Monday April 22nd, 2019 - 1:55:pm
topbanner
topbanner

ഒരു പശുവിനെ സ്പോൺസർ ചെയ്യൂ : ഒരു കുടംബത്തെ സഹായിക്കൂ.. മാതൃകയായി ആദ്യം ഉദ്യോഗസ്ഥർ

NewsDesk
ഒരു പശുവിനെ സ്പോൺസർ ചെയ്യൂ : ഒരു കുടംബത്തെ സഹായിക്കൂ.. മാതൃകയായി ആദ്യം ഉദ്യോഗസ്ഥർ

സി.വി. ഷിബു.

കൽപ്പറ്റ: പ്രളയവും ഉരുൾപൊട്ടലും ദുരിതം വിതച്ച വയനാട്ടിൽ നിന്ന് നന്മയുടെ പാലൊഴുകുന്നു. പലതും നശിച്ച് ജീവിതം തന്നെ മടുത്തവർക്ക് ഒരു കച്ചി തുരുമ്പായി കൂടെയുണ്ട്, ക്ഷീരവികസന വകുപ്പ്. പ്രളയത്തിലും ഉരുൾപൊട്ടലിലും ഏക വരുമാന മാർഗ്ഗമായ പശുക്കളെ നഷ്ടപ്പെട്ട നൂറ് കണക്കിന് കർഷകരെ സഹായിക്കാൻ " ഒരു പശുവിനെ സ്പോൺസർ ചെയ്യൂ, ഒരു കുടുംബത്തെ രക്ഷിക്കൂ " എന്ന പദ്ധതിക്ക് തുടക്കം കുറിച്ച് ആദ്യം കൽപ്പറ്റ ക്ഷീരവികസന വകുപ്പ് ഓഫീസിലെ ജീവനക്കാർ ചേർന്ന് പശുവിനെ വാങ്ങി നൽകി മാതൃകയായി. 

കൽപ്പറ്റ, പൊഴുതന പഞ്ചായത്തിലെ കുറിച്യർമല, ആഗസ്റ്റ് ഒമ്പതിന് ഉണ്ടായ വ്യാപക ഉരുൾപൊട്ടലിൽ പശുക്കളും വീടും തൊഴുത്തും ഒലിച്ചുപോയ  മേല്‍മുറി പാടത്തുംപീടിയേക്കല്‍, മൊയ്തുവിനും ഭാര്യ നബീസക്കുമാണ് ക്ഷീരവികസന വകുപ്പ് ഓഫീസർ വി. .എസ്. ഹർഷയുടെ നേതൃത്വത്തിൽ ജീവനക്കാർ ചേർന്ന് എച്ച്.എഫ്. ഇനത്തിൽ പെട്ട പശുവിനെ വാങ്ങി വീട്ടിലെത്തിച്ചു നൽകിയത്. കഴിഞ്ഞ അമ്പത് വർഷങ്ങളായി പശുക്കളെ മാത്രം വളർത്തി ഉപജീവനം കഴിക്കുന്നവരാണ്. ഏഴ് പശുക്കളെ ഏറെ സ്നേഹത്തോടെ പരിപാലിച്ചു പോന്നു.. ദിവസം അൻപതു ലിറ്ററോളം പാൽ, തരിയോട്ക്ഷീര സംഘത്തിൽ വിൽക്കുന്നുണ്ടായിരുന്നു. . എഴുപത്തിയഞ്ചുകാരനായ മൊയ്തു അവശനായതോടെ നബീസയും, മകൻ അഷറഫും സഹായിച്ചാണ്, പശുക്കളെ വളർത്തിപോന്നിരുന്നത്...

ഉരുൾപൊട്ടുമ്പോൾ പ്രാണരക്ഷാർത്ഥം, ഓടുമ്പോഴേക്കും, വീടും തൊഴുത്തും ഏഴ് പശുക്കളും കണ്ണിൽ നിന്നും മറഞ്ഞു പോയിരുന്നു... പശുക്കള്‍ എല്ലാം തന്നെ ചത്തുപോയി... ഏറെ കാലത്തെ അധ്വാനവും സമ്പാദ്യവും, മണ്ണിടിഞ്ഞു കിടക്കുന്ന മൺകൂന മാത്രമായി മാറിയതിന്റെ നടുക്കം ഇതുവരെയും, ഇവർക്ക് മാറിയിട്ടില്ല... ഒരു വീടും തൊഴുത്തും കുറച്ച് പശുക്കളും ഉണ്ടായിരുന്നതിനു, ഒരു സൂചന പോലും, ഇവിടെ അവശേഷിച്ചിട്ടുമില്ല. പശുക്കളുടെ ജഡങ്ങൾ കിലോമീറ്ററുകൾക്കപ്പുറത്ത് നിന്നുമാണ് ദിവസങ്ങൾക്ക് ശേഷം കിട്ടിയത്. . ഉരുൾപൊട്ടിയത് പകൽസമയത്ത് ആയതിനാൽ ആളപായം ഒഴിവായി എന്ന ആശ്വാസം മാത്രമായിരുന്നു, ഇവർക്ക് .

മൊയ്‌തുക്കയുടെ ദുരിതം കണ്ട മടങ്ങിയപ്പോൾ തന്നെ തീരുമാനിച്ചതാണ്, ആ ക്ഷീരകർഷകനെ മടക്കിയെടുക്കണമെന്നത് എന്ന് വി.എസ്. ഹർഷ പറഞ്ഞു. "വയനാട്ടിൽ നിരവധി പശുക്കൾ ചത്തുപോയി..  പല കർഷകർക്കും പകരം ഒന്നിനെ വാങ്ങാൻ നിവൃത്തിയില്ല... തകർന്ന വീട്, ഗൃഹോപകരണങ്ങൾ, കൃഷി എന്നിവയുടെ കൂടെ, കന്നുകാലികളുടെ നഷ്ടം കൂടി, കർഷകർക്കു താങ്ങാൻ കഴിയില്ല.

ഇതുപോലെയുള്ള കർഷകർക്കു, ആരെങ്കിലുമൊക്കെ പശുക്കളെ വാങ്ങി നൽകിയാലോ... ഒരു നല്ല പശുവിനു 55000-70000 വരെയെങ്കിലും വിലയുണ്ട്.. പശുവിനെ നഷ്ടപ്പെട്ട കർഷകർക്കു, വാങ്ങി നൽകുന്നത് ഒരു സഹായമാണ്.. ഒന്നു തുടങ്ങി വച്ചാൽ, ഇനിയും ആരെങ്കിലും, മറ്റു കർഷകരെയും സഹായിക്കും എന്ന വിശ്വാസമുണ്ട്. അതിന് മാതൃകയും പ്രേരണയും ആകട്ടെയെന്ന് കരുതിയാണ് നന്മയുടെ നാൾവഴി മൊയ്തുക്കയിൽ നിന്ന് തുടങ്ങിയത് " - ഹർഷ പറഞ്ഞു.
നല്ല ഒരു പശുവിനെ കൽപ്പറ്റയിൽ നിന്നു തന്നെ കിട്ടി.. കർഷകരായ തോമസും , ജോസും പശുവിനെ കണ്ടെത്തുവാനും, വാങ്ങുവാനും, എത്തിച്ചു നല്കുവാനുമൊക്കെ ഇ വരെ സഹായിച്ചു.. വിറ്റയാളും, ആവശ്യമറിഞ്ഞു സഹായിച്ചുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. .

പ്രസവിച്ചു ഒമ്പത് ദിവസങ്ങൾ ആയ, 16 ലിറ്ററോളം പാൽ ദിവസവും ലഭിക്കുന്ന, ഒരു സുന്ദരി പശുവിനെ, ദുരന്തംനടന്നു ഒരു മാസത്തിനുള്ളിൽ തന്നെ മൊയ്തുവിന്റെ വീട്ടിലെത്തിച്ചതിന്റെ സന്തോഷത്തിലാണ് ക്ഷീര മേഖലയിൽ ഉള്ളത്. തരിയോട്ക്ഷീര സംഘം പ്രതിനിധികൾ, കാലിത്തീറ്റ, വൈക്കോൽ, പച്ചപ്പുല് എന്നിവയും നൽകി.

മൊയ്തുവിനെപ്പോലെയള്ള കർഷകർക്ക് ഇനിയും പശുക്കളെ വേണം... പശുവിനായുള്ള അന്വേഷണത്തെ തുടർന്ന് സ്പോണ്സർ ചെയ്യുവാൻ മൂന്ന്പേർ മുന്നോട്ടു വന്നിട്ടുണ്ട്. . , ഇനിയും ആരെങ്കിലും മുന്നോട്ടു വരുമെന്ന് പ്രതീക്ഷയാണ് ക്ഷീരമേഖലയിലുള്ളവർക്ക് .അങ്ങനെ നാട്ടിൽ നന്മയുടെ പാലൊഴുകുമെന്ന് എല്ലാവരും പ്രതീക്ഷിക്കുന്നു.

Read more topics: flood, wayanad, Sponsor, cow,
English summary
flood wayanad Sponsor a cow: Help a family
topbanner

More News from this section

Subscribe by Email