഗങ്ങളുടെ സേവനം മഹനീയ മാതൃകയാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി. തോമസ് പറഞ്ഞു. പമ്പ ആഞ്ജനേയ ഓഡിറ്റോറിയത്തില്‍ വിശുദ്ധി സേവനത്തിന്റെ 25 വര്‍ഷം പൂര്‍ത്തിയാക്കിയ സാനിറ്റേഷന്‍ സൊസൈറ്റിയുടെ സേനാംഗങ്ങളെ ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഏറ്റവും മികച്ച രീതിയില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയ വിശുദ്ധി സേനാംഗങ്ങള്‍ക്ക് നാടിന്റെ എല്ലാ ആദരവും അര്‍പ്പിക്കുന്നതായി മന്ത്രി പറഞ്ഞു. 1995 മുതല്‍ ശബരിമലയും പരിസര പ്രദേശങ്ങളും മാലിന്യ മുക്തമായി നിലനിര്‍ത്തുന്നതിന് ഉത്സവകാലങ്ങളില്‍ അഹോരാത്രം പ്രവര്‍ത്തിക്കുന്ന ഇവരുടെ സേവനം വിലമതിക്കാനാവാത്തതാണ്. 25 വര്‍ഷത്തെ പ്രവര്‍ത്തനത്തിനിടയില്‍ വിശുദ്ധി സേനയ്ക്ക് ഗുണപരമായ ഏറെ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. തുച്ഛമായ വേതനമല്ല വിശുദ്ധി സേനാംഗങ്ങളായി എത്തുന്നതിന് ഇവരെ പ്രേരിപ്പിക്കുന്നത്. ഭക്തിയോടെ നിര്‍വഹിക്കുന്ന ഒരു പുണ്യകര്‍മ്മം എന്ന നിലയിലാണ് ബിരുദാനന്തര ബിരുദം വരെയുള്ള വിശുദ്ധി സേനാംഗങ്ങള്‍ ശബരിമലയിലേക്ക് എത്തുന്നത്. കോടിക്കണക്കിന് തീര്‍ഥാടകര്‍ എത്തുന്ന ശബരിമലയിലെ മാലിന്യ പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുന്നതിന് 25 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ദീര്‍ഘവീക്ഷണത്തോടെ ശബരിമല സാനിറ്റേഷന്‍ സൊസൈറ്റി എന്ന പ്രസ്ഥാനത്തിന് രൂപം കൊടുത്ത അന്നത്തെ ജില്ലാ കളക്ടറായിരുന്ന കെ.ബി. വത്സലകുമാരിയുടെ പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്ലാഘനീയമാണെന്നും മന്ത്രി പറഞ്ഞു.

ജലസുരക്ഷ, കൃഷി, മാലിന്യ നിര്‍മാര്‍ജനം ഇവയ്ക്ക് പ്രാധാന്യം നല്‍കി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ഹരിതകേരളം പദ്ധതിയുടെ പ്രധാന ലക്ഷ്യമാണ് സംസ്ഥാനത്തെ മാലിന്യമുക്തമാക്കുകയെന്നത്. ഇത്തവണത്തെ ശബരിമല തീര്‍ഥാടനം കുറ്റമറ്റ രീതിയില്‍ പൂര്‍ത്തിയാക്കുന്നതിന് ജില്ലാ ഭരണകൂടത്തിനും ദേവസ്വം ബോര്‍ഡിനും കഴിഞ്ഞു. ഒരു വകുപ്പിനെ കുറിച്ചു പോലും പരാതികള്‍ ഇല്ലാതെയാണ് തീര്‍ഥാടനകാലം കടന്നു പോയത്. ജില്ലയില്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിക്കുന്ന കാര്യത്തില്‍ ജില്ലാ കളക്ടര്‍ ആര്‍.ഗിരിജ നടത്തിയ പരിശ്രമം ഏറെ വിലപ്പെട്ടതായിരുന്നെന്നും മന്ത്രി പറഞ്ഞു. ശബരിമല സാനിറ്റേഷന്‍ സൊസൈറ്റിക്ക് പുതുതായി രൂപകല്‍പ്പന ചെയ്ത ലോഗോയുടെ പ്രകാശനവും മന്ത്രി നിര്‍വഹിച്ചു. ശബരിമല സാനിറ്റേഷന്‍ സൊസൈറ്റിയുടെ സ്ഥാപക ചെയര്‍പേഴ്സണായിരുന്ന മുന്‍ കളക്ടര്‍ കെ.ബി. വത്സലകുമാരിയെ ചടങ്ങില്‍ മന്ത്രി പൊന്നാടയണിയിച്ച് ആദരിച്ചു.

കേരളത്തെക്കാള്‍ വൃത്തിയാണ് ഇന്ന് ശബരിമലയിലുള്ളതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച രാജു ഏബ്രഹാം എംഎല്‍എ പറഞ്ഞു. വിശുദ്ധി സേനാംഗങ്ങളുടെ നിസ്വാര്‍ഥമായ പ്രവര്‍ത്തനത്തിലൂടെയാണ് ഇതു നേടിയെടുക്കാന്‍ കഴിഞ്ഞത്. വിശുദ്ധി സേനാംഗങ്ങളുടെ പ്രവര്‍ത്തനം തുടങ്ങുന്നതിന് 25 വര്‍ഷം മുന്‍പ് സന്നിധാനത്തെയും പമ്പയിലെയും സ്ഥിതി ഏറെ ദയനീയമായിരുന്നു. 1995ല്‍ 125 സേനാംഗങ്ങളുമായി പ്രവര്‍ത്തനം ആരംഭിച്ച് ഇന്ന് 800 സേനാംഗങ്ങള്‍ പ്രവര്‍ത്തിക്കുന്ന വിശുദ്ധി സേനയുടെ പ്രവര്‍ത്തനങ്ങള്‍ ശബരിമലയുടേയും പമ്പയുടേയും മുഖച്ഛായ തന്നെ മാറ്റി. കോടിക്കണക്കിന് തീര്‍ഥാടകര്‍ ദര്‍ശനം നടത്തി കടന്നു പോകുന്ന ഒരു സ്ഥലത്ത് ഉണ്ടാകാവുന്ന യാതൊരു മാലിന്യങ്ങളും ഇന്ന് സന്നിധാനത്തോ, പമ്പയിലോ കാണാനില്ല. തീര്‍ഥാടന കാലം തുടങ്ങുന്നതിന് മുന്‍പ് ഈ സ്ഥലം എങ്ങനെയായിരുന്നോ അതേ അവസ്ഥ നിലനിര്‍ത്തുവാന്‍ കഴിഞ്ഞുവെന്നത് വിശുദ്ധി സേനംഗങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ ഫലമാണ്. നിസ്വാര്‍ഥ സേവനം നടത്തുന്ന വിശുദ്ധി സേനാംഗങ്ങളെ എത്തിക്കുന്നതില്‍ അയ്യപ്പ സേവാ സംഘം വര്‍ഷങ്ങളായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്ലാഘനീയമാണ്. നാമമാത്രമായ പ്രതിഫലം ഉദ്ദേശിച്ചല്ല വിശുദ്ധി സേനാംഗങ്ങള്‍ സേവനത്തിനെത്തുന്നതെന്ന് എല്ലാവര്‍ക്കുമറിയാം. അതുകൊണ്ടുതന്നെ ഇവരുടെ പ്രവര്‍ത്തനങ്ങള്‍ ഏറെ ആദരവ് അര്‍ഹിക്കുന്നതായും എംഎല്‍എ പറഞ്ഞു.

ശബരിമലയും പമ്പയും വിശുദ്ധമായി സൂക്ഷിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന വിശുദ്ധി സേനാംഗങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ മറ്റ് ഏതു വകുപ്പിന്റെ പ്രവര്‍ത്തനങ്ങളെക്കാളും മഹത്തരമാണെന്ന് ജില്ലാ കളക്ടര്‍ ആര്‍. ഗിരിജ പറഞ്ഞു. ഏറ്റവും ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളിലും തീര്‍ഥാടകരുടെ അനിയന്ത്രിതമായ തിരക്കുണ്ടാകുന്ന സാഹചര്യങ്ങളിലും പരാതികള്‍ക്ക് ഇടനല്‍കാത്ത വിധം ശബരിമലയിലെയും പമ്പയിലെയും മുക്കും മൂലയും ഏറ്റവും ശുചിയായി സൂക്ഷിക്കുന്നതിന് വിശുദ്ധി സേനാംഗങ്ങള്‍ക്ക് കഴിഞ്ഞിരുന്നു. വിവിധ മേഖലകളായി തിരിച്ച് റവന്യു, ആരോഗ്യ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തിലാണ് വിശുദ്ധി സേനാംഗങ്ങളെ നിയോഗിച്ചിരുന്നത്. സൂപ്പര്‍വൈസര്‍മാര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ക്കനുസരിച്ച് രാപകല്‍ വ്യത്യാസമില്ലാതെ ശുചീകരണം നടത്തിയ ഇവരുടെ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിനാകെ മാതൃകയാണെന്നും കളക്ടര്‍ പറഞ്ഞു.

ഈവര്‍ഷത്തെപ്പോലെ ശബരിമല ശുചിയായി കണ്ട മറ്റൊരു കാലം ഉണ്ടായിട്ടില്ലെന്ന് പല കോണുകളില്‍ നിന്നും കേള്‍ക്കുവാന്‍ ഇടയായതായി മുഖ്യാതിഥിയായയിരുന്ന ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ പറഞ്ഞു. ശബരിമല സാനിറ്റേഷന്‍ സൊസൈറ്റിയുടെയും അയ്യപ്പ സേവാ സംഘത്തിന്റെയും നിസ്വാര്‍ഥമായ പ്രവര്‍ത്തനങ്ങളാണ് ഇത്തരത്തില്‍ തീര്‍ഥാടക സൗഹൃദമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നതിന് ദേവസ്വം ബോര്‍ഡിനെ സഹായിച്ചത്. എല്ലാ വകുപ്പുകളെയും കൂട്ടിയിണക്കുന്നതിന് ജില്ലാ കളക്ടര്‍ നടത്തിയ ശ്രമങ്ങളും മുഖ്യമന്ത്രിയുടെയും ദേവസ്വം മന്ത്രിയുടെയും മറ്റ് എല്ലാ വകുപ്പ് മന്ത്രിമാരുടെയും അകമഴിഞ്ഞ പിന്തുണയുമാണ് ചരിത്രത്തില്‍ ഇടംപിക്കത്തക്കവിധം ഈ വര്‍ഷത്തെ തീര്‍ഥാടന കാലം ഭംഗിയായി പൂര്‍ത്തിയാക്കുന്നതിന് സഹായിച്ചതെന്നും പ്രസിഡന്റ് പറഞ്ഞു.

ദേവസ്വം ബോര്‍ഡ് അംഗങ്ങളായ കെ. രാഘവന്‍, കെ.പി.ശങ്കരദാസ്, ശബരിമല സാനിറ്റേഷന്‍ സൊസൈറ്റി സ്ഥാപക ചെയര്‍പേഴ്സണ്‍ കെ.ബി. വത്സല കുമാരി, എഡിഎം അനു.എസ്. നായര്‍, ആര്‍ഡിഒമാരായ എം.എ. റഹിം, ടി.കെ. വിനീത്, വാര്‍ഡ് മെമ്പര്‍ രാജന്‍ വെട്ടിക്കല്‍, അയ്യപ്പസേവാ സംഘം ജനറല്‍ സെക്രട്ടറി എന്‍. വേലായുധന്‍ നായര്‍, ദേവസ്വം ബോര്‍ഡ് ചീഫ് എന്‍ജിനീയര്‍ വി. ശങ്കരന്‍ പോറ്റി, ബാങ്ക് ഓഫ് ബറോഡ ഡെപ്യുട്ടി ജനറല്‍ മാനേജര്‍ ആര്‍. ഗായത്രി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എ.എല്‍. ഷീജ, ഡെപ്യുട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എല്‍. അനിതകുമാരി, ദുരന്തനിവാരണം ഡെപ്യുട്ടി കളക്ടര്‍ പി.ടി. ഏബ്രഹാം, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍, വിശുദ്ധി സേനാംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

English summary
good work vishudi senagagal
topbanner

More News from this section

Subscribe by Email