Sunday November 18th, 2018 - 4:43:pm
topbanner

കരകവിഞ്ഞ് കുറുമാലിപ്പുഴ ; കണ്ണീരണിഞ്ഞ് ജനങ്ങള്‍

NewsDesk
കരകവിഞ്ഞ് കുറുമാലിപ്പുഴ ; കണ്ണീരണിഞ്ഞ് ജനങ്ങള്‍

തൃശൂര്‍: കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ കനത്ത മഴയില്‍ കുറുമാലിപ്പുഴ കരകവിഞ്ഞതോടെ മേഖലയില്‍ വ്യാപകമായ നാശനഷ്ടം. നൂറുകണക്കിന് വീടുകളാണ് വെള്ളത്തിനടിയിലായത്. ബുധനാഴ്ച ഉച്ചയോടെ പുഴയിലെ വെള്ളം ഉയര്‍ന്ന് തുടങ്ങി. അതോടെ വരന്തരപ്പിള്ളി കുട്ടോലിപ്പാടത്തും മുപ്ലിയം പാലത്തിനു താഴേയും റോഡിലേക്ക് വെള്ളം കയറി ഗതാഗതം സ്തംഭിച്ചു.

ബുധനാഴ്ച രാത്രിയില്‍ ചിമ്മിനിക്കു സമീപം ഉരുള്‍ പൊട്ടിയതോടെ പുഴയിലെ വെള്ളത്തിന്റെ അളവ് ക്രമാതീതമായി വര്‍ധിക്കുകയും വീടുകളും പാടങ്ങളും വെള്ളത്തിലാവുകയും ചെയ്തു. പുഴ ഗതിമാറി ഒഴുകിയതോടെ പാലപ്പിള്ളി, വേലൂപ്പാടം, പൗണ്ട്, വരന്തരപ്പിള്ളി, മനക്കലക്കടവ്, കാരികുളം, വെട്ടിങ്ങപ്പാടം, നന്തിപുലം, മാഞ്ഞൂര്‍, മുപ്ലിയം, പിടിക്കപ്പറമ്പ്, വെള്ളാരംപാടം, ചെങ്ങാലൂര്‍, കുണ്ടുകാവ്, പാഴായി, രാപ്പാള്‍, നന്തിക്കര പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. വരന്തരപ്പിള്ളി പഞ്ചായത്തില്‍മാത്രം 25 ലേറെ ദുരിതാശ്വാസ ക്യാമ്പുകളിലായി ആയിരക്കണക്കിന് ആളുകളാണ് കഴിഞ്ഞിരുന്നത്. പറപ്പൂക്കര പഞ്ചായത്തില്‍ 20 ക്യാമ്പുകളും പ്രവര്‍ത്തിക്കുന്നു.floods kerala thrissur kurumalippuzha

അതിനു പുറമെ ആരാധനാലയങ്ങളിലും ജനങ്ങള്‍ കൂട്ടത്തോടെ അഭയം പ്രാപിക്കുകയായിരുന്നു. വരന്തരപ്പിള്ളി പോലീസ് സ്‌റ്റേഷനിലേക്ക് വെള്ളം കയറിയതോടെ സ്‌റ്റേഷന്റെ പ്രവര്‍ത്തനം പള്ളി പാരീഷ് ഹാളിലേക്ക് മാറ്റിയിരുന്നു. നടാമ്പാടം, എച്ചിപ്പാറ, എലിക്കോട് ആദിവാസി കോളനികളെല്ലാം വെള്ളത്തിനടിയിലായെങ്കിലും ആളുകളെയെല്ലാം സുരക്ഷിത കേന്ദ്രങ്ങളിലെത്തിച്ചിരുന്നു.

മേഖലയിലെ നിരവധി വളര്‍ത്തു മൃഗങ്ങള്‍ കൂട്ടത്തോടെ ചത്തൊടുങ്ങി. കെട്ടിടത്തിനു മുകളില്‍ കുടുങ്ങിയവരെയെല്ലാം നാട്ടുകാരും ദുരന്ത നിവാരണ സേനയും ചേര്‍ന്ന് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് എത്തിച്ചിരുന്നു. പീച്ചി ഡാം തുറന്നതുമൂലം തൃക്കൂര്‍, അളഗപ്പനഗര്‍ , നെന്‍മണിക്കര പഞ്ചായത്തുകളുടെ ഒട്ടുമിക്ക പ്രദേശങ്ങളും വെള്ളത്തിനടിയിലായി. പാലിയേക്കര പാടം കവിഞ്ഞ് ദേശീയപാതയിലേക്ക് വെള്ളം കയറി ടോള്‍ പ്ലാസക്കു സമീപം ഗതാഗതം സ്തംഭിച്ചിരുന്നു. ഞായറാഴ്ച പുലര്‍ച്ചയോടെ റോഡുകളിലെ വെള്ളം തിരിച്ചിറങ്ങി ഗതാഗത യോഗ്യമായി. ക്യാമ്പുകളിലുള്ളവര്‍ വീടുകളിലേക്ക് മാറിത്തുടങ്ങിയിട്ടുണ്ട്.

Read more topics: flood, kerala, thrissur,
English summary
floods kerala thrissur kurumalippuzha
topbanner

More News from this section

Subscribe by Email