സി വി ഷിബു
കൽപ്പറ്റ: ജീവിതത്തിലെ ഏറ്റവും വലിയ പ്രളയവും ദുരിതവും കണ്ടപ്പോൾ ജീവിതം അവസാനിപ്പിക്കാനാണ് ആദ്യം വിധവയായ ശാന്തകുമാരിക്ക് തോന്നിയത്. പിന്നെ ഒരു നിമിഷം ആലോചിച്ചു. ഇങ്ങനെ അവസാനിപ്പിക്കാനുള്ളതല്ല തന്റെ ജീവിതം. പ്രളയബാധിതരായി ദുരിതമനുഭവിക്കുന്ന വയനാട്ടിലെ ജനങ്ങൾക്ക് സഹായഹസ്തവുമായി എമിലി സ്വദേശിനി 73 വയസുകാരി ശാന്തകുമാരി ഒടുവിൽ കലക്ട്രേറ്റിലെത്തി.
വയനാട്ടിലെ പ്രളയെക്കടുതിയുടെ ഭയാനകമായ ദൃശ്യം നിരന്തരം പത്രങ്ങളിലുടെ വായിച്ചറിഞ്ഞ ശാന്തകുമാരി ഈ ദുരവസ്ഥയിൽ മനംനൊന്ത് ആത്മഹത്യ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ ആത്മഹത്യയെക്കാളുപരി ദുരിതമനുഭവിക്കുന്നവർക്ക് സഹായം ചെയ്യുന്നതാണ് യഥാർത്ഥ പുണ്യമെന്ന് തിരിച്ചറിഞ്ഞതോടെ ഒരു ലക്ഷം രൂപയുടെ സാധന സാമഗ്രികളുമായാണ് കലക്ട്രേറ്റിലെത്തിയത്. എമിലിയിൽ സ്വന്തമായി വീടോ സ്ഥലമോ ഇല്ലാതെ വാടകയ്ക്ക് താമസിക്കുന്ന ശാന്തകുമാരി യഥാർത്ഥത്തിൽ കണ്ണൂർ തളിപ്പറമ്പ് സ്വദേശിനിയാണ്.
നാല് വർഷങ്ങൾക്ക് മുമ്പാണ് ശാന്തകുമാരിയും ഭർത്താവ് നാരായണനും എമിലിയിൽ താമസമാക്കിയത്. എന്നാൽ രണ്ട് വർഷങ്ങൾക്ക് മുൻപ് ഭർത്താവ് നാരായണന്റെ വിയോഗം ശാന്തകുമാരിയെ ജീവിതത്തിൽ ഒറ്റപ്പെടുത്തി. മരിക്കുന്നതിന് മുൻപ് വരെ ഭർത്താവ് നാരായണൻ പരോപകാരിയായിരുന്നു.
ഭർത്താവ് നാരായണന്റെ ഓർമ്മക്കായാണ് ശാന്തകുമാരി ഈ സഹായങ്ങൾ ചെയ്യുന്നത്. തളിപ്പറമ്പിലെ കുടുംബ ഓഹരി ഭാഗം വച്ചപ്പോൾ ലഭിച്ച പണം ബാങ്കിലിട്ടാണ് ശാന്തകുമാരി ജീവിക്കുന്നത്. ഈ പണത്തിൽ നിന്നുള്ള തുകയെടുത്താണ് ഇപ്പോൾ ഈ സഹായം ചെയ്യുന്നത്. ഇതിനു മുൻപും ശാന്തകുമാരി സഹായം ചെയ്തിട്ടുണ്ട്.
പുളിയാർ മല സ്വദേശിക്ക് കാൽ ലക്ഷം രൂപ ചിലവിൽ കിണർ നിർമ്മിച്ചു കൊടുത്തിട്ടുണ്ട് കൂടാതെ എമിലി പ്രദേശത്തെ സാധാരണക്കാർക്കും സഹായങ്ങൾ ചെയ്തു വരുന്നു. രണ്ട് ദിവസം മുൻപ് വാടക വീട്ടിൽ തെന്നി വീണതിനെ തുടർന്ന് ഇടതു കൈ ഒടിഞ്ഞു കഴുത്തിൽ കെട്ടി തൂക്കിയ നിലയിൽ സഹോദരപുത്രൻ ശരത്തിനൊപ്പമാണ് ശാന്തകുമാരി കലക്ട്രേറ്റിലെത്തിയത്.പ്രളയക്കെടുതിയിൽ ദുരവസ്ഥ അനുഭവിക്കുന്ന ജനതയെ ഓർത്ത് ഉള്ള് കരയുകയാണെന്നും ശാന്തകുമാരി പറഞ്ഞു.