Saturday March 23rd, 2019 - 12:29:am
topbanner
topbanner

വെള്ളപ്പൊക്ക ദുരിതാശ്വാസം: ആലപ്പുഴയിൽ ദുരിതക്കാഴ്ചകൾ കണ്ട് കേന്ദ്രസംഘം

bincy
വെള്ളപ്പൊക്ക ദുരിതാശ്വാസം: ആലപ്പുഴയിൽ ദുരിതക്കാഴ്ചകൾ കണ്ട് കേന്ദ്രസംഘം

ആലപ്പുഴ: ജില്ലയിൽ കുട്ടനാട്, അമ്പലപ്പുഴ, ചെങ്ങന്നൂർ താലൂക്കുകളിലെ പ്രളയക്കെടുതിയിലമർന്ന പ്രദേശങ്ങൾ സന്ദർശിച്ച് നാശനഷ്ടങ്ങൾ വിലയിരുത്തി കേന്ദ്ര സംഘം. ഇന്നലെ രാവിലെ അരൂരിൽ ജില്ല കളക്ടർ എസ്.സുഹാസിന്റെ നേതൃത്വത്തിൽ കേന്ദ്രസംഘത്തെ സ്വീകരിച്ചു. തുടർന്ന് ഗസ്റ്റ് ഹൗസിലെത്തിയ സംഘത്തോട് ജില്ലയുടെ പൊതു സ്വഭാവവും ഇത്തവണത്തെ വെള്ളപ്പൊക്കത്തിന്റെ തീവ്രതയും സംബന്ധിച്ച് അദ്ദേഹം വിശദീകരിച്ചു. 

കേന്ദ്ര ആഭ്യന്തര വകുപ്പ് ജോയിന്റ് സെകട്ടറി എ.വി.ധർമ്മ റഡ്ഡി നയിച്ച നാലംഗ സംഘമാണ് കുട്ടനാട് സന്ദർശിച്ചത്. കേന്ദ്ര ഊർജമന്ത്രാലയം ഇലക്ട്രിസിറ്റി അതോറിട്ടി ഡെപ്യൂട്ടി ഡയറക്ടർ നഴ്സിറാം മീണ, സെൻട്രൽ വാട്ടർ കമ്മീഷൻ ഡയറക്ടർ ആർ.തങ്കമണി, റൂറൽ ഡവലപ്മെന്റ് മന്ത്രാലയം അസിസ്റ്റൻറ് ഡയറകട്ർ ചാഹത്ത് സിങ് എന്നിവരായിരുന്നു സംഘാംഗങ്ങൾ. .കുട്ടനാട് എം.എൽ.എ തോമസ് ചാണ്ടി, ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജി.വേണുഗോപാൽ, ജില്ല കളക്ടർ എസ്.സുഹാസ്, മറ്റ് വിവിധ വകുപ്പ് മേധാവികൾ എന്നിവർ സംഘത്തെ അനുഗമിച്ചു.

ഭാവിയിൽ വെള്ളപ്പൊക്ക ഭീഷണി കണക്കിലെടുത്ത് ബയോടോയ്ലറ്റ് ഉൾപ്പടെയുള്ള സംവിധാനങ്ങൾ നേരത്ത സജ്ജമാക്കുന്നത് പരിഗണിക്കണമെന്ന് കേന്ദ്ര സംഘം ഗസ്റ്റ് ഹൗസിൽ അഭിപ്രായപ്പെട്ടു. ഫിനിഷിങ് പോയിൻറ് ജട്ടിയിൽ നിന്ന് ബോട്ടിലായിരുന്നു സന്ദർശനം ആരംഭിച്ചത്. കുപ്പപ്പുറം ക്യാമ്പിലെത്തി വെള്ളം കയറിയ ഭാഗങ്ങൾ കണ്ടു . അൽപ്പ സമയം അന്തേവാസികളോടൊപ്പം ചെലവഴിച്ച കേന്ദ്ര സംഘം ബയോ ടോയ്ലറ്റുകൾ പരിശോധിച്ചു.പൊഴികളെക്കുറിച്ചും കുട്ടനാട്ടിലെ കൃഷിരീതിയുടെ പ്രത്യേകതയും ചോദിച്ചറിഞ്ഞു. കുപ്പപ്പുറത്ത് നിന്ന് ഉമ്പിക്കാരം ജട്ടിയിലേക്കാണ് പിന്നീട് പോയത്. ഉമ്പിക്കാരം ജെട്ടിയിൽ നിന്ന് പ്രത്യേകം തയ്യാറാക്കിയ തോണിയിൽ മട വീണ ഭാഗം കാണാനായി സംഘത്തിലുള്ളവർ ഇറങ്ങിയെങ്കിലും കനത്ത മഴയും കാറ്റും പ്രതികൂല കാലാവസ്ഥയെയും തുടർന്ന് തോണിയാത്ര ഒഴിവാക്കി. എന്നാൽ മഴ ശമിച്ചതോടെ അടിയന്തിരമായി തയ്യാറാക്കിയ സ്പീഡ് ബോട്ടിൽ കേന്ദ്ര സംഘം കനകശ്ശേരിയിൽ മട വീണ ഭാഗങ്ങൾ കാണാനായി നീങ്ങി.

പതിനഞ്ച് മിനിട്ടോളം സ്പീഡ് ബോട്ടിൽ യാത്ര ചെയ്ത സംഘം മഴക്കെടുതിയുടെ അതിരൂക്ഷമായ ഭാവം കണ്ടാണ് മടങ്ങിയത്. ബോട്ടിൽ യാത്ര ചെയ്യുമ്പോൾ തന്നെ കൈനകരി കുടുംബക്ഷേമ ഉപകേന്ദ്രം വെള്ളത്തിൽ ചുറ്റപ്പെട്ടത് എം.എൽ.എയും ജില്ല കളക്ടറും ചൂണ്ടിക്കാട്ടി. കുട്ടമംഗലം മൃഗാശുപത്രിക്ക് സമീപം ബോട്ട് ജെട്ടിയിൽ കന്നുകാലികൾക്ക് അഭയം ഒരുക്കിയത് സംഘം നേരിട്ടുകണ്ടു. വെള്ളത്താൽ ചുറ്റപ്പെട്ട കൈനകരി വില്ലേജ് ഓഫീസിലൂടെ ആളുകൾ നീന്തി നീങ്ങുന്നതും കാണിച്ചു. കൈനകരിയിലെ ദുരിത പ്രദേശങ്ങൾ കാണുന്നതിനിടയിൽ ഇത്തരം ദുരന്തങ്ങൾ കുട്ടനാട്ടിൽ വർഷം തോറും ആവർത്തിക്കുന്നതായും ശാശ്വത പരിഹാരമാണ് കുട്ടനാടിന് വേണ്ടതെന്നും ശ്രദ്ധയിൽപ്പെടുത്തി.

മടകെട്ടി വെള്ളം വറ്റിക്കുന്നതും സംഘത്തിന് നേരിട്ട് കാണാനായി. ഉച്ചയ്ക്ക് ഒന്നിന് നെടുമുടി ജെട്ടിയിൽ ഇറങ്ങിയ സംഘം റോഡ് മാർഗമായിരുന്നു പിന്നീടുള്ള യാത്ര. എ.സി.റോഡ് വഴി നീങ്ങിയ സംഘം വെള്ളത്തിൽ മുങ്ങി നാശത്തിലായ റോഡ് കണ്ടു. തുടർന്ന് അമ്പലപ്പുഴയിലെ കടൽക്ഷോഭം നേരിട്ട ഭാഗത്തേക്ക് യാത്ര തിരിച്ചു. പരമാവധി കേന്ദ്ര സഹായം ലഭിക്കാൻ സഹായകരമായ വിധം ഏറ്റവും നാശനഷ്ടമുണ്ടായ ഭാഗങ്ങൾ സംഘത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയതായി കളക്ടർ പറഞ്ഞു. വെള്ളം കയറിയ കുട്ടനാട്ടിലെ അമ്പതോളം പാടശേഖരങ്ങൾ കണ്ടു. വെള്ളത്തിൽ മുങ്ങിയ അഞ്ഞൂറോളം വീടുകളും കാണിച്ചതായി സംഘത്തോടൊപ്പം മുഴുവൻ സമയവുമുണ്ടായിരുന്ന കളക്ടർ പറഞ്ഞു.

സംഘത്തിന്റെ ചോദ്യങ്ങൾക്ക് തൃപ്തികരമായ മറുപടി നൽകാൻ കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. എ.സി.റോഡിൽ വെള്ളം പമ്പ് ചെയ്ത് നീക്കുന്നത് തുടരുന്നതായും രണ്ട് ദിവസത്തിനുള്ളിൽ ഗതാഗതം പുന:സ്ഥാപിക്കാനാവുമെന്നും ജില്ല കളക്ടർ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. തുടർന്ന് സംഘം വളഞ്ഞ വഴി, നീർക്കുന്നം എന്നിവിടങ്ങളിലെ കടൽക്ഷോഭത്തിൽ തകർന്ന വീടുകളും തീരവും കണ്ടു.

ഇവിടെ നിന്ന് അപ്പർകുട്ടനാട്ടിലെ മഴക്കെടുതികൾ കാണാനായി യാത്രതിരിച്ചു. ചെങ്ങന്നൂർ താലൂക്കിലെ മാന്നാർ പഞ്ചായത്തിലുള്ള വിഷവർശ്ശേരിക്കര ഉൾപ്പടെയുള്ള ഉൾപ്രദേശങ്ങളിലൂടെ സഞ്ചരിച്ച സംഘം പൂർണമായും വെള്ളത്തിലായ വലിയ പാടശേഖരങ്ങളും തകർന്ന റോഡുകളും കണ്ട് വൈകിട്ട് അഞ്ച് മണിയോടെ സന്ദർശനം പൂർത്തിയാക്കി യാത്രയായി. മാന്നാർ പഞ്ചായത്തിലെ ജനപ്രതിനിധികളുമായി അൽപ്പനേരം ചെലവഴിക്കുകയും ചെയ്തു. 

English summary
flood relief; cenral team in alappuzha
topbanner

More News from this section

Subscribe by Email