Friday April 19th, 2019 - 2:14:pm
topbanner
topbanner

പ്രളയം : ജനകീയ പങ്കാളിത്തത്തോടെ സുതാര്യമായ ധനസമാഹരണം നടത്തും: മന്ത്രി മാത്യു ടി. തോമസ്

bincy
പ്രളയം : ജനകീയ പങ്കാളിത്തത്തോടെ സുതാര്യമായ ധനസമാഹരണം നടത്തും: മന്ത്രി മാത്യു ടി. തോമസ്

പത്തനംതിട്ട : പ്രകൃതി ക്ഷോഭത്തില്‍ കനത്ത നാശം നേരിട്ട കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് ശേഖരിക്കുന്നതിന് ഈമാസം 17നും 18നും ജില്ലയിലെ എല്ലാ വാര്‍ഡുകളിലും ജനകീയ പങ്കാളിത്തത്തോടെ സുതാര്യമായ ധനസമാഹരണം നടത്തുന്നതിന് ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി. തോമസിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ഇതിനു മുന്നോടിയായി ജില്ലയിലെ എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളുടെയും വാര്‍ഡുകളില്‍ 16ന് പ്രത്യേക ഗ്രാമസഭകള്‍ ചേരും. ഇതില്‍ പൊതുജനങ്ങള്‍ക്കു പുറമേ, ജനപ്രതിനിധികള്‍, യുവജനസംഘടനകള്‍, മതസംഘടനകള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങി സമൂഹത്തിലെ എല്ലാവരുടേയും പങ്കാളിത്തം ഉറപ്പാക്കും.

എല്ലാ ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും ഗ്രാമപഞ്ചായത്ത് യോഗവും നഗരസഭ യോഗവും ഉടന്‍ ചേരും. ബന്ധപ്പെട്ട വാര്‍ഡ് മെമ്പര്‍, ജനപ്രതിനിധികള്‍, പൊതുപ്രവര്‍ത്തകര്‍, സ്ഥലത്തെ സൊസൈറ്റികളിലെ അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍, ക്ലബുകളുടെ അംഗങ്ങള്‍, കോളജ് വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ അടങ്ങിയ പ്രത്യേക സ്‌ക്വാഡുകള്‍ വീടുകള്‍ തോറും സന്ദര്‍ശിച്ച് ദുരിതാശ്വാസ നിധിയിലേക്ക് ധനസമാഹരണം നടത്തും. കഴിയുന്നത്ര ചെക്കോ, ഡ്രാഫ്‌ടോ ആയാവും സംഭാവന സ്വീകരിക്കുക. ഇതിനു പുറമേ പണമായും ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കാം.

ജില്ലാ കളക്ടര്‍ നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥന്‍ പണം എണ്ണി തിട്ടപ്പെടുത്തി പ്രത്യേക രജിസ്റ്ററില്‍ പണം നല്‍കിയ വ്യക്തിയുടെ ഒപ്പ് രേഖപ്പെടുത്തും. രജിസ്റ്ററിന്റെ ഓരോ പേജിലും വാര്‍ഡ് മെമ്പറും കളക്ടര്‍ നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥനും ഒപ്പുവയ്ക്കും. സ്വര്‍ണാഭരണങ്ങള്‍, ഭൂമിയുടെ കൈമാറ്റ രേഖ, മറ്റ് ആസ്തികള്‍, ഉപകരണങ്ങള്‍ തുടങ്ങിയവ സംഭാവനകളായി ലഭിക്കുന്നതും രജിസ്റ്ററില്‍ രേഖപ്പെടുത്തും. ജനപങ്കാളിത്തോടു കൂടിയുള്ള ധനസമാഹരണത്തെ വലിയ വിജയമാക്കി തീര്‍ക്കാന്‍ ജില്ലയിലെ ജനങ്ങളോട് സംസ്ഥാന സര്‍ക്കാരിനു വേണ്ടി ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസ് അഭ്യര്‍ഥിച്ചു.

ഏറ്റവും കുറഞ്ഞത് 20,000 കോടി രൂപയോളം നവകേരള നിര്‍മിതിക്കായി ആവശ്യമുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. നാശനഷ്ടങ്ങള്‍ക്ക് വിധേയമാകാത്ത ജില്ലയിലെ വലിയ വിഭാഗം ആളുകളില്‍ നിന്ന് സംഭാവന സ്വീകരിക്കാനുള്ള ശ്രമമാണ് നടത്തുക. പ്രളയം മൂലം കഷ്ടപ്പെടുന്നവരെ സഹായിക്കാനാണ് ധനസമാഹരണം നടത്തുന്നത്. നാടിനു വേണ്ടിയാണ് സംഭാവന പിരിക്കുന്നത്. മഹാപ്രളയത്തില്‍ ബുദ്ധിമുട്ട് അനുഭവിച്ച ജനങ്ങള്‍ക്കു വേണ്ടി പണം ചോദിക്കുന്നതില്‍ ഒരു അപമാനവും ഇല്ല.

ഇതു ബഹുമാനമായി കണ്ടു തന്നെ ധനസമാഹരണത്തിനായി ഇറങ്ങാനാണ് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചേര്‍ന്നു തീരുമാനിച്ചിരിക്കുന്നത്. സ്‌കൂളുകളിലെ ധനസമാഹരണം സഹജീവികളോട് ഐക്യദാര്‍ഢ്യവും അനുതാപവും വളര്‍ത്തുന്നതിനുള്ള അനുഭവം കുട്ടികളില്‍ സൃഷ്ടിക്കുന്നതിനുള്ള അവസരമെന്ന നിലയില്‍ സംഘടിപ്പിക്കാന്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ നടപടിയെടുക്കണമെന്നും മന്ത്രി പറഞ്ഞു. റാന്നിയിലും ആറന്മുളയിലും വെള്ളം കയറി നാശനഷ്ടത്തിന് ഇരയായവരെയും വെള്ളം കയറിയ കടകളുടെ ഉടമകളെയും സംഭാവന നല്‍കുന്നതില്‍ നിന്നും ഒഴിവാക്കണമെന്ന് രാജു ഏബ്രഹാം എംഎല്‍എയും വീണാ ജോര്‍ജ് എംഎല്‍എയും പറഞ്ഞു.

ജില്ലയിലെ പ്രവാസി സമൂഹത്തെയും പ്രവാസ ജീവിതത്തിനു ശേഷം നാട്ടിലേക്കു മടങ്ങിയെത്തിയവരെയും സഹായത്തിനായി സമീപിക്കണമെന്ന് രാജു ഏബ്രഹാം എംഎല്‍എ പറഞ്ഞു. ജില്ലയിലെ ബാങ്കുകളില്‍ അവകാശികളില്ലാതെയുള്ള നിക്ഷേപം പ്രയോജനപ്പെടുത്തുന്നത് പരിഗണിക്കണമെന്ന് വീണാ ജോര്‍ജ് എംഎല്‍എ പറഞ്ഞു. ധനസമാഹരണത്തിന്റെ ഉദ്ദേശ്യലക്ഷ്യം ഉദ്യോഗസ്ഥര്‍ വീടുകളിലെത്തി ജനങ്ങളെ ബോധ്യപ്പെടുത്തണമെന്ന് സര്‍ക്കാര്‍ നിയോഗിച്ചിട്ടുള്ള നോഡല്‍ ഓഫീസര്‍ ബിജു പ്രഭാകര്‍ പറഞ്ഞു. ജില്ലയില്‍ നിന്ന് 150 കോടി രൂപയെങ്കിലും സമാഹരിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

എല്ലാവരും ഒറ്റക്കെട്ടായി ഒരേമനസോടെ നാടിനു വേണ്ടി മുന്നിട്ടിറങ്ങണമെന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് പറഞ്ഞു. കൃഷി, പഞ്ചായത്ത്, റവന്യു, വിദ്യാഭ്യാസം, വനം, സര്‍വേ, പൊതുമരാമത്ത് നിരത്ത്, ആരോഗ്യം, വ്യവസായം, സഹകരണം തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥരെയാകും ധനസമാഹരണത്തിനായി നിയോഗിക്കുക. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുള്‍പ്പെടെ എല്ലാവരും ഒരു മാസത്തെ ശമ്പളം കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായി സംഭാവന ചെയ്യണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. വിവിധ വകുപ്പുകള്‍ ഇതുവരെ സമാഹരിച്ച സംഭാവനകള്‍ 13ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസ് ഏറ്റുവാങ്ങും. ധനസമാഹരണത്തിനായി വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ടവരുടെ യോഗങ്ങള്‍ വിളിച്ചു ചേര്‍ക്കുന്നതിനും തീരുമാനമായി.

ജീവനക്കാരുടേയും പെന്‍ഷന്‍കാരുടേയും ഒരുമാസത്തെ ശമ്പളം സംഭാവനയായി നല്‍കുക എന്ന ആശയത്തിന് വലിയ പിന്തുണയാണ് ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും ലഭിക്കുന്നത്. ഇതിനു പുറമേ പ്രൊഫഷണലുകള്‍, വ്യാപാരികള്‍, ബിസിനസുകാര്‍ തുടങ്ങിയവരില്‍ നിന്നും നാടിനെ പുനര്‍നിര്‍മിക്കുന്നതിനായി വലിയ സഹായം ഉണ്ടാകണമെന്നും യോഗം അഭ്യര്‍ഥിച്ചു. ധനസമാഹരണത്തിനായി ഉദ്യോഗസ്ഥരെ നിയോഗിക്കുന്നതിനും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും എഡിഎം പി.ടി. ഏബ്രഹാമിനെ യോഗം ചുമതലപ്പെടുത്തി.

Read more topics: flood, transparent, funding, Minister
English summary
flood With people's participation, a transparent funding will be made; Minister Mathew T. Thomas
topbanner

More News from this section

Subscribe by Email